- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഴക്കുല ബൈ വൈലോപ്പിള്ളി; യുവജന കമ്മിഷൻ അധ്യക്ഷ ചങ്ങമ്പുഴയുടെ 'വാഴക്കുല' വെട്ടി; വൈലോപ്പിള്ളിയുടെ പേര് പോലും രേഖപ്പെടുത്തിയത് അക്ഷരതെറ്റോടെ; പി എച്ഡിക്ക് ശുപാർശ ചെയ്തത് പൂർണമായി പരിശോധിക്കാതെ; ചിന്ത ജെറോമിന്റെ പി എച് ഡി പ്രബന്ധം പുനഃ പരിശോധിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: ചങ്ങമ്പുഴയുടെ പ്രസിദ്ധമായ 'വാഴക്കുല' എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്ന് സമർത്ഥിച്ച യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് പി എച് ഡി ബിരുദം നൽകിയതിന് എതിരെ കേരളസർവ്വകലാശാലയ്ക്ക് പരാതി. ബിരുദത്തിന് തയ്യാറാക്കി സമർപ്പിച്ച പ്രബന്ധം പുനഃ പരിശോധിക്കണമെന്ന് ആവശ്യപെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി 'കേരള' വിസി ക്ക് നിവേദനം നൽകി.
-സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഫ്യൂഡൽ ശക്തികൾ ചൂഷണം ചെയ്യുന്നതിന്റെ ആവിഷ്‌ക്കാരമായ 'വാഴക്കുല'എന്ന കവിതയെയും അതിന്റെ രചയിതാവായ മലയാളികളുടെ വിപ്ലവ കവിയെയുമാണ് ഒരു യുവ ഇടത്പക്ഷ പ്രവർത്തക വിസ്മരിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉണർത്തുപാട്ടായി കേരളം ഏറ്റെടുത്തതാണ് ചങ്ങമ്പുഴയുടെ വാഴക്കുല.
കേരള സർവ്വകലാശാല മുൻ പിവിസി ഡോ:പി.പി. അജയകുമാറിന്റെ മേൽനോട്ടത്തിലാണ് പ്രബന്ധം തയ്യാറാക്കിയത്. ചങ്ങമ്പുഴയ്ക്ക് പകരമായി വൈലോപ്പിള്ളിയുടെ പേര് പോലും അക്ഷരതെറ്റോടെ (വൈലോപ്പള്ളി) രേഖപ്പെടുത്തിയിട്ടുള്ള പ്രബന്ധത്തിൽ സമാനമായ നിരവധി തെറ്റുകൾ കടന്നു കൂടി.. ഗവേഷണത്തിന് മേൽനോട്ടം വഹിച്ച പിവിസി യോ മൂല്യനിർണ്ണയം നടത്തിയവരോ പ്രബന്ധം പൂർണ്ണമായും പരിശോധാക്കാതെയാണ് പിഎച്ഡിക്ക് ശുപാർശ ചെയ്തതെന്നും, അതുകൊണ്ട് പ്രബന്ധം പുനഃ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും
ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
'വാഴക്കുല ബൈ വൈലോപ്പള്ളി' എന്നാണ് ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ആദ്യ അധ്യായത്തിൽതന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലാണ് ചിന്താ ജെറോം ഡോക്ടറേറ്റ് നേടിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനവും ആശയങ്ങളും രൂപം നൽകിയ ജാതിരഹിത സമൂഹമെന്ന കാഴ്ചപ്പാടിൽ പ്രിയദർശൻ, രഞ്ജിത്ത് എന്നിവരുടെ സിനിമകൾ വെള്ളം ചേർക്കുന്നു എന്ന് പറഞ്ഞു വരുന്നതിനിടെയാണ് വാഴക്കുലയെ കുറിച്ചുള്ള പരാമർശം. അവിടെയാണ് വൈലോപ്പിള്ളിയാണ് ഈ കവിതയെഴുതിയതെന്ന് പറയുന്നത്.
അതേസമയം, ഇങ്ങനെയൊരു കാര്യം ഓർക്കുന്നില്ലെന്നും പരിശോധിക്കാമെന്നും ചിന്ത പറഞ്ഞു.
'നവലിബറൽ കാലഘട്ട ത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്ര അടിത്തറ' (Ideological underpinnings in selected Malayalam commercial films of the post liberalisation era) എന്ന വിഷയത്തെ അധികരിച്ച് തയ്യാറാക്കിയ പ്രബന്ധത്തിനാണ് കേരള സർവകലാശാല ചിന്താ ജെറോമിന് 2021 ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്. ഡി ബിരുദം നൽകിയത്.
കൂട്ടിയ ശമ്പളത്തിന് മുൻകാല പ്രാബല്യം ആവശ്യപ്പെട്ട് ചിന്താ ജെറോം അയച്ച കത്ത് പുറത്ത് വന്നിരുന്നു. തന്റെ തന്നെ ലെറ്റർ ഹെഡിൽ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചിന്ത അയച്ച കത്താണ് പുറത്തുവന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ചിന്താ ജെറോമിന് വർധിപ്പിച്ച ശമ്പളം മുൻകാല പ്രാബല്യത്തോടെ കുടിശ്ശിക അനുവദിക്കാൻ ധനവകുപ്പ് അനുമതി കൊടുത്തത് വലിയ വിവാദമാണ് ഉയർത്തിവിട്ടത്. എന്നാൽ താൻ സർക്കാരിനോട് കുടിശ്ശിക വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു ചിന്ത പക്ഷേ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അങ്ങനെയൊരു കത്തുണ്ടെങ്കിൽ പുറത്തുവിടാൻ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ചിന്താ ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള ഇനത്തിൽ എട്ടര ലക്ഷം രൂപ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. ചിന്ത തന്നെ ആവശ്യപ്പെട്ടത് എന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നതും.. 2016 ഒക്ടോബർ 14 മുതൽ 2018 മെയ് 25 വരെയുള്ള കാലയളവിലെ ശമ്പള കുടിശിക അനുവദിക്കണമെന്നാണ് കത്തിൽ ചിന്ത ആവശ്യപ്പെട്ടിരുന്നത്.
2016 ഒക്ടോബറിലാണ് ചിന്തയെ യുവജന കമ്മിഷൻ ചെയർപഴ്സനായി നിയമിച്ചത്. 50,000 രൂപ അഡ്വാൻസ് ശമ്പളമായി നിശ്ചയിച്ചു. 2018 മെയ് മാസം ചെയർപഴ്സന്റെ ശമ്പളം ഒരു ലക്ഷം രൂപയാക്കി. 2016 ഒക്ടോബർ മുതൽ 2018 മെയ് വരെയുള്ള ശമ്പളം ഒരു ലക്ഷംരൂപയായി പരിഗണിച്ച് കുടിശിക അനുവദിക്കണമെന്നാണ് കത്തെഴുതിയത്. രണ്ടു തവണ ഇത് തള്ളിയ ധനകാര്യവകുപ്പ് ഒടുവിൽ അനുവാദം നൽകുകയായിരുന്നു
മറുനാടന് മലയാളി ബ്യൂറോ