തൃശ്ശൂർ: വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് യാത്രക്കാരെ പിടികൂടാൻ മേലുദ്യോഗസ്ഥൻ നിശ്ചയിച്ചു നൽകിയ ക്വാട്ട തികയ്ക്കാത്ത പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്. തൃശൂർ കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനാണ് കൃത്യവിലോപവും അച്ചടക്ക ലംഘനവും നടത്തിയെന്ന പേരിൽ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.

കഴിഞ്ഞ 14 ന് രാത്രി മദ്യപിച്ച് വാഹനമോടിച്ച രണ്ടുപേരെയെങ്കിലും പിടികൂടാൻ മോഹനകുമാരൻ എന്ന പൊലീസ് ഉദ്യോഗസ്ഥന് സി ഐ നിർദ്ദേശം നൽകിയിരുന്നു. പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച ഒരാളെ മാത്രമാണ് പിടികൂടാനായത്. തുടർന്നാണ് സി ഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്നും അറ്റാച്ചായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി. തൃശൂർ സിറ്റിയുടെ പരിസര പ്രദേശങ്ങളിലാണ് പട്രോളിങ് ഡ്യൂട്ടിക്കായി നിശ്ചയിച്ചിരുന്നത്.

കുറഞ്ഞത് രണ്ട് പേരെയെങ്കിലും പിടികൂടാനാവാത്തത് കൃത്യവിലോപവും അച്ചടക്ക ലംഘനവുമെന്നാണ് കാരണം കാണിക്കൽ നോട്ടീസ് പറയുന്നത്. 48 മണിക്കൂറിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും കൺട്രോൾ റൂം സി ഐ ശൈലേഷ് കുമാർ കാരണം കാണിക്കൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകി. തൃശ്ശൂർ അസിസ്റ്റന്റ് കമ്മീഷണർക്കും പകർപ്പ് സൂചിപ്പിക്കുന്നതാണ് നോട്ടീസ് ഇന്നലത്തെ (17-10-2022 ) ഡേറ്റിലാണ് നൽകിയിരിക്കുന്നത്.



നോട്ടീസിൽ പറയുന്നത്.

'രാത്രി എട്ടു മണിമുതൽ രാവിലെ എട്ടുമണിവരെ തൃശൂർ സിറ്റിയുടെ പരിസര പ്രദേശഹ്ങളിൽ പട്രോളിങ് നടത്തുന്നതിനിടയിൽ കുറഞ്ഞത് രണ്ട് ഡ്രങ്കൺ ഡ്രൈവ് ഒഫൻസുകൾ കണ്ടെത്തി സ്റ്റേഷനിലേക്ക് നിർദേശിച്ചയക്കണം എന്ന മേൽ നിർദ്ദേശം ഉണ്ടായിട്ടും താങ്കൾ അത് പാലിച്ചിട്ടില്ല. ഒരു ഡ്രങ്കൺ ഡ്രൈവ് ഒഫൻസ് മാത്രമാണ് കണ്ടെത്തിയത്. അച്ചടക്കം പരമപ്രധാനമായ സേനയിലെ ഒരംഗം എന്ന നിലയ്കക്ക് താങ്കലുടെ ഇത്തരം പ്രവൃത്തി കൃത്യവിലോപവും, അച്ചടക്ക ലംഘനവും മേലുദ്യോഗസ്ഥരുടെ നിർദേശത്തെ അവഗണിക്കലും ആണെന്നിരിക്കെ താങ്കൾക്ക് എന്തെങ്കിലും സമാധാനം ബോധിപ്പിക്കാനുണ്ടെങ്കിൽ, അത് 48 മണിക്കൂറിനകം ബോധിപ്പിക്കണം. അല്ലാത്ത പക്ഷം തുടർ നടപടികൾ സ്വീകരിക്കും' നോട്ടീസിൽ പറയുന്നു.