തിരുവനന്തപുരം: കൊച്ചി വാട്ടർമെട്രോ മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർമെട്രോയുടെ ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വാട്ടർമെട്രോയ്ക്ക് പുറമെ 3200 കോടിയുടെ മറ്റ് പദ്ധതികളും അദ്ദേഹം നാടിന് സമർപ്പിച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതിന് പുറമെ വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ടിഗൽ സെക്ഷൻ റെയിൽപ്പാതയും അദ്ദേഹം നാടിന് സമർപ്പിച്ചു. ഡിജിറ്റൽ സയൻസ് പാർക്കിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.

മലയാളത്തിൽ സംസാരിച്ചു തുടങ്ങിയ നരേന്ദ്ര മോദി വികസന കാര്യങ്ങൾ എണ്ണിപ്പറയുകയും ചെ്തു. നല്ലവരായ മലയാളി സ്നേഹിതരേ നമസ്‌കാരം.... എന്നുതുടങ്ങിയാണ് മോദി പ്രസംഗം തുടങ്ങിയത്. മലയാളികൾ ബുദ്ധിശാലികളും കഠിന പ്രയത്നം ചെയ്യുന്നവരുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിൽ പ്രശംസിച്ചു. സംസ്ഥാനത്തിന്റെ വികസനം രാജ്യപുരോഗതിക്ക് മുതൽക്കൂട്ടാകുമെന്നും മോദി പറഞ്ഞു. വിദേശത്തു പോകുമ്പോൾ കേരളീയവരെ കാണാറുണ്ടെന്നും മോദി പറഞ്ഞു.

കേരളത്തിന് ഇന്ന് ആദ്യ വന്ദേഭാരത് ലഭിച്ചെന്ന് പറഞ്ഞ മോദി, സംസ്ഥാനത്തെ നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചെന്ന് പ്രഖ്യാപിച്ചു. ഇന്ത്യ ലോക രാജ്യങ്ങൾക്ക് മുന്നിൽ വികസന മാതൃകയാണെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യ കുതിപ്പ് തുടരുകയാണ്. രാജ്യത്ത് കഴിവുള്ള യുവാക്കളുടെ എണ്ണം മറ്റ് രാജ്യങ്ങളെക്കാൾ മുന്നിലാണ്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെ ശക്തി പ്രവാസികളാണ്. രാജ്യപുരോഗതിയുടെ നേട്ടം പ്രവാസികൾക്കും പ്രയോജനം ചെയ്യും. അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഇന്ത്യയിൽ മുൻഗണന നൽകുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

രാജ്യത്തെ റെയിൽവേ ഗതാഗതം വികസനം അതിവേഗം കുതിക്കുകയാണ്. ആധുനിക യാത്രാ സംവിധാനം ഒരുക്കുന്ന ഹബ്ബുകളായി റെയിൽവേ മാറി. തിരുവനന്തപുരം സെൻട്രൽ, വർക്കല, ശിവഗിരി, കോഴിക്കോട് സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക് കുതിക്കുുകയാണ്. വന്ദേഭാരത് സംസ്ഥാനത്തിന്റെ വടക്കും തെക്കുമുള്ള ജനങ്ങളിൽ ഐക്യം വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ഇന്ന് കേരളത്തിന് ആദ്യ വന്ദേഭാരത് ട്രെയിൻ കിട്ടി. കൊച്ചി മെട്രോയും തുടങ്ങി. റെയിൽവേയുമായി ബന്ധപ്പെട്ട നിരവധി വികസന പ്രവർത്തനങ്ങളും ആരംഭിച്ചു. കേരളത്തിലെ ജനങ്ങൾ അറിവുള്ളവരാണ്, വിദ്യാസമ്പന്നരാണ്. ഇന്ന് രാജ്യത്തെയും വിദേശത്തെയും പരിസ്ഥിതിയെക്കുറിച്ച് കേരളത്തിലെ ജനങ്ങൾ ബോധവാന്മാരാണ്. അതിനാൽ നിങ്ങൾക്കറിയാം ലോകത്തും രാജ്യത്തും എന്താണ് നടക്കുന്നതെന്ന്. ഭാരതത്തിന്റെ വികസന സാദ്ധ്യതകൾ ലോകത്താകമാനം അംഗീകരിച്ചു കഴിഞ്ഞു. അതിന് ഒരു കാരണം കേന്ദ്ര സർക്കാരാണ്. കേരളം വികസിച്ചാൽ അതിലൂടെ ഭാരതത്തിന്റെ വികസനത്തിന് വേഗതയേറും.'- മോദി പറഞ്ഞു.

ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്,മന്ത്രിമാരായ അബ്ദുൾ റഹ്മാൻ, ആന്റണി രാജു, ശശി തരൂർ എംപി അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. കേരളത്തെ സംബന്ധിച്ച് വളരെ സന്തോഷകരമായ ദിനമാണിന്നെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.'നാടിന്റെ വികസന പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. പൂർത്തിയാക്കിയ പദ്ധതികൾ ഇന്ന് രാജ്യത്തിന് സമർപ്പിക്കുകയാണ്. ആദരണീയനായ പ്രധാനമന്ത്രി തന്നെ ഇതിനുവേണ്ടി എത്തിച്ചേർന്നതിൽ നമുക്കെല്ലാവർക്കും ഏറെ സന്തോഷമുണ്ട്.'- മുഖ്യമന്ത്രി പറഞ്ഞു. വന്ദേഭാരത് അനുവദിച്ചതിൽ അദ്ദേഹം മോദിയോട് നന്ദി പറയുകയും ചെയ്തു.