കണ്ണൂർ: ഹർത്താൽ ദിനത്തിൽ വ്യാപക അക്രമം അരങ്ങേറിയ കണ്ണൂരിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വ്യാപക പരിശോധന. കണ്ണൂർ താണ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തെ വീമാർട്ട് എന്ന ഹൈപ്പർമാർക്കറ്റ്, ബാങ്ക് റോഡിലെ പ്രഭാത ജങ്ഷനിലെ ടെക്സ്റ്റൈയിൽ ഷോപ്പ്, കക്കാട് വ്യാപാര സ്ഥാപനങ്ങൾ, കണ്ണൂർ സിറ്റിയിലെ നേതാക്കളുടെ വീടുകൾ എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്.

താണയിലെ സ്ഥാപനത്തിന്റെ പാർട്ണർമാരിൽ ചിലർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത് എന്നാണ് സൂചന.

കണ്ണൂർ എ.സി.പി ടി.കെ രത്നകുമാർ, കണ്ണൂർ ടൗൺ പൊലിസ് ഇൻസ് പെക്ടർ ബിനു മോഹൻ, എന്നിവർ കണ്ണൂർ നഗരത്തിലും എസ്. ഐ നസീബ് കക്കാട്ടും റെയ്ഡ് നടത്തി. കണ്ണൂർ സിറ്റി സി. ഐ രാജീവ് കുമാർ എന്നിവർ നേതൃത്വം നൽകി. ഇവിടെ നിന്നും ലാപ്പ് ടോപ്പുകൾ, ജീവനക്കാരുടെ മൊബൈൽ ഫോണുകൾ, ബാങ്ക് രേഖകൾ എന്നിവ പിടിച്ചെടുത്തു.

ഇവിടെ നിന്നും ലഘുലേഖകൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് വിവരം. പ്രധാനമായും ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് പൊലിസ് പരിശോധിക്കുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള പാര എന്ന തുണിക്കടയിൽ പൊലിസ് റെയ്ഡു നടത്തി. ടൗൺ എസ്. ഐ നസീബിന്റെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. പാപ്പിനിശേരി, മട്ടന്നൂർ, കണ്ണപുരം എന്നിവടങ്ങളിലും പൊലിസ് ഒരേ സമയത്താണ് റെയ്ഡു നടത്തിയത്.

പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കണ്ണൂരിൽ വ്യാപക അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. കണ്ണൂരിൽ പോപ്പുലർ ഫ്രണ്ടിന്റെ സംഘടനാശേഷി വളരെ വിപുലമാണെന്ന സൂചന നൽകുന്നതായിരുന്നു അത്. ഇതേത്തുടർന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും അവരുടെ സ്ഥാപനങ്ങളെയും കണ്ടെത്തി പരിശോധന.

പ്രഭാത് ജംഗ്ഷനിലെ സ്‌പ്പൈസ് മാൻ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടന്നു. മട്ടന്നൂർ, ചക്കരക്കല്ല്, ഇരിട്ടി, ഉളിയിൽ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. നേതാക്കളുടെ സാമ്പത്തിക സ്രോതസും, ഹർത്താൽ ഗൂഢാലോചന കണ്ടെത്തുകയുമാണ് റെയ്ഡിന്റെ ലക്ഷ്യം

കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഉറവിടം കണ്ടെത്തുക, സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുക തുടങ്ങിയ കാര്യങ്ങൾക്കാണ് കണ്ണൂരിൽ പൊലീസ് റെയ്ഡ് നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്തടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത് എന്ന കാര്യത്തിൽ പൊലീസ് കൃത്യമായ വിശദീകരണം നൽകിയിട്ടില്ല.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഓഹരിയുള്ള സ്ഥാപനങ്ങളിലുമാണ് മുഖ്യമായി പരിശോധന നടന്നത്. താണയ്ക്ക് പുറമേ കണ്ണൂർ പ്രഭാത് ജംഗ്ഷൻ, മട്ടന്നൂർ, ചക്കരക്കല്ല്, ഇരിട്ടി, ഉളിയിൽ എന്നിവിടങ്ങളിലും പരിശോധന നടന്നു.