തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നതിനായി 8 പേരുടെ പട്ടിക കേന്ദ്രത്തിനയക്കാൻ സംസ്ഥാന സർക്കാരിൽ ധാരണ. സ്വമേധയ സമ്മതമറിയിച്ച കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള 3 ഡിജിപിമാരുടെയും സംസ്ഥാനത്തെ 5 മുതിർന്ന ഉദ്യോഗസ്ഥരുടെയും ഉൾപ്പടെയാണ് 8 പേരുടെ പട്ടിക സർക്കാർ സമർപ്പിക്കുന്നത്.

സിആർപിഎഫ് സ്പെഷൽ ഡയറക്ടർ നിധിൻ അഗർവാൾ, ഇന്റലിജൻസ് ബ്യൂറോ അഡീഷനൽ ഡയറക്ടർമാരായ ഹരിനാഥ് മിശ്ര, രവാഡ എ.ചന്ദ്രശേഖർ എന്നിവരാണു കേന്ദ്രത്തിലേക്ക് അയയ്ക്കുന്ന പട്ടികയിൽ ഉൾപ്പെടുത്താൻ സമ്മതമറിയിച്ചത്. പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ.പത്മകുമാർ, ക്രൈംബ്രാഞ്ച് എഡിജിപി ഷേക്ക് ദർവേഷ് സാഹിബ്, സപ്ലൈകോ സിഎംഡി സഞ്ജീവ് കുമാർ പട്ജോഷി, ഇന്റലിജൻസ് മേധാവി എഡിജിപി ടി.കെ.വിനോദ് കുമാർ, ബവ്കോ എംഡി യോഗേഷ് ഗുപ്ത എന്നിവരും പട്ടകയിലുണ്ട്. സാധാരണ കേന്ദ്ര സർവ്വീസിലുള്ളവർ സമ്മതം നൽകാറില്ല. എന്നാൽ ഇത്തവണ അത് മാറുകയാണ്.

കഴിഞ്ഞ ദിവസമാണു കേന്ദ്ര ഡപ്യൂട്ടേഷനിലുള്ളവരുടെ സമ്മതം പൊലീസ് ആസ്ഥാനത്തു ലഭിച്ചത്. ഇത് അന്തിമ പരിശോധനയിലാണ്. നൽകിയ പെർഫോമയിലെ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിച്ചാൽ പട്ടിക സംസ്ഥാന സർക്കാരിനു കൈമാറും. ഈ ആഴ്ച തന്നെ കേന്ദ്രത്തിനു പട്ടിക കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി. കേന്ദ്ര സർവ്വീസിലുള്ളവരെ ഒഴിവാക്കാനുള്ള കേരളത്തിന്റെ താൽപ്പര്യമാണ് പൊളിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ ഓഫീസിനും പത്മകുമാറിനെ പൊലീസ് മേധാവിയാക്കാനാണ് കൂടുതൽ ഇഷ്ടം. എന്നാൽ യുപി എസ് സി നൽകുന്ന മൂന്ന് പേരുടെ പട്ടികയിൽ പത്മകുമാർ ഉണ്ടാകുമോ എന്നതാണ് നിർണ്ണായകം.

30 വർഷം സർവീസ് പൂർത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണു കൈമാറുക. സംസ്ഥാന പൊലീസ് മേധാവിയായി പരിഗണിക്കാൻ കുറഞ്ഞത് 6 മാസത്തെ സർവീസും ബാക്കിയുണ്ടാകണം. യുപിഎസ് സി ചെയർമാൻ ഉൾപ്പെടുന്ന 5 അംഗ സമിതി ഈ 8 പേരിൽ നിന്നു യോഗ്യരായ 3 പേരുകൾ സംസ്ഥാന സർക്കാരിനു കൈമാറും. അതിൽ നിന്ന് ഒരാളെ സംസ്ഥാന സർക്കാരിനു പൊലീസ് മേധാവിയായി നിയമിക്കാം. മിക്കവാറും ആ മൂന്നു പേരും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ളവരാകാനാണ് സാധ്യത. അങ്ങനെ വന്നാൽ ഡിജിപിയാകാൻ ചരടു വലിക്കുന്ന കേരളത്തിലെ ഉദ്യോഗസ്ഥർക്ക് തിരിച്ചടിയാകും.

നിയമിക്കുന്ന പൊലീസ് മേധാവിക്കു കുറഞ്ഞതു 2 വർഷമോ അല്ലെങ്കിൽ അതിനു ശേഷം വിരമിക്കുന്നതു വരെയോ അവിടെ തുടരാം.
അതേസമയം ഡിജിപിമാരായ ടോമിൻ തച്ചങ്കരി, ബി.സന്ധ്യ, എസ്.ആനന്ദകൃഷ്ണൻ എന്നിവർ പട്ടികയിൽ ഉൾപ്പെടില്ല. ഇവരൊക്കെ ത്തന്നെയും
വൈകാതെ വിരമിക്കുന്നതിനാലാണ് പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടത്.പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘമായ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പിജി) മേധാവി കേരള കേഡറിലെ അരുൺ കുമാർ സിൻഹയും മേയിൽ വിരമിക്കും. അരുൺകുമാർ മേയിൽ വിരമിക്കുമെങ്കിലും കേന്ദ്ര സർക്കാർ ഉചിതമായ സ്ഥാനം നൽകും. കേരളത്തിലെ പൊലീസ് മേധാവിയായാൽ രണ്ട് കൊല്ലം സർവ്വീസ് തികയ്ക്കുകയും ചെയ്യും.

ഇപ്പോഴത്തെ ഡിജിപി അനിൽ കാന്ത് ജൂണിലും ടോമിൻ തച്ചങ്കരി ജൂലൈയിലും വിരമിക്കും. അഗ്നിരക്ഷാ സേനാ മേധാവി ബി.സന്ധ്യയും എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണനും മേയിൽ വിരമിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്രത്തിലേക്ക് അയയ്ക്കുന്ന പട്ടികയിലെ 8 പേരിൽ ആദ്യ 3 സ്ഥാനക്കാരായ നിധിൻ അഗർവാൾ, കെ.പത്മകുമാർ, ഷേക്ക് ദർവേഷ് സാഹിബ് എന്നിവരുടെ ചുരുക്കപ്പട്ടികയാകും കേന്ദ്രം സംസ്ഥാനത്തിനു മടക്കി നൽകുക എന്നതാണ് കേരളത്തിന്റെ പ്രതീക്ഷ.

ഇതിൽ ഒരാളെ പൊലീസ് മേധാവിയായി നിയമിക്കമാമെന്നാണ് കണക്ക് കൂട്ടൽ. നിധിൻ അഗർവാളിനു 2026 ജൂലൈ വരെയും പത്മകുമാറിനു 2025 ഏപ്രിൽ വരെയും ഷേക്ക് ദർവേഷ് സാഹിബിനു 2024 ജൂലൈ വരെയും സർവീസുണ്ട്. എന്നാൽ ഇതിൽ ആരെ പൊലീസ് മേധാവിയായി നിയമിച്ചാലും സുപ്രീം കോടതി വിധിപ്രകാരം 2 വർഷത്തെ കാലാവധി ലഭിക്കും. 2025 ഓഗസ്റ്റിൽ വിരമിക്കുന്ന ടി.കെ.വിനോദ് കുമാറിനു പൊലീസ് മേധാവിയാകാനുള്ള അവസരം നഷ്ടമാകും