ശബരിമല: പത്ത് ദിവസത്തെ ശബരിമല ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ പെരുവണ്ണാമൂഴി സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ ഇ.എം സുഭാഷിന് എത് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്മനിർവൃതികൂടെയാണ്.പ്രശ്‌നങ്ങളില്ലാതെ ഡ്യൂട്ടി പൂർത്തിയാക്കാൻ പറ്റി എന്നതിനൊപ്പം തന്നെ വിലപ്പെട്ട മൂന്നു മനുഷ്യജീവനുകൾ രക്ഷിച്ചെടുക്കാനായതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.ക്രിസ്തുമസ് ദിനത്തിലെ അ ആപൂർവ്വ രക്ഷപ്പെടുത്തൽ ഇങ്ങനെ..

പമ്പാനദിയിൽ കയത്തിൽ അകപ്പെട്ട 3 തീർത്ഥാടകർക്കാണ് ഇ.എം സുഭാഷ് രക്ഷകനായത്. ഇക്കഴിഞ്ഞ ഡിസംബർ 25 ക്രിസ്മസ് ദിനത്തിലായിരുന്നു അപകടം നടന്നത്.വൈകുന്നേരം ഫൂട് പട്രോൾ ഡ്യൂട്ടി ചെയ്യുമ്പോഴാണ് അന്നദാന മണ്ഡപത്തിന് സമീപത്തുള്ള കുളികടവിലെ ഒഴുക്കുള്ള ഭാഗത്തേക്ക് മൂന്ന് അയ്യപ്പഭക്തർ താഴ്ന്ന് പോവുന്നത് സുഭാഷ് കണ്ടത്. രണ്ടുപേർ കയത്തിലകപ്പെട്ടപ്പോൾ രക്ഷിക്കാനെത്തിയ മൂന്നാമത്തെയാളും താഴ്ന്നുപോകുകയായിരുന്നു.

വേഗം കയ്യിലെ പേഴ്‌സും വയർലെസ് സെറ്റും കൂടെയുള്ള പൊലീസ് ഉദ്യോഗസ്ഥനെ ഏല്പിച്ച് സുഭാഷ് പമ്പാ നദിയിലേക്ക് എടുത്ത് ചാടി മൂന്നു പേരെയും അതിസാഹസികമായി രക്ഷപ്പെടുത്തി. കർണാടക സ്വദേശികളായ ശ്രീധറും (32) ചന്ദുവും (23) ഗൗതവും (20) ആയിരുന്നു നദിയിലെ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.അപകടമേഖലയായതിനാൽ നേരത്തേതന്നെ നിയന്ത്രണമുള്ള സ്ഥലത്താണ് അയ്യപ്പന്മാർ ഇറങ്ങിയത്.

സുഭാഷിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് വലിയൊരു ദുരന്തം ഇല്ലാതായത്. പുഴയിൽച്ചാടുമ്പോൾ എടുത്തുവെക്കാന്മറന്ന ഫോൺ നഷ്ടപ്പെട്ടെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായതിന്റെ സംതൃപ്തിയോടെയാണ് പത്തുദിവസത്തെ ശബരിമല ഡ്യൂട്ടി പൂർത്തിയാക്കി സുഭാഷ് മടങ്ങിയത്.ഒഴുക്കിൽപ്പെട്ട തീർത്ഥാടകരുടെ ജീവൻ അതിസാഹസികമായി രക്ഷപ്പെടുത്തിയ പൊലീസ ഉദ്യോഗസ്ഥന് സംസ്ഥാന പൊലീസ് സേനയുടെ അഭിനന്ദനവുമെത്തി.

15 വർഷമായി കേരള പൊലീസിൽ അംഗമായ സുഭാഷ് ഇപ്പോൾ വടകര പൊലീസ് കൺട്രോൾ റൂമിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്. മുൻപ് പേരാമ്പ്ര പൊലീസ് സ്റ്റേഷനിലും പ്രവർത്തിച്ചിരുന്നു. പെരുവണ്ണാമൂഴി പന്നിക്കോട്ടൂർ സ്വദേശിയായ സുഭാഷ് പേരാമ്പ്ര എരവട്ടൂർ ഏരത്ത് മുക്കിൽ എരഞ്ഞോളി മീത്തൽ ആരാമം വീട്ടിലാണ് താമസം.