ബംഗളൂരു: മൈസൂരു -ബെംഗളുരു പത്തുവരി അതിവേഗപാത രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റർ ദൂരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടന്നു. മാണ്ഡ്യയിൽ വികസനം കൊണ്ടുവരാൻ ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാരിന് മാത്രമേ കഴിയൂ എന്ന് പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പുതിയ പത്ത് വരിപ്പാത യാഥാർഥ്യമായതോടെ നേരത്തേ മൂന്ന് മണിക്കൂറോളം സമയമെടുത്തിരുന്ന ബെംഗളുരു- മൈസുരു യാത്രാ സമയം 75 മിനിറ്റായി കുറയും. ഇത് വടക്കൻ കേരളത്തിലേക്ക് പോകുന്ന  മലയാളികൾക്ക് വലിയ സഹായമാണ്.

അതിവേഗപ്പാത, ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രാസമയം മൂന്നിലൊന്നായി കുറയ്ക്കും. 118 കിലോമീറ്റർ ദൈർഘ്യമുള്ള പാത 9,000 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ടോൾ നൽകേണ്ടിവരുമെങ്കിലും ഇന്ധനച്ചെലവ് ഗണ്യമായി കുറയുമെന്നതിനാൽ ഉത്തരകേരളത്തിലേക്കുള്ള യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ് പാത.

മെയിൻ റോഡ് ആറ് വരിപ്പാതയാണ്. സർവീസ് റോഡ് നാല് വരിപ്പാതയും. തെരെഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കർണാടകയിൽ രണ്ട് മാസത്തിനിടെ ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത്. ബെംഗളൂരു മൈസൂരു അതിവേഗ പാതയോടൊപ്പം മൈസൂരു-കുശാൽനഗർ നാലുവരി പാതയുടെ നിർമ്മാണോദ്ഘാടനവും മോദി നിർവ്വഹിച്ചു. 4130 കോടിയാണ് പദ്ധതിയുടെ ചെലവ്.

വികസനത്തിന് വേണ്ടിയുള്ള പണം കോൺഗ്രസ് അഴിമതിയിലൂടെ തട്ടിയെടുക്കുകയായിരുന്നെന്ന് മോദി കുറ്റപ്പെടുത്തി. ജെഡിഎസ് പ്രദേശത്തിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്തില്ല. പാവപ്പെട്ടവന്റെ ബുദ്ധിമുട്ട് ഒരിക്കലും കോൺഗ്രസിന് മനസ്സിലാകില്ല. എന്റെ ഖബർ കുഴിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. എന്റെ ശ്രമം വികസനത്തിന്. മോശം വാക്കുകളുപയോഗിക്കുന്ന കോൺഗ്രസ് ആ പണി തുടരട്ടെ. എനിക്ക് രാജ്യത്തിന്റെ മൊത്തം അനുഗ്രഹമുണ്ടെന്നും മോദി പറഞ്ഞു

ജെഡിഎസ് ശക്തികേന്ദ്രമായ മാണ്ഡ്യയിൽ എക്സ്‌പ്രസ് വേ വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മൈസൂരു - കുശാൽ നഗർ നാലുവരിപാതയുടെ നിർമ്മാണവും ഇതോടൊപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഹുബ്ബള്ളി ധാർവാഡിലെത്തുന്ന പ്രധാനമന്ത്രി ധാർവാഡ് ഐഐടിയുടെ പുതിയ മന്ദിരം രാജ്യത്തിന് സമർപ്പിക്കും.

ഗ്രീൻഫീൽഡ് ഇടനാഴിയുടെ ഭാഗമായാണ് ബെംഗളൂരു - മൈസൂരു അതിവേഗപ്പാത പണിതത്. പാത തുറക്കുന്നതോടെ ബെംഗളൂരു - മൈസൂരു യാത്രാസമയം ഒരു മണിക്കൂർ 15 മിനിറ്റായി കുറയും. നിലവിൽ മൂന്നുമുതൽ നാല് മണിക്കൂർ വരെയാണ് മൈസൂരു - ബെംഗളൂരു യാത്രയ്ക്കായി വേണ്ടിവരുന്നത്. ഇതാണ് മൂന്നിലൊന്നായി കുറയുന്നത്. ഇന്ധനം വലിയ തോതിൽ ലാഭിക്കാനും പാത സഹായകമാകും.

അതിവേഗപാത രാജ്യത്തിനു സമർപ്പിക്കുന്നതിനോട് അനുബന്ധിച്ച് കർണാടകയിലെ മണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂറ്റൻ റോഡ് ഷോ സംഘടിപ്പിച്ചു. മേയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ജെഡിഎസിന്റെ ശക്തികേന്ദ്രമായ മണ്ഡ്യയിൽ ബിജെപി റോഡ് ഷോ സംഘടിപ്പിച്ചത്.

മണ്ഡ്യയിൽ, റോഡിന്റെ ഇരുവശങ്ങളിലും കാത്തുനിന്ന വൻ ജനാവലി പൂക്കൾ വർഷിച്ചാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വാഹനത്തിന്റെ ഡോറിൽ നിന്ന് പ്രധാനമന്ത്രി ഇവരെ കൈവീശി അഭിവാദ്യം ചെയ്തു. കാറിന്റെ ബോണറ്റിൽ വീണ പൂക്കൾ കയ്യിലെടുത്ത് മോദി ജനങ്ങൾക്കു നേരെ വർഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

''കഴിഞ്ഞ ദിവസങ്ങളിൽ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയുടെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായിരുന്നു. നമ്മുടെ രാഷ്ട്രത്തിന്റെ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതിൽ യുവാക്കൾ വളരെയധികം അഭിമാനിക്കുന്നു. ഈ പദ്ധതികളെല്ലാം സമൃദ്ധിയുടെയും വികസനത്തിന്റെയും പാത തുറക്കും.'' നരേന്ദ്ര മോദി പ്രസംഗത്തിൽ പറഞ്ഞു.

ബിഡദി, രാമനഗര, മാണ്ഡ്യ, ശ്രീരംഗപട്ടണ, ചന്നപട്ടണ, മദ്ദൂർ എന്നീ ആറിടങ്ങളിൽ ബൈപ്പാസുകളുള്ളതിനാൽ ടൗണുകളിലെ ഗതാഗതക്കുരുക്ക് ഈ പാതയിലൂടെയുള്ള യാത്രയെ ബാധിക്കില്ല. ഗ്രീൻഫീൽഡ് പദ്ധതിയുടെ ഭാഗമായി വരുന്ന അഞ്ച് ബൈപ്പാസുകൾ അടങ്ങുന്ന 52 കിലോമീറ്റർ പാത ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.

ബെംഗളൂരു-മൈസൂരു അതിവേഗപാത ബംഗളൂരു- മൈസൂരു നഗരങ്ങൾക്കുമിടയിലെ ഗതാഗതം അതിവേഗത്തിലാക്കും. ഇരുനഗരങ്ങളുടെയും വികസനത്തിനും ഇത് വലിയ ഗുണംചെയ്യും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ അതിവേഗത്തിലുള്ള യാത്ര സാധ്യമാക്കാനുള്ള റോഡ് വേണമെന്ന ഏറെക്കാലത്തെ ആവശ്യത്തിനുകൂടിയാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള മലയാളി യാത്രികർക്ക് അതിവേഗപാത ഏറെ ഗുണകരമാണ്. അതിവേഗപാതയിലൂടെ ബെംഗളൂരുവിൽനിന്ന് വളരെ വേഗത്തിൽ മൈസൂരുവരെ എത്താൻ സാധിക്കുമെന്നതിനാലാണിത്. നിലവിൽ, ബെംഗളൂരു മുതൽ മദ്ദൂരിലെ നിദാഘട്ട വരെയുള്ള ടോൾനിരക്ക് ദേശീയപാത അഥോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

മാർച്ച് 14 മുതൽ ടോൾപിരിവ് ആരംഭിക്കും. രണ്ടുതവണ ടോൾ നൽകണം. എങ്കിലും ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യാൻ സാധിക്കുമെന്നതിനാൽ ഇന്ധനച്ചെലവിൽ തുക ലാഭിക്കാനാകും.

പഴയ മൈസൂരു മേഖലയിലെ ഒൻപതു ജില്ലകളിൽ ഒന്നാണ് മണ്ഡ്യ. മൈസൂരു, ചാമരാജനഗർ, രാമനഗര, ബെംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപ്പൂർ, തുംകുരു, ഹാസൻ എന്നിവയാണ് മറ്റു ജില്ലകൾ. 61 നിയമസഭാ സീറ്റുകളുള്ള ഓൾഡ് മൈസൂരു മേഖല ജെഡിഎസിന്റെ ശക്തികേന്ദ്രമാണ്. കോൺഗ്രസിനും ഇവിടെ സ്വാധീനമുണ്ട്. 2018ൽ തീരദേശ കർണാടകയിലും മുംബൈ-കർണാടക മേഖലകളിലും ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പഴയ മൈസൂരു മേഖലയിലും ഹൈദരാബാദ്-കർണാടക മേഖലയിലും ഭൂരിപക്ഷം കുറവായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന നാലു വിജയ് സങ്കൽപ് യാത്രകളിൽ ആദ്യത്തേത് ചാമരാജനഗർ നിയമസഭാ മണ്ഡലത്തിൽനിന്ന് ബിജെപി ആരംഭിച്ചു. ഏഴ് മണ്ഡലങ്ങളുള്ള മണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രണ്ടാമത്തെ റോഡ് ഷോയാണ് ഇന്നു നടത്തിയത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൊക്കലിഗ ഹൃദയഭൂമിയായ മാണ്ഡ്യയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും ജെഡിഎസാണ് വിജയിച്ചത്.

2019ൽ, കെആർ പേട്ട് മണ്ഡലത്തിൽനിന്ന് ജെഡിഎസ് ടിക്കറ്റിൽ വിജയിച്ച നാരായണ ഗൗഡ ബിജെപിയിലേക്ക് കൂറുമാറുകയും ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തതോടെയാണ് ബിജെപിക്ക് ഇവിടെ അക്കൗണ്ട് തുറക്കാനായത്. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിലൂടെ മേഖലയിൽ കൂടുതൽ സീറ്റു നേടുകയാണ് ബിജെപിയുടെ ലക്ഷ്യം.

16,000 കോടിയോളം രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിടും. മാണ്ഡ്യയിലെത്തിയ പ്രധാനമന്ത്രി റോഡ് ഷോ നടത്തിയാണ് പദ്ധതികൾക്ക് തറക്കല്ലിടാൻ പോയത്. ഹുബ്ബള്ളി-ധർവാദ് സ്മാർട്സിറ്റി പദ്ധതിയടക്കമുള്ളവയുടെ ശിലാസ്ഥാപനമാണ് മോദി നടത്തുക.

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മോദിയുടെ മാണ്ഡ്യ സന്ദർശനം നിർണായകമാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് രണ്ടു ദിവസം മുമ്പ് മാണ്ഡ്യയിലെ സ്വതന്ത്ര എംപിയും മുൻ സിനിമാനടിയുമായ സുമലത അംബരീഷ് ബിജെപിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കുറൂമാറ്റനിരോധന നിയമപ്രകാരമുള്ള സാങ്കേതിക തടസ്സമുള്ളതിനാലാണ് ബിജെപിയിൽ ചേരാതിരിക്കുന്നതെന്നും അവർ വ്യക്തമാക്കുകയുണ്ടായി.

ഇതിനിടെ, സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൈക്കൂലിക്കേസിൽ ഒരു എംഎൽഎയെ തന്നെ ലോകായുക്ത അറസ്റ്റ് ചെയ്തത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ബിജെപി. എംഎ‍ൽഎ. മാദൽ വിരുപാക്ഷപ്പയേയും മകനേയും ലോകായുക്ത കൈയോടെ പിടികൂടിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ചോദിച്ചു. പ്രധാനമന്ത്രി അതിന്റെ പങ്ക് പറ്റുന്നുണ്ടോയെന്നും മാണ്ഡ്യയിൽ പ്രധാനമന്ത്രി റാലി നടത്തുന്നതിനിടെ സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.