തിരുവനന്തപുരം: ഗർഭിണിയുടെ മണമടിച്ചാൽ പ്രദേശത്തേക്ക് എത്തുന്ന കാട്ടാനയും വീടെന്ന് പറയാവുന്ന ഷെഡിന് ചുറ്റും കറങ്ങി നടക്കുന്ന കടുവയും പുലിയും ഒരു കുടുംബത്തിന്റെ സ്വസ്ഥത തകർക്കുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് മറുനാടൻ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്.വന്യജീവികളെ ഭയന്ന് ഭർത്താവും ഗർഭിണിയായ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ഏറുമാടത്തിലാണ് താമസമാക്കിയിരുന്നത്.8 മാസം ഗർഭിണിയായ യുവതി ഏറുമാടത്തിലേക്ക് കയറുന്നതിന്റെ അപകടസാധ്യത കൂടി ചൂണ്ടിക്കാട്ടിയായിരുന്നു മറുനാടൻ വാർത്ത പ്രേക്ഷകരിലേക്കെത്തിച്ചത്.

വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഏറുമാടത്തിൽ കഴിയുന്ന ഗർഭിണിയെയും കുട്ടികളെയും സംരക്ഷിക്കാൻ അടിയന്തര നടപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്ത് വന്നത്.കുടുംബത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.അവരെ സുരക്ഷിതമായി താമസിപ്പിക്കാനും മതിയായ ചികിത്സ ഉറപ്പാക്കാനും വനിതാ ശിശുവികസന വകുപ്പിനും ആരോഗ്യ വകുപ്പിനും മന്ത്രി നിർദ്ദേശം നൽകി.

ശബരിമല വനമേഖലയിലെ ചാലക്കയം ഉൾവനത്തിലായിരുന്നു മലമ്പണ്ടാര വിഭാഗത്തിൽപെട്ട ഇവരുടെ താമസം. ളാഹ മഞ്ഞത്തോട് കേന്ദ്രീകരിച്ച് ആദിവാസി കുടുംബങ്ങൾക്കു സ്ഥലം നൽകുന്നതിനുള്ള നടപടികൾ തുടങ്ങിയതോടെയാണ് ഇവിടെയെത്തുന്നത്. റോഡിനോടു ചേർന്ന് കൂര ഒരുക്കിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ കാട്ടാനയെത്തി നശിപ്പിച്ചു.പിന്നെ ഒട്ടും താമസിച്ചില്ല, കൂരയോടു ചേർന്ന മരത്തിൽ മുൻപ് ഉണ്ടായിരുന്ന ഏറുമാടം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വാസയോഗ്യമാക്കി.

രാജേന്ദ്രൻ പൊന്നമ്മ ദമ്പതികളുടെ മക്കളായ രാജമാണിക്യവും രാജമണിയുമടങ്ങുന്ന കുടുംബം ഒരു വർഷമായി രാത്രി ഈ ഏറുമാടത്തിലാണ് അന്തിയുറങ്ങുന്നത്. വൈകുന്നേരമാകുമ്പോഴേക്കും താൽക്കാലിക ഷെഡിൽനിന്ന് എല്ലാവരും ഏറുമാടത്തിലേക്കു മടങ്ങും. ഇളയ മകനെ മാറാപ്പ് കെട്ടി അതിനുള്ളിലാക്കിയാണ് ഏറുമാടത്തിനു മുകളിലെത്തിക്കുന്നത്. പൊന്നമ്മയുടെ ഈ അവസ്ഥയിൽ ഏറുമാടത്തിൽ കയറാൻ ഏറെ പ്രയാസമാണ്.പോഷകാഹാരക്കുറവുമൂലം ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും രാജേന്ദ്രൻ പറയുന്നു.

സന്ധ്യയാകും മുൻപേ ഇവിടെ വന്യമൃഗങ്ങളെത്തുന്നത് പതിവാണ്.താമസിക്കുന്ന ഷെഡ് പലതവണ ആന നശിപ്പിച്ചു.പുലികളും എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കടുവ ഇവരുടെ വളർത്തു നായയെയും ഓടിച്ചു. 40 അടിയോളം ഉയരമുള്ള വന്മരത്തിന്റെ നെറുകയിലാണ് ഏറുമാടം നിർമ്മിച്ചിരിക്കുന്നത്.അവിടേക്ക് എത്തുന്നതാകട്ടെ കാട്ടുകമ്പുകൾകൊണ്ടു നിർമ്മിച്ച പടവുകൾ ചവിട്ടിക്കയറിയും.

നിറവയറുമായി ഏറുമാടത്തിൽ എത്തുമ്പോഴേക്കും പൊന്നമ്മ തളർന്നുപോകും.'വന്യമൃഗശല്യം അസഹനീയമായതോടെ ജീവൻ രക്ഷിക്കാൻ മറ്റൊരു വഴിയില്ല.ദുരിതം പറഞ്ഞ് മടുത്തു.അതു കേൾക്കാൻ അധികൃതർക്കു താൽപര്യമില്ലെങ്കിലും ഞങ്ങൾക്കും ജീവിക്കണ്ടേയെന്നാണ് ളാഹ മഞ്ഞത്തോട് ആദിവാസി ഊരിൽ വന്യമൃഗങ്ങളെ ഭയന്ന് ഏറുമാടത്തിൽ താമസിക്കുന്ന രാജേന്ദ്രന്റെ ഭാര്യ പൊന്നമ്മ ചോദിക്കുന്നത്.മന്ത്രിയുടെ ഇടപെടലോടെ വർഷങ്ങളായുള്ള ദുരിതത്തിന് അറുതിയാകുമെന്ന വിശ്വാസത്തിലാണ് കുടുംബം