കോഴിക്കോട്: വഴിയിൽ കളഞ്ഞുപോയ മറ്റൊരാളുടെ പേഴ്സ് മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലിസ് പീഡിപ്പിച്ച കരുവൻതുരുത്തി സ്വദേശിക്ക് പൊലിസ് കംപ്ലയിന്റ് അഥോറിറ്റിയിൽ പരാതിപ്പെട്ടിട്ടും നീതികിട്ടിയില്ലെന്ന് കുടുംബം. ലോട്ടറി വിൽപനക്കാരനായിരുന്ന ഫറോക്ക് കരുവൻതുരുത്തിയിലെ പാലയിൽ ഹരിദാസ (56)നാണ് ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ പൊലിസ് സ്റ്റേഷനിൽ മോഷ്ടാവെന്ന് വിധിച്ച് മണിക്കൂറുകളോളം കഴിയേണ്ടിവന്നതെന്ന് ഹരിദാസന്റെ ഭാര്യയുടെ സഹോദരൻ രാജൻ വ്യക്തമാക്കി. കൽപ്പണിക്കാരനായിരുന്ന ഹരിദാസൻ നടുവേദന കലശലായതോടെ ആ ജോലി ചെയ്യാൻ സാധിക്കാതെ വന്നതോടെ ഏതാനും വർഷങ്ങളായി ഫറോക്ക് അങ്ങാടിയിലും പരിസരങ്ങളിലും കാൽനടയായി ലോട്ടറി വിറ്റാണ് കുടുംബത്തിന്റെ പട്ടിണിയകറ്റിയിരുന്നത്. ഫറോക്ക് പാലത്തിന് സമീപത്ത് മല്ലിക തിയറ്ററിന് അരികിലൂടെ വിറ്റ ലോട്ടറിയുടെ ബാക്കിയുള്ളവ എണ്ണിത്തിട്ടപ്പെടുത്തി നീങ്ങവേ രണ്ട് യുവാക്കൾ ബൈക്കിലെത്തി തങ്ങളുടെ പേഴ്സ് നഷ്ടപ്പെട്ടെന്നും കിട്ടിയോയെന്ന് ചോദിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. 2019 ഫെബ്രുവരി നാലിനായിരുന്നു ഈ സംഭവം.

സ്വന്തം പേഴ്സ് കാണിച്ച് ഇതാണോ നിങ്ങളുടെ പേഴ്സെന്ന് ഹരിദാസൻ തിരിച്ചുചോദിച്ചുപോയി. നിങ്ങൾ റോഡിൽനിന്ന് പേഴ്സ് എടുക്കുന്നത് സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് ഇവർ ബൈക്കോടിച്ച് പോകുകയായിരുന്നു. സൗദിയിൽനിന്ന് വന്നതിനാൽ അവിടുത്തെ തിരിച്ചറിയൽ രേഖയായ ഇഖാമയും പതിനയ്യായിരം രൂപയും അതിലുണ്ടെന്നും ഫറോക്കിന്റെ തൊട്ടപ്രദേശമായ ചെറുവണ്ണൂരിലെ ജസീല മൻസിലിൽ താമസിക്കുന്ന മുഹമ്മദ് ഹനീഫയായിരുന്നു പറഞ്ഞിരുന്നു. താൻ പേഴ്സ് കണ്ടിട്ടുപോലുമില്ലെന്നും ഇവിടെ അടുത്തുതന്നെ താമസിക്കുന്ന ആളാണെന്നും മേൽവിലാസം ഇതാണെന്നും അവരോട് പറഞ്ഞിരുന്നു. ഈ സംഭവം നടന്നത് ഉച്ചക്കായിരുന്നു. അന്ന് വൈകിയിട്ട് അഞ്ചു മണിയോടടുത്ത് ലോട്ടറിയുടെ റിസൽട്ട് നോക്കാനായി ഫറോക്കിലേക്കു ചെന്നപ്പോൾ രണ്ട് പൊലിസുകാർ മഫ്ടിയിലെത്തി ഹരിദാസനല്ലെ എസ് ഐ വിളിക്കുന്നെന്നു പറഞ്ഞ് സമീപിക്കുകയായിരുന്നു.

നല്ലളം സ്റ്റേഷനിലെ പൊലിസ് ജീപ്പ് വന്നതോടെ ആകെ ആൾക്കൂട്ടമായി എന്താ പ്രശ്നമെന്ന് ചോദിച്ചവരോട് പേഴ്സ് മോഷ്ടിച്ച കേസാണെന്ന് പറഞ്ഞു പൊലിസുകാർ ജീപ്പിൽ പിടിച്ചു കയറ്റി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പൊലിസ് പിടിയിലായതറിഞ്ഞ സഹോദരൻ വിനു സ്റ്റേഷനിൽ ചെന്നെങ്കിലും മോഷണംപോയ കേസാണ് വിടാൻ സാധിക്കില്ലെന്ന മറുപടിയാണ് നല്ലളം പൊലിസ് നൽകിയത്. എസ് ഐയുടെ ഫോണിൽ അയാൾ പേഴ്സ് എടുക്കുന്ന ദൃശ്യമുണ്ടെന്ന് പൊലിസുകാർ പറഞ്ഞു. എന്നാൽ ആ ദൃശ്യമൊന്നു കാണണമെന്ന് പറഞ്ഞപ്പോൾ പിന്നിൽനിന്ന് എന്തോ എണ്ണിപോകുന്ന സ്വന്തം ഫോട്ടോ കാണിച്ചു. ലോട്ടറിയെണ്ണി നീങ്ങുന്ന ഫോട്ടോയായിരുന്നു. അവർ പ്രചരിപ്പിച്ചത് മോഷ്ടിച്ച പേഴ്സിലെ പണം എണ്ണുന്ന ഫോട്ടോയാണെന്ന രീതിയിലായിരുന്നു.

പൊലിസ് സ്റ്റേഷനിൽ മൂന്നു നാലു മണിക്കൂർ നിർത്തുകയും ലോക്കപ്പിലിട്ട്് ഇടിച്ച് ചവിട്ടിക്കൂട്ടുമെന്ന് അന്നത്തെ എസ് ഐ തനീഷ് ഭീണിപ്പെടുത്തുകയും കേട്ടാൽ അറയ്ക്കുന്ന തെറിവിളിക്കുകയും ചെയ്തു. ആര് പറഞ്ഞിട്ടും സ്റ്റേഷനിൽനിന്ന് വിട്ടില്ല. ഒടുവിൽ എട്ടുമണിക്കു ശേഷം പുറത്തുപോയ എസ് ഐ വന്നപ്പോൾ ഇവനെ എന്താണ് ചെയ്യേണ്ടതെന്ന് പൊലിസുകാർ ചോദിച്ചു. പേഴ്സ് തന്നിട്ട് വിട്ടാൽ മതിയെന്നായിരുന്നു അന്നത്തെ എസ് ഐയുടെ മറുപടി. പിന്നീട് ഒരു മണിക്കൂറോളം വീണ്ടും നിർത്തി മാനസികമായി പീഡിപ്പിച്ച ശേഷം രാവിലെ സ്റ്റേഷനിൽ ഹാജരാവണമെന്നു പറഞ്ഞായിരുന്നു നല്ലളം പൊലിസ് വിട്ടയച്ചത്.

ഈ സംഭവം അളിയന് വലിയ മാനക്കേടായെന്ന് ഫറോക്കിൽ തുന്നക്കട നടത്തുന്ന രാജൻ പറഞ്ഞു. അതോടെ അളിയൻ ജോലിക്കെന്നെല്ല, തീരെ പുറത്തിറങ്ങാതെയായി. അതുവരെ ഒരു പെറ്റിക്കേസിൽപോലും പ്രതിയാവാത്ത, പൊലിസ് സ്റ്റേഷനിൽ കയറേണ്ടി വന്നിട്ടില്ലാത്ത ഏതൊരാളും തകർന്നുപോകുന്ന സംഭവമാണല്ലോ അത്. സ്വന്തം അനാസ്ഥമൂലം പേഴ്സ് നഷ്ടപ്പെടുക, എന്നിട്ട് തെളിവായി നിൽക്കാൻ യാതൊരു സാധ്യയുമില്ലാത്ത ആളെപോലും തിരിച്ചറിയാനാവാത്ത സി സി ടി വി ദൃശ്യത്തിന്റെ പേരിൽ നിപരാധിയെ പൊലിസ് സ്്റ്റേഷനിലേക്കു പിടിച്ചുകൊണ്ടുപോയി മാനസികമായി പീഡിപ്പിക്കുക, ഭീഷണിപ്പെടുത്തുക. സാധാരണക്കാർക്ക് ഇതൊക്കെ താങ്ങാനാവുമോയെന്നും രാജൻ ചോദിക്കുന്നു.

പൊലിസിന്റെ ഹറാസ്മെന്റിനെതിരേ പിന്നീട് നീതിതേടി പൊലിസ് കംപ്ലയിന്റ് അഥോറിറ്റിയിൽ ഹരിദാസൻ പരാതി നൽകി. പക്ഷേ ഒരു വർഷം കഴിഞ്ഞാണ് കേസ് വിളിച്ചത്. റിട്ട. ജഡ്ജിയായിരുന്നു കേസ് കേട്ടത്. എല്ലാം കേട്ടിട്ട് നിങ്ങൾക്ക് എന്താണ് പ്രശ്നമെന്നായി അദ്ദേഹം. കേവലം സംശത്തിന്റെ പേരിൽ പൊലിസ് സ്റ്റേഷനിൽകൊണ്ടുപോകുകയും ചവിട്ടികൂട്ടുമെന്ന് ഭീഷണിപ്പെടുത്തുകയുമെല്ലാം ചെയ്തെന്ന് അളിയൻ വിവരിച്ചപ്പോൾ ഇപ്പോൾ നിങ്ങൾക്ക് എന്താണ് പ്രശ്നമെന്നായിരുന്നു മനുഷ്യാവകാശ കമ്മിഷൻ അംഗം കെ ബൈജുനാഥിന്റെ വീണ്ടുമുള്ള ചോദ്യം. തങ്ങൾ സ്റ്റേഷനിലേക്കു വിളിപ്പിക്കുകയാണ് ചെയ്തതെന്നും ജീപ്പിൽ കയറ്റികൊണ്ടുപോയിട്ടില്ലെന്നുമായിരുന്നു അഥോറിറ്റിയുടെ ഹിയറിങ്ങിൽ പൊലിസുകാർ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് എസ് പി നൽകിയ റിപ്പോർട്ടിലും പൊലിസ് പറഞ്ഞ അതേ കാര്യമായിരുന്നു ഉണ്ടായിരുന്നത്.

ജീപ്പിൽ കയറ്റികൊണ്ടുപോകുന്നത് കണ്ടവരുണ്ടെന്നു പറഞ്ഞപ്പോൾ അവരെ കമ്മിഷന് മുന്നിൽ ഹാജരാക്കാൻ പറഞ്ഞിരുന്നു. എന്നാൽ വാദം കേട്ടവരിൽനിന്ന് നീതികിട്ടില്ലൈന്ന് ബോധ്യപ്പെട്ടതിനാൽ പിന്നീട് അതുവഴി പോയില്ലെന്ന് രാജൻ പറഞ്ഞു. പരാതി കിട്ടിയാൽ പൊലിസിന് ഇതെല്ലാതെ എന്താണ് ചെയ്യാൻ സാധിക്കുകയെന്നായിരുന്നു സി ഐ അന്ന് ജഡ്ജിന് മുന്നിൽ പറഞ്ഞത്. പരാതിയിൽ കഴമ്പുണ്ടെന്നു തോന്നിയതിനാലാണ് നടപടി സ്വീകരിച്ചതെന്നും പൊലിസ് പറഞ്ഞിരുന്നു. ഈ സംഭവം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കു ശേഷം പ്രസിദ്ധീകരിച്ച മനോരമ പത്രത്തിൽ ഞങ്ങളുടേത് ഉൾപ്പെടുയുള്ള കേസുകൾ കമ്മിഷൻ തീർപ്പാക്കിയെന്ന പേരിൽ വ്യാജ വാർത്തയും കമ്മിഷന്റെ വാർത്താക്കുറിപ്പെന്ന നിലയിൽ വന്നിരുന്നു.

സാധാരണക്കാർ ഇതിനെതിരേയൊന്നും ഒന്നു ചെയ്യാനാവില്ലെന്ന ഉദ്യോഗസ്ഥരുടെയും അധികാരി വർഗത്തിന്റെയും ധാർഷ്ട്യമാണ് ഇത്തരം വാർത്തകൾക്കു പിന്നിൽ. ഇതുപോലെ എത്ര വാർത്തകൽ പ്രചരിക്കുന്നുണ്ടാവും. മാസനികാസ്വാസ്ഥ്യത്തിന് ചികിത്സ തേടണ്ടിവന്നതും മാസങ്ങളോളം ജോലിക്കുപോകാനാവാതെ വീട്ടിൽ ഒതുങ്ങി കഴിയേണ്ടിവന്നതുമെല്ലാം സാധാരണക്കാരൻ അനുഭവിക്കേണ്ടതാണെന്ന രീതിയിൽ നീതിപീഠങ്ങൾ പ്രവർത്തിക്കുന്നത് ദയനീയമായ കാര്യമാണെന്നും രാജൻ പറയുന്നു.