ആലപ്പുഴ : സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ഡി വൈ എസ് പി കെ ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയിൽവെ ലെവൽ ക്രോസിൽ പുലർച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സോളാർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഹരികൃഷ്ണൻ. ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്‌പി ആയിരിക്കെയാണ് സോളർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായത്. ട്രാക്കിന് സമീപം നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തി.

ഇദ്ദേഹം അടുത്തിടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇദ്ദേഹത്തിനെതിരെ വിജിലൻസ് കേസുകൾ നിലവിലുണ്ട്. വിജിലൻസ് ഏറ്റവും അധികം സ്വത്തു കണ്ടെത്തിയതു സോളർ കേസ് അന്വേഷിച്ച കെ.ഹരികൃഷ്ണനിലായിരുന്നു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് ഹരികൃഷ്ണൻ. ഹരികൃഷ്ണനെ സസ്‌പെന്റും ചെയ്തിട്ടുണ്ട്. സോളാർ തട്ടിപ്പു കേസിൽ തെളിവുകൾ കൈക്കലാക്കുകയും അതു പിന്നീട് സമർഥമായി ഉപയോഗിക്കുകയും ചെയ്തയാളാണ എന്ന ആരോപണവും ഉയർന്നു.സരിത ഉണ്ടെന്നു പറഞ്ഞ തെളിവുകൾ ഒന്നൊഴിയാതെ ശേഖരിക്കാൻ ഏറ്റവുമധികം വ്യഗ്രത കാണിച്ചതും ഇദ്ദേഹം തന്നെ.

പരാതികളെ തുടർന്ന് ഹരികൃഷ്ണന്റെ ഹരിപ്പാടും കായംകുളത്തുമുള്ള വീടുകളിലും പെരുമ്പാവൂരിലെ ഫ്‌ളാറ്റിലും റെയ്ഡ് നടത്തിയ വിജിലൻസ് സ്പെഷ്യൽസെൽ സംഘം വസ്തു ഇടപാടുകളുമായും വരവു ചെലവുമായും ബന്ധപ്പെട്ട നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. തലശേരിയിൽനിന്ന് എസ്‌ഐ: ബിജു ലൂക്കോസിന്റെ നേതൃത്വത്തിൽ സരിത എസ്. നായരെ അറസ്റ്റ് ചെയ്യാൻ പുറപ്പെട്ട പൊലീസ് സംഘത്തെ മറികടന്ന് ഡിവൈ.എസ്‌പി: ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം തിരക്കിട്ട് സരിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു.