- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്ക് കേരള പൊലീസിന്റെ 'പഴുതടച്ച സുരക്ഷ' അങ്ങ് ബംഗാളിലും; പിണറായിയുടെ ബംഗാൾ സന്ദർശനത്തിൽ സുരക്ഷ ഉറപ്പു വരുത്താൻ എ.ഡി.ജി.പി കാലേകൂട്ടിയെത്തി; യാത്ര ചെലവടക്കം വഹിക്കുക സർക്കാർ; പൈലറ്റായി എ.ഡി.ജി.പിയെ വിടുന്നത് ചരിത്രത്തിലാദ്യം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പശ്ചിമ ബംഗാൾ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷ ഉറപ്പുവരുത്താൻ എ.ഡി.ജി.പിയെ ബുധനാഴ്ച ബംഗാളിലേക്ക് അയച്ചത് വിവാദത്തിൽ. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പിണറായി വിജയൻ പശ്ചിമ ബംഗാൾ സന്ദർശിക്കുന്നത്. മുഖ്യമന്ത്രി എത്തുന്നതിന് മുൻപ് പൈലറ്റായി എ.ഡി.ജി.പിയെ വിടുന്ന മുൻകാലങ്ങളിൽ ഇല്ലാത്ത കീഴ്‌വഴക്കമാണ് ഇടത് സർക്കാർ മറികടന്നത്.
ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി എച്ച്. വെങ്കിടേഷിനെയാണ് മുഖ്യമന്ത്രിയുടെ പഴുതടച്ച സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. വെങ്കിടേഷിനെ സ്‌പെഷൽ ഓഫിസറായി നിയോഗിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് പുറത്തിറക്കിയിരുന്നു. സാധാരണ നിലയിലാണ് സുരക്ഷാ പരിശോധനയെന്നാണ് വിശദീകരണം.
എന്നാൽ, നിലവിൽ സംസ്ഥാനത്തിനകത്തെ പ്രതിഷേധങ്ങളുടേയും ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ സുരക്ഷയെന്നാണ് വിവരം. എ.ഡി.ജി.പിയുടെ വിമാന യാത്രക്കായുള്ള ചിലവുകളും സർക്കാർ വഹിക്കുമെന്ന് ഇതുസംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
കേരളത്തിൽ പ്രതിഷേധ സമരങ്ങൾ ശക്തമായതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ വർധിപ്പിച്ചിരുന്നു. മുഖ്യമന്ത്രി കഴിവതും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന അഭ്യർത്ഥനയും ഇന്റലിജൻസ് വിഭാഗം മുന്നോട്ടുവച്ചിരുന്നു. ബോംബ് സ്‌ക്വാഡ് അടക്കമുള്ള സുരക്ഷ വർധിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പൊലീസിന്റെ ബ്ലൂ ബുക്ക് പ്രകാരമെന്നാണ് വിശദീകരണം. തീവ്രവാദികളിൽനിന്നുള്ള ഭീഷണിയൊന്നും നേരിടേണ്ട സാഹചര്യം കേരളത്തിലെ മുഖ്യമന്ത്രിമാർക്ക് വന്നിട്ടില്ല. പ്രതിപക്ഷകക്ഷികളുടെ കരിങ്കൊടിപ്രതിഷേധം അടക്കമുള്ള സാധാരണ സമരമുറകളാണ് കേരളത്തിൽ അരങ്ങേറാറുള്ളത്.
തിരുവനന്തപുരം സിറ്റിയിൽ പൊലീസ് അകമ്പടി ആവശ്യമില്ലെന്നുപറഞ്ഞാണ് ഒന്നാം പിണറായി സർക്കാർ കൈയടി നേടിയത്. എന്നാൽ സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ പ്രതിഷേധമുയർന്നതോടെ ഇതെല്ലാം മാറിമറിഞ്ഞു. മുന്നിലും പിന്നിലും പൊലീസ് വാഹനങ്ങളുടെ എണ്ണംകൂടി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒന്നുവീതം പൈലറ്റ്, എസ്‌കോർട്ട് വാഹനങ്ങളാണുണ്ടായിരുന്നത്. സെക്രട്ടേറിയറ്റിൽപോലും കർശന നിയന്ത്രണങ്ങളില്ലായിരുന്നു.
എന്നാൽ പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ നാട് ഇതുവരെ കണ്ടിട്ടില്ലാത്ത ക്രമീകരണങ്ങളും നിയന്ത്രണങ്ങളുമാണ് സുരക്ഷയുടെ പേരിൽ ഒരുക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽനിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള പാതകൾ മിക്കവാറും ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി ഈ രീതിയിൽ അടച്ചിടുന്നുണ്ട്. ഇത് സമ്മാനിക്കുന്ന ദുരിതം ചില്ലറയല്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകളിൽ നാൽപതംഗസംഘമാണ് അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ച് പേർ, രണ്ടു കമാൻഡോ വാഹനത്തിൽ 10 പേർ, ദ്രുതപരിശോധനാസംഘത്തിൽ എട്ടുപേർ എന്നിങ്ങനെ പഴുതടച്ച സുരക്ഷയാണ് കേരളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ ഒരു പൈലറ്റും എസ്‌കോർട്ടും ജില്ലകളിൽ അധികമായെത്തുന്നുണ്ട്.
മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ നിരത്തൊഴിപ്പിച്ച് സുരക്ഷയൊരുക്കുന്നത് പൊതുജനങ്ങൾക്ക് ശല്യമായി മാറിയെന്ന ആക്ഷേപം ഉയർന്നിട്ടും വിട്ടുവീഴ്ചയില്ലാതെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. തലസ്ഥാനവാസികൾക്ക് പരിചിതമായ ഈ ക്രമീകരണം മറ്റുജില്ലകളിലേക്കും വ്യാപിച്ചതോടെ വിമർശനം ശക്തമായിരുന്നു.
ഇസഡ് പ്ലസ് സുരക്ഷയാണ് പൊലീസ് മുഖ്യമന്ത്രിക്ക് നൽകുന്നത്. ഇതിന്റെ ഭാഗമായ വാഹനവ്യൂഹം പലമടങ്ങ് ഇരട്ടിക്കുന്നതാണ് ജനത്തെ വലയ്ക്കുന്നത്. സുരക്ഷയുടെ പേരിലുള്ള പൊലീസിന്റെ കാർക്കശ്യംകൂടിയാകുമ്പോൾ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുവരുന്ന വഴി അടിയന്തരാവസ്ഥക്കാലത്തെ നിയന്ത്രണങ്ങൾക്ക് തുല്യമായി മാറിയിരുന്നു.
മുന്നിൽ രണ്ട് പൈലറ്റും പിന്നിൽ രണ്ട് എസ്‌കോർട്ട് വാഹനങ്ങളും വാനും മറ്റൊരു കാറുമാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടാകേണ്ടത്. മിക്കപ്പോഴും ഇതിന്റെ ഇരട്ടി പൊലീസ് വാഹനങ്ങൾ ഒപ്പമുണ്ടാകും.
മുഖ്യമന്ത്രിവരുന്ന വേദിയുടെ സുരക്ഷാചുമതല എസ്‌പി റാങ്കിലെ ഉദ്യോഗസ്ഥനാണ്. അസി. കമ്മിഷണർമാരും സിഐ.മാരും എസ്‌ഐ.മാരും അകമ്പടിക്കെത്തും. 40-50 പേരുണ്ടാകേണ്ട സുരക്ഷാസംഘം മിക്കപ്പോഴും 100 കടക്കും.
ആരാകും മുഖ്യമന്ത്രിക്ക് കടുത്തസുരക്ഷയൊരുക്കുക എന്നതിൽ ജില്ലാ പൊലീസ് മേധാവിമാർ തമ്മിൽ മത്സരമാണ്. മുഖ്യമന്ത്രി വരുന്നതിന് മൂന്നോനാലോ മണിക്കൂർമുമ്പേ സുരക്ഷാക്രമീകരണങ്ങളാരംഭിക്കും.
വാഹനവ്യൂഹം കടന്നുപോകുന്ന ഭാഗത്തെ മുഴുവൻ സ്റ്റേഷൻ ഓഫീസർമാരും പൊലീസുകാരും ഡ്യൂട്ടിയിലുണ്ടാകും. വി.ഐ.പി. വാഹനവ്യൂഹം കടന്നുവരുന്നതിന് അഞ്ചുമിനിറ്റുമുമ്പേ ഇടവഴികളിൽനിന്നുള്ള വാഹനങ്ങൾ തടയും.
പൈലറ്റ് വാഹനങ്ങൾക്ക് മുന്നേപോകുന്ന പൊലീസ് ജീപ്പുകൾ സൈറണും ഹോണും മുഴക്കി ചീറിപ്പാഞ്ഞുകൊണ്ടാണ് വി.ഐ.പി. വരുന്നതിന്റെ മുന്നറിയിപ്പ് നൽകുന്നത്. വാഹനവ്യൂഹം വരുന്നതിന് തൊട്ടുമുമ്പും ഇതേ രീതിയിൽ പൊലീസ് വാഹനങ്ങൾ പരിശോധന നടത്തും. മുഖ്യമന്ത്രി കടന്നുവരുമ്പോൾ നിരത്ത് പൂർണമായും കാലിയാക്കിയിരിക്കും.
മറുനാടന് മലയാളി ബ്യൂറോ