പാലക്കാട്: വയോധികനെയും മയക്കുമരുന്ന് കടത്ത് കേസിൽ പ്രതിയായ യുവാവിനെയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ സസ്‌പെൻഷനിലായ മീനാക്ഷിപുരം ഇൻസ്‌പെക്ടർ പിഎം ലിബിയ ജീവനൊടുക്കാൻ ശ്രമിച്ചു. കാറിൽ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചെങ്കിലും കാറിന്റെ ചില്ലു തകർത്ത് പൊലീസും അഗ്‌നിരക്ഷാസേനയും സോപ്പുവെള്ളം ചീറ്റിച്ചതോടെ ശ്രമം പാളി. ലിബിയെ ജൂബലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു ലിബിയെ സസ്‌പെന്റ് ചെയ്തത്.

പാലിയേക്കര ടോൾ പ്ലാസയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കാറിൽ 20 ലീറ്റർ പെട്രോളുമായെത്തി തീകൊളുത്തി മരിക്കാനായിരുന്നു ശ്രമം. ഇൻസ്‌പെക്ടറെ ആശുപത്രിയിലേക്കു മാറ്റി. കൊല്ലം സ്വദേശിയാണ് ലിബി മുതിർന്ന പൗരനോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ വ്യാഴാഴ്ചയാണ് സസ്‌പെൻഡ് ചെയ്തത്.

ഉത്തരമേഖലാ ഐജി നീരജ് കുമാർ ഗുപ്തയാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ചായക്കട നടത്തുന്ന 57 കാരനെയാണ് ലിബി ക്വാർട്ടേഴ്‌സിൽ വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനം നടത്തിയത്. ഇയാളെ സ്ഥിരമായി ക്വാർട്ടേഴ്‌സിലേക്ക് വിളിച്ചു കൊണ്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ട മകന്റെ പരാതിയിലാണ് നടപടി.

വഴിയരികിൽ വച്ച് കണ്ട വയോധികനോട് ക്വാർട്ടേഴ്‌സിൽ വരാൻ ആവശ്യപ്പെടുകയായിരുന്നു. ഭയന്നു പോയ ഇയാൾ ക്വാർട്ടേഴ്‌സിൽ എത്തിയപ്പോൾ ഇൻസ്‌പെക്ടർ നിക്കർ മാത്രം ധരിച്ച് നിൽക്കുകയായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പിന്നീടും പീഡനം ഉണ്ടായി. ഇൻസ്‌പെക്ടർ വിളിക്കുമ്പോഴൊക്കെ ചെല്ലാൻ ആവശ്യപ്പെട്ടു. വയോധികൻ ചെല്ലാതെ വന്നതോടെ ഫോണിൽ വിളിച്ചു. പിന്നീട് താമസസ്ഥലത്ത് ചെന്ന് ഭീഷണി മുഴക്കി. ഇതോടെ വയോധികന്റെ മകൻ പരാതി നൽകി.

എന്നാൽ, ലിബിക്കെതിരായ പരാതി ഒതുക്കുകയാണ് ആദ്യം പൊലീസ് ചെയ്തത്. സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലിബിയെ ഡിസിആർബിയിലേക്ക് മാറ്റി. പിന്നീട് നടന്ന അന്വേഷണത്തിൽ സമാനമായ സംഭവങ്ങൾ വെറെയുമുണ്ടെന്ന് വെളിവായി. മെത്താഫിൻ എന്ന മയക്കു മരുന്നു കേസിലെ പ്രതിയായ യുവാവിനെ ക്വാർട്ടേഴ്‌സിൽ കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനം നടത്തി. കേസിലെ വകുപ്പുകൾ ഇളവ് ചെയ്തു കൊടുത്തതിനാൽ ഇയാൾക്ക് ജാമ്യം ലഭിച്ചു.

വർക്കല അയിരൂർ എസ്എച്ച്ഒ ആയിരുന്ന ജയസനലും സമാനമായ കുറ്റകൃത്യത്തിൽ സസ്‌പെൻഷനിലാണ്. ഇയാൾ പീഡിപ്പിച്ചത് പോക്‌സോ കേസിലെ പ്രതിയെ ആണ്. പത്തനംതിട്ട പുത്തൻപീടിക സ്വദേശിയായ ലിബി നിലവിൽ കൊട്ടരക്കരയാണ് താമസിക്കുന്നത്. പത്തനംതിട്ട എആർ ക്യാമ്പിൽ പൊലീസുകാരനായിരിക്കേ ടെസ്റ്റ് എഴുതി എസ്‌ഐയായി.

നിരവധി ആരോപണങ്ങൾ ഇയാൾക്കെതിരേ ഉണ്ടായിട്ടുണ്ട്. ആറന്മുള, പമ്പ എന്നിവിടങ്ങളിൽ എസ്എച്ച്ഓ ആയി. കേസുകൾ അട്ടിമറിച്ചതിന് വകുപ്പുതല നടപടികൾ നേരിടേണ്ടി വന്നു. ആറന്മുളയിൽ എസ്എച്ച്ഓ ആയി മൂന്നു ദിവസം മാത്രമാണ് ഇരുന്നത്. പിന്നീട് വിജിലൻസിലേക്ക് സ്ഥലം മാറ്റിയ ഇയാളെ അവിടേക്ക് സ്വീകരിച്ചില്ല. പിന്നീട് ദിവസങ്ങളോളം പോസ്റ്റിങ് ഇല്ലാതെ നിന്നു. നിരവധി അച്ചടക്ക നടപടികൾ നേരിടേണ്ടി വന്നതിനാലാണ് വിജിലൻസ് ഇയാളെ തഴഞ്ഞത്.

പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ പണിയില്ലാതെ കുത്തിയിരുന്ന് അവസാനം മീനാക്ഷിപുരത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. പിരിച്ചു വിടപ്പെടേണ്ടവരുടെ ലിസ്റ്റിലെ മൂന്നാമൻ ലിബിയാണെന്ന് സംശയിക്കുന്നു.