- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബിജെപിയുടെ സംസ്ഥാന സർക്കാരുകൾ ഉള്ളിടത്ത് വികസനം വേഗത്തിൽ നടപ്പാകും; അത്തരം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നത് ഇരട്ട എൻജിൻ സർക്കാർ; കേരളത്തിലും ബിജെപി സർക്കാർ വന്നാൽ അതു വികസനത്തിനു കരുത്തു പകരും': പ്രധാനമന്ത്രി കൊച്ചിയിൽ പ്രസംഗം തുടങ്ങിയത് മലയാളത്തിൽ; എല്ലാവർക്കും ഓണാശംസകളും നേർന്ന് നരേന്ദ്ര മോദി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ബിജെപിയുടെ പൊതുസമ്മേളനമാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. കൊച്ചി മെട്രോയുടെ അഞ്ചാം റീച്ചിന്റെ ഉദ്ഘാടനമാണ് പിന്നീട് മോദി നിർവഹിക്കുക.
ബിജെപിയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗം തുടങ്ങിയത്. എല്ലാവർക്കും അദ്ദേഹം ഓണാശംസകൾ നേർന്നു.
''ഓണത്തിന്റെ അവസരത്തിൽ എത്തിച്ചേരാൻ സാധിച്ചതിൽ അതിയായ സന്തോഷം. എല്ലാവർക്കും ഓണാശംസകൾ. കേരളം മനോഹര നാടാണ്. സാംസ്‌കാരിക ഭംഗിയും പ്രകൃതി ഭംഗിയും കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം.
ഒരു ലക്ഷം കോടിയുടെ പദ്ധതികൾ കേരളത്തിൽ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കി. ദരിദ്രരുടെയും ദലിതരുടെയും ഉന്നമനമാണ് ലക്ഷ്യം. കേരളത്തിൽ പിഎംഎവൈ (പ്രധാനമന്ത്രി ആവാസ് യോജന) പദ്ധതി പ്രകാരം രണ്ടു ലക്ഷത്തിലധികം വീടുകൾക്ക് അനുമതി നൽകി. ഒരു ലക്ഷം വീടുകൾ ഇതിനകം പൂർത്തിയാക്കി.
ബിജെപിയുടെ സംസ്ഥാന സർക്കാരുകൾ ഉള്ളിടത്ത് വികസനം വേഗത്തിൽ നടപ്പാകും. അത്തരം സംസ്ഥാനങ്ങളിൽ ഇരട്ട എൻജിൻ സർക്കാരാണ് പ്രവർത്തിക്കുന്നത്. കേരളത്തിലും ബിജെപി സർക്കാർ വന്നാൽ അതു വികസനത്തിനു കരുത്തു പകരും. കേരളത്തിലെ ജനം ബിജെപിയെ പ്രതീക്ഷയോടെ കാണുന്നു. മാറ്റം കൊണ്ടുവരാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു'' മോദി പറഞ്ഞു.
വൈകിട്ട് ആറ് മണിക്ക് സിയാൽ കൺവെൻഷൻ സെന്ററിലാണ് കൊച്ചി മെട്രോയുടെ പേട്ട- എസ്എൻ ജങ്ഷൻ പാതയുടെ ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉൾപ്പടെയുള്ളവർ പങ്കെടുക്കും.
കൊച്ചി മെട്രോയുടെയും ദക്ഷിണ റയിൽവേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കും. കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രവും പ്രധാനമന്ത്രി സന്ദർശിക്കുന്നുണ്ട്. വെല്ലിങ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിലെത്തുന്ന പ്രധാനമന്ത്രി രാത്രി 9ന് ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. താമസവും ഇവിടെയായിരിക്കും. നാളെ രാവിലെ കൊച്ചി കപ്പൽശാലയിൽ ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനി കപ്പൽ പ്രധാനമന്ത്രി കമ്മീഷൻ ചെയ്യും. ഉച്ചയോടെ മംഗളൂരുവിലേക്ക് തിരിക്കും.
മറുനാടന് മലയാളി ബ്യൂറോ