- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ഉദ്യോഗസ്ഥരുടെ പേരിലുള്ള പരാതികളിന്മേൽ കോടതി നടപടികൾ കണക്കാക്കാതെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാം; പിന്നീട് കോടതി വിധിയനുസരിച്ച് തുടർ നടപടി; കാക്കിയിട്ട ക്രിമിനലുകളെ തുരത്താൻ പുട്ട വിമലാദിത്യ; മുന്നൂറോളം പേരുടെ പട്ടിക തയ്യാർ; പൊലീസ് എൻക്വയറി റൂൾസ് ഭേദഗതി ചെയ്യും
തിരുവനന്തപുരം : സംസ്ഥാന പൊലീസ് സേനയിൽ അഴിമതി/ മാഫിയ പ്രവർത്തനങ്ങൾക്കു 'പേരുകേട്ട' മുന്നൂറോളം പേരുടെ പട്ടിക വകുപ്പുതല നടപടികൾക്കായി പൊലീസ് ആസ്ഥാനത്ത് തയാറാക്കുന്നു. വിജിലൻസ് കേസുകളിൽ പ്രതിയായ എസ്‌പി, ഡിവൈ.എസ്‌പി, സിഐ, എസ്‌ഐ, സി.പി.ഒ. റാങ്കിലുള്ള ഉദ്യോഗസ്ഥരും പട്ടികയിൽ ഉൾപ്പെടും.
ഇവരിൽ നൂറിലധികം പേരെ ഉടൻ സർവീസിൽനിന്ന് ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായി പൊലീസ് എൻക്വയറി റൂൾസ് ഭേദഗതി ചെയ്യാനും തീരൂമാനമായെന്ന് റിപ്പോർട്ട് ചെയ്യുന്നത് മംഗളമാണ്. റൂൾസ് പരിഷ്‌കരണം സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയെന്ന് എസ് നാരായണന്റെ മംഗളം വാർത്ത പറയുന്നു.
തൃശൂർ ഡി.ഐ.ജി: പുട്ട വിമലാദിത്യയെ പൊലീസ് ആസ്ഥാനത്ത് ഭരണവിഭാഗം ഡി.ഐ.ജിയായി നിയമിച്ചത് അഴിമതിക്കാരെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെയാണ്. സിബിഐയിലും മറ്റ് കേന്ദ്ര ഏജൻസികളിലും കൂടുതൽക്കാലം പ്രവർത്തിച്ചിട്ടുള്ള വിമലാദിത്യ കർക്കശ നിലപാടുള്ള ഉദ്യോഗസ്ഥനാണ്. പൊലീസുകാരുടെ ശിക്ഷാ നടപടികൾ (പി.ആർ) സ്വീകരിക്കേണ്ട ചുമതല പുട്ട വിമലാദിത്യ നിർവഹിക്കും.
ഇദ്ദേഹം നേരിട്ട് ഫയൽ ഡി.ജി.പിക്ക് സമർപ്പിക്കും. 2023 പൂർത്തിയാകുന്നതിനു മുമ്പ് പൊലീസ് സേനയിലെ പുഴുക്കുത്തുകളെ ഒഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. പൊലീസ് ഉദ്യോഗസ്ഥരുടെ പേരിലുള്ള പരാതികളിന്മേൽ കോടതി നടപടികൾ കണക്കാക്കാതെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്നും പിന്നീട് കോടതി വിധിയനുസരിച്ച് തുടർ നടപടി സ്വീകരിക്കാമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലുള്ള ഭേദഗതിയിൽ പറയുന്നു.
ഇത്തരം നടപടികളെ കോടതിവിധികൾ ബാധിക്കുകയാണെങ്കിൽ എങ്ങനെ തുടർനടപടികളുമായി മുന്നോട്ടു പോകണമെന്ന വ്യവസ്ഥകൾക്കും രൂപം നൽകി.
1. കോടതി തീർപ്പാക്കിക്കഴിഞ്ഞാൽ വകുപ്പുതല നടപടിക്രമങ്ങളുടെ 10(1) വകുപ്പ് പ്രകാരമുള്ള നടപടികൾ, ആ അച്ചടക്ക നടപടി സ്വീകരിച്ച അധികാരി അവലോകനം ചെയ്യണം.
2. വകുപ്പുതല അന്വേഷണത്തിൽ തെളിയിക്കപ്പെട്ട കൃത്യവിലോപത്തിൽ കോടതി കുറ്റവിമുക്തനാക്കുകയാണെങ്കിൽ കോടതി ഉത്തരവനുസരിച്ച് നടപടി പരിഷ്‌ക്കരിക്കണം. ഇത് അപ്പീലിൽ തിരുത്തപ്പെട്ടില്ലെങ്കിൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ വകുപ്പുതല അന്വേഷണത്തിൽ കൈക്കൊണ്ട നടപടി അവലോകനം ചെയ്യണം.
3. വകുപ്പുതല അന്വേഷണത്തിൽ തെളിയിക്കാൻ കഴിയാത്തതും കോടതി വിചാരണയിൽ തെളിയിക്കപ്പെടുന്നതുമായ കേസുകളിൽ അധിക പിഴ ചുമത്തേണ്ടിവരികയാണെങ്കിൽ പിഴ എന്തുകൊണ്ട് ചുമത്താൻ പാടില്ലെന്നതിന്റെ കാരണം വ്യക്തമാക്കാൻ പിഴ ചുമത്തേണ്ട വ്യക്തിക്ക് അവസരം നൽകണം. കാരണം നേരിട്ട് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ അതിനുള്ള അവസരവും നൽകണം.
4. വകുപ്പുതല അന്വേഷണത്തിൽ ആരോപിക്കപ്പെട്ടിട്ടുള്ള ഒന്നോ അതിലധികമോ പരാതികൾ കോടതി അലക്ഷ്യമല്ലെങ്കിൽ അത്തരം പരാതികളിന്മേലുള്ള അന്വേഷണം യോഗ്യതയുള്ള അധികാരിക്ക് പൂർത്തിയാക്കാം.കൃത്യവിലോപത്തിനെതിരേയുള്ള മറ്റുചില പരാതികൾ കോടതി അലക്ഷ്യമാണെങ്കിൽ കൂടിയും ഈ നടപടി സ്വീകരിക്കാം. പരാതികൾ കോടതി അലക്ഷ്യമാണെങ്കിൽ ചട്ടം 10 (1)(2)(3) എന്നിവ അതിൽ പ്രയോഗിക്കാം.
മറുനാടന് മലയാളി ബ്യൂറോ