തിരുവനന്തപുരം: കേരളത്തിന്റെ റെയിൽ വികസന പദ്ധതിക്ക് കൂടുതൽ തുക വകയിരുത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഈ വർഷം 2033 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നതെന്നു മന്ത്രി വ്യക്തമാക്കി.

കളരിപ്പയറ്റിന്റെയും കഥകളിയുടെയും ആയുർവേദത്തിന്റെയും നാട്ടിൽ വന്ദേ ഭാരതിലൂടെ പുതിയ ആകർഷണം കൂടി ലഭിച്ചു. 'അടിപൊളി വന്ദേഭാരത്' എന്നാണ് കേരളത്തിലെ യുവജനം പറയുന്നത്. അടിപൊളി യാത്രാ അനുഭവമായിരിക്കും വന്ദേഭാരതിലൂടെ ലഭിക്കുക.

35 വർഷമാണ് വന്ദേഭാരത് ട്രെയിനിന്റെ പ്രവർത്തന കാലാവധി. 180 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനിന്റെ പരമാവധി വേഗം. ട്രാക്കിലെ വളവുകൾ നികത്താനും സിഗ്‌നൽ സംവിധാനം മെച്ചപ്പെടുത്താനും നടപടികൾ ആരംഭിച്ചു. ട്രാക്ക് വികസനം പൂർത്തിയാകുന്നതോടെ 36 മുതൽ 48 മാസം കൊണ്ട് തിരുവനന്തപുരംകാസർകോട് അഞ്ചര മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ കഴിയും. 34 വർഷം കൊണ്ട് റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക് ഉയരുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തിരുന്നു. 11 ജില്ലകളിലൂടെ സർവീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസിന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. വന്ദേഭാരതിന്റെ സി1 കോച്ചിൽ കയറി പ്രധാനമന്ത്രി, സി2 കോച്ചിലെത്തി വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. വിദ്യാർത്ഥികൾ പ്രധാനമന്ത്രിക്ക് വിവിധ ഉപഹാരങ്ങൾ നൽകി. പ്രധാനമന്ത്രിക്കൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരം എംപി. ശശി തരൂർ എന്നിവരും ഉണ്ടായിരുന്നു. മുണ്ടും ഷർട്ടുമായിരുന്നു പ്രധാനമന്ത്രിയുടെ വേഷം.

കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വ്യോമസേനയുടെ ടെക്നിക്കൾ ഏരിയയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. 10.20ഓടെ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി, 10.50ഓടെയാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോയായാണ് അദ്ദേഹം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. വഴിയരികിൽ കാത്തുനിന്ന ബിജെപി. പ്രവർത്തകരെ അദ്ദേഹം കൈവീശി അഭിസംബോധന ചെയ്തു.

ഫ്ളാഗ് ഓഫിനും വിദ്യാർത്ഥികളുമായുള്ള ആശയവിനിമയത്തിനും ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ കൊച്ചി വാട്ടർ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ടിഗൽ സെക്ഷൻ റെയിൽപ്പാതയും പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചായിരുന്നു ചടങ്ങ്.3,200 കോടിയുടെ മറ്റു വികസനപദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു.

നേമം, കൊച്ചുവേളി ടെർമിനൽ വികസനപദ്ധതിയാണ് ഉദ്ഘാടനം ചെയ്യപ്പെട്ട മറ്റൊരു പദ്ധതി. തിരുവനന്തപുരം, കഴക്കൂട്ടം, വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന്റെ നിർമ്മാണോദ്ഘാടനം പ്രധാനവമന്ത്രി നിർവഹിച്ചു. തിരുവനന്തപുരം- ഷൊർണൂർ മേഖലയിലെ തീവണ്ടിപ്പാതയിലെ വേഗവർധന, തിരുവനന്തപുരം ഡിജിറ്റൽ സയൻസ് പാർക്ക് എന്നീ പദ്ധതികൾക്ക് അദ്ദേഹം ശിലാസ്ഥാപനം നടത്തി. കൊച്ചിയിലെ 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോ, വൈദ്യുതീകരിച്ച ദിണ്ടുഗൽ- പഴനി- പാലക്കാട് തീവണ്ടിപ്പാത എന്നിവ നാടിന് സമർപ്പിച്ചു.