- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ പൊലീസ് സേനകളിൽ വെച്ച് ഒന്നാം സ്ഥാനത്തുള്ളത് കേരള പൊലീസ്; വിരലിൽ എണ്ണാവുന്ന ചിലർ നടത്തുന്ന പ്രവർത്തികൾ സേനക്ക് കളങ്കം വരുത്തുന്നു; സ്റ്റേഷനുകളിൽ മൂന്നാംമുറ ഉണ്ടാകരുത് എന്ന് ഉറപ്പാക്കണം; സിസിടിവികൾ എല്ലാ സ്റ്റേഷനിലും സ്ഥാപിക്കും; തെറ്റ് ചെയ്യുന്നവരോട് ദാക്ഷിണ്യമില്ല; പൊലീസ് വീഴ്‌ച്ചകളിൽ വിമർശനം ഉയരുമ്പോൾ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
കൊല്ലം: പൊലീസിലെ നിരന്തര വീഴ്‌ച്ചകളുടെ പേരിൽ വിമർശനങ്ങൾ ശക്തമാകുമ്പോൾ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് കേരള പൊലീസ് ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ അടിസ്ഥാന സൗകര്യത്തിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. പൊലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ നടത്തുന്ന പ്രവർത്തികൾ സേനക്ക് കളങ്കം വരുത്തുന്നു. ഇവരുടെ പ്രവർത്തി മൂലം സേനക്ക് തല കുനിയ്‌ക്കേണ്ടി വരുന്നു. പൊലീസ് സേനക്ക് കളങ്കമുണ്ടാക്കുന്നവരോട് ഒരു ദാക്ഷിണ്യവും കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലം റൂറൽ എസ് പി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെക്കാൾ പ്രാധാന്യത്തോടെ തന്റെ മുന്നിലെത്തുന്ന ആളുകളെ പൊലീസുകാർ കാണുകയും ഇടപെടുകയും വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ മൂന്നാംമുറ ഉൾപ്പടെയുള്ള പ്രവണതകൾ ഉണ്ടാകുന്നില്ല എന്നു ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചു വരികയാണ്.
ഉന്നത ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാൻ കഴിയുന്ന രീതിയിലായിരിക്കും ക്യാമറകൾ സ്ഥാപിക്കുക. 18 മാസം (ഒന്നര വർഷം) വരെ ഈ ദൃശ്യങ്ങൾ സൂക്ഷിക്കും. പൊലീസ് കൺട്രോൾ റൂമിലും ഈ ദൃശ്യങ്ങൾ കാണാനാകുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അതിനിടെ സംസ്ഥാനത്ത് പൊലീസ് വീഴ്‌ച്ചകളിൽ പരാതി പരമ്പരകൾ ഉണ്ടായതോടെ നടപടികളുമായി സർക്കാർ രംഗത്തുവന്നിരുന്നു. 53 എസ്.എച്ച്.ഒ.മാർക്കാണ് സ്ഥാനചലനം ഉണ്ടായിരുന്നു. വിജിലൻസിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലെയും അടക്കം ആകെ 53 എസ്.എച്ച്.ഒ/പൊലീസ് ഇൻസ്‌പെക്ടർമാരെയാണ് സ്ഥലംമാറ്റിയിരുന്നു.
ഷാരോൺ കേസിൽ പ്രാഥമികാന്വേഷണം നടത്തിയ പാറശ്ശാല സിഐ. എ.ഹേമന്ദ്കുമാറിനെ വിജിലൻസിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. ഷാരോണിന്റെ മരണത്തിൽ പാറശ്ശാല പൊലീസ് ശരിയായരീതിയിൽ അന്വേഷണം നടത്തിയില്ലെന്ന് ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. ഗ്രീഷ്മയുടെ ചാറ്റുകളിൽ അന്വേഷണം നടത്തിയില്ലെന്നും ആദ്യഘട്ടത്തിൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമിച്ചില്ലെന്നുമായിരുന്നു പ്രധാന ആരോപണം. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെയാണ് ഗ്രീഷ്മയെ ചോദ്യംചെയ്തത്. ആദ്യദിവസത്തെ ചോദ്യംചെയ്യലിൽതന്നെ പ്രതി കുറ്റംസമ്മതിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, പാറശ്ശാല പൊലീസിനെ ന്യായീകരിച്ചുള്ള ഹേമന്ദ്കുമാറിന്റെ ശബ്ദസന്ദേശവും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വാദിക്കുന്ന ഈ സന്ദേശവും വിവാദമായി. ഇതടക്കം ഗുരുതര വീഴ്‌ച്ചയായി വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ എസ്.എച്ച്.ഒ. പി.എസ്. ധർമജിത്തും വ്യാഴാഴ്ച സ്ഥലംമാറ്റം ലഭിച്ചവരുടെ പട്ടികയിലുണ്ട്. അഞ്ചാലുംമൂട് സ്റ്റേഷനിലേക്കാണ് ധർമജിത്തിനെ സ്ഥലംമാറ്റിയത്. മ്യൂസിയം വളപ്പിൽ വനിതാ ഡോക്ടർക്ക് നേരേ അതിക്രമമുണ്ടായ സംഭവത്തിൽ പ്രതിയെ പിടികൂടാൻ വൈകിയതിലും പൊലീസിനെതിരേ വിമർശനമുയർന്നിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവത്തിൽ പൊലീസിന് പ്രതിയെ പിടികൂടാനായത്.
ഷാരോൺ കൊലപാതക കേസ് വിവാദമായപ്പോൾ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു പാറശ്ശാല എസ്.എച്ച്.ഒ വ്യക്തമാക്കിയത്. ഷാരോണിന് വയ്യാതായി ഏഴ് ദിവസം വരെ ബന്ധുക്കൾ പാറശാല സ്റ്റേഷനിൽ വരികയോ പരാതി തരുകയോ ചെയ്തിട്ടില്ലെന്ന് കേസിൽ തുടക്കം മുതലുള്ള അന്വേഷണത്തിന് മേൽനോട്ടം വഹിച്ച പാറശ്ശാല സിഐ വാദിച്ചത്.
അതിനിടെ കിളികൊല്ലൂരിൽ പൊലീസ് മർദ്ദനത്തിൽ നീതി തേടി മർദ്ദനമേറ്റ സൈനികനും സഹോദരനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തങ്ങൾക്കെതിരെ ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കുക, പൊലീസ് മർദനത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക എന്നിവയാണ് യുവാക്കളുടെ ആവശ്യം. അതേസമയം കോടതിയിൽ ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്ന നിലപാട് ഏറെ നിർണ്ണായകമാകും.
കഴിഞ്ഞ ഓഗസ്റ്റ് 25നാണ് പേരൂർ സ്വദേശിയായ സൈനികൻ വിഷ്ണുണു സഹോദരൻ വിഘ്നേഷ് എന്നിവർക്ക് കിളികൊല്ലൂർ പൊലീസിന്റെ ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നത്. ഇതേ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അടക്കം ക്രൂരമായി മർദ്ദിച്ചെന്ന കേസിൽ ഇരുവർക്കും എതിരെ പൊലീസ് എഫ്.ഐ ആർ ഇട്ടിരുന്നു.
കേസുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കുക, പൊലീസ് മർദ്ദനത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുവാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. യുവക്കൾക്ക് നേരെ ഉണ്ടായ ക്രൂരതയിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ എസ്എച്ച്ഒയടക്കം 4 പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും മറ്റ് രണ്ട് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇതിലൂടെ പ്രതിഷേധത്തിന് തടയിടുകയും പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുമാണ് ശ്രമം നടക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ