- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിൽ നിന്നും കാമലൈൻ എത്തി;വർക്കലയിൽ നിന്നും മൂന്നാറിലേക്കുള്ള യാത്രയിൽ വാഹനം നിർത്തി; ചിറക്കടവിലെ അലങ്കാരവും കൊടിതോരണങ്ങളും ആവേശമായി; കേരളീയ വേഷത്തിൽ താലപ്പൊലിയെടുത്ത് ആഘോഷത്തിൽ പങ്കെടുത്തു; ഇത് പൊൻകുന്നത്തെ വേറിട്ട കാഴ്ച
കോട്ടയം: വർക്കലയിൽ നിന്നും മൂന്നാറിലേക്കുള്ള യാത്രയിൽ വാഹനം നിർത്തി ഇസ്രയേൽ വനിത ആറാട്ട് ഘോഷയാത്രയിൽ പങ്കെടുത്തു. കോട്ടയം പെൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ചാണ് ഘോഷയാത്ര നടന്നത്. യാത്രാമധ്യേ ചിറക്കടവിലെത്തിയപ്പോൾ വഴിയിൽ കണ്ട അലങ്കാരങ്ങളും കൊടിതോരണങ്ങളും റോഡിൽ കോലം വരയ്ക്കുന്ന ചെറുപ്പക്കാരെയും കണ്ടാണ് അവർ വാഹനം നിർത്തിയത്.
കാര്യങ്ങൾ തിരക്കിയതോടെ ഒരു ഉത്സവത്തിന്റെ ഭാഗമാണ് എന്നും രാത്രിയിൽ ഗംഭീര എതിരേൽപ്പുണ്ടെന്നും അതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത് എന്നുമറിഞ്ഞപ്പോൾ അവരുടെ കൗതുകം ഇരട്ടിച്ചു. എല്ലാം കാണാൻ താൽപര്യമുണ്ടെന്നും താമസിക്കാൻ സൗകര്യമുണ്ടായിരുന്നെങ്കിൽ അവിടെ സ്റ്റേ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചപ്പോൾ നാട്ടുകാർക്കും സന്തോഷം. എലവനാപ്പാറയിൽ സാബു സ്വന്തം വീട്ടിൽ താമസസൗകര്യമൊരുക്കാൻ മുന്നോട്ട് വന്നു. സാബുവിന്റെ സഹോദരിമാർ അവർക്ക് പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ നൽകി. വേഷമണിഞ്ഞെത്തിയപ്പോൾ കാമലൈൻ ഒരു തനി മലയാളി മങ്ക.
ആറാട്ട് വരവേൽപ്പിനു ദീപം തെളിയിച്ചും എതിരേൽപ്പിനൊപ്പം താലപ്പൊലിയെടുത്തും കാമലൈനും പങ്കാളിയായി. ഇസ്രയേലിലെ ആഷ്‌കലോൺ ആണ് സ്വദേശം, ഇസ്രയേൽ പ്രധാനമന്ത്രിയോടൊപ്പം രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന കാമലൈൻ പത്രപ്രവർത്തകാണ്. ട്വിറ്റർ വഴി ബന്ധപ്പെട്ട ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്റെ വിവാഹത്തിനാണ് അവർ ആദ്യമായി ഇന്ത്യയിൽ വരുന്നത്. ഇന്ത്യയെ ഏറെ ഇഷ്ടപ്പെട്ട കാമലൈൻ തിരികെപ്പോയി. 2022 ൽ വീണ്ടും ഇന്ത്യയിലെത്തി.
യാത്രകളെ സ്നേഹിക്കുന്ന കാമലൈന് തിരുവനന്തപുരം വളരെ ഗൃഹാതുരത്വം തോന്നുന്ന സ്ഥലം എന്നാണ് പറഞ്ഞത്. ഒറ്റക്ക് വാഹനമോടിച്ചാണ് എത്തിയത്. വളർപ്പെട്ടെന്ന് അവിടെയുള്ളവരുമായി അവർ സൗഹൃദത്തിലായി, അതുവരെ അധ്വാനിച്ചു മടുത്തവർക്ക് അവരുടെ സാമീപ്യം ഒരു പോസിറ്റീവ് എനർജി നൽകി.