തിരുവനന്തപുരം: ട്രെയിലർ കയറ്റിക്കൊണ്ടുപോയ വിമാന ചിറകുകൾ കെഎസ്ആർടിസി ബസിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്. ബാലരാമപുരം ജംങ്ഷന് സമീപത്താണ് സംഭവം. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പെടെ അഞ്ചിലെറെ യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയപതയിൽ ഗതാഗതതടസം നേരിട്ടിരുന്നു.

വിമാനം പൊളിച്ച് നാല് ട്രെയിലറുകളിലായി കൊണ്ടു പോകുമ്പോഴാണ് അപകടം. ട്രെയിലറിന്റെ ഡ്രൈവർ അപകടത്തെത്തുടർന്ന് വാഹനത്തിൽനിന്ന് ഇറങ്ങി ഓടിയതോടെ വാഹനം നീക്കാൻ കഴിയാതെ വന്നതും പൊലീസിന് തലവേദനയായി. തുടർന്ന് ബ്ലോക്കിലകപ്പെട്ട മറ്റൊരു ട്രെയിലർ വാഹനത്തിന്റെ ഡ്രൈവറെത്തിയാണ് കെഎസ്ആർടിസി ബസിലിടിച്ച് നിന്ന ട്രെയിലർ നീക്കിയത്. ബാലരാമപുരം പൊലീസിന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിന്റെ ഫലമായി ഗതാഗത കുരുക്കിന് പരിഹാരമായി.

വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി പോയ ട്രെയിലറാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ട്രെയിലറിലുണ്ടായിരുന്ന വിമാന ചിറകുകൾ ഇടിച്ചുകയറുകയായിരുന്നു. കൂറ്റൻ ചിറകുകൾ ഇടിച്ചതോടെ കെഎസ്ആർടിസി ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.

മുപ്പത് വർഷം സർവ്വീസ് നടത്തിയ എയർ ഇന്ത്യയുടെ എ 320 എന്ന വിമാനത്തിന്റെ ഭാഗങ്ങളാണ് ലോറിയിലുണ്ടായിരുന്നത്. കലാവധി കഴിഞ്ഞതിനാൽ 2018 ൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങർ യൂണിറ്റിന് സമീപത്തെ മൂലയിൽ ഒതുക്കിയിട്ടിരിക്കുകയായിരുന്നു.

നാല് വർഷത്തോളം എൻജിനിയറിങ് വിദ്യാർത്ഥികളുടെ പഠനത്തിനായി ഉപയോഗിച്ച് വരികയായിരുന്നു ഈ വിമാനം. ഇനിയും ഉപയോഗിക്കാനാകില്ല എന്ന് കണ്ടതോടെയാണ് ആക്രി വിലയ്ക്ക് വിൽക്കാൻ എ.ഐ.എൻജിനിയറിങ് വിഭാഗം തീരുമാനിച്ചത്.

തുടർന്ന് നടന്ന ലേലത്തിൽ പങ്കെടുത്ത ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദർ സിങ് ആണ് 75 ലക്ഷം രൂപക്ക് വിമാനം സ്വന്തമാക്കിയത്. വിമാനം പൊളിച്ച് നാല് ട്രെയിലറുകളിലായി കൊണ്ടു പോകുമ്പോഴാണ് അപകടം.