തിരുവനന്തപുരം: ഓണം ബമ്പർ വൻ വിജയമാണെന്നും പൂജാ ബമ്പർ നാളെമുതൽ വിൽപ്പനയ്ക്ക് എത്തുമെന്നും ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ. ഓണം ബമ്പർ ടിക്കറ്റ് തുക കൂടിയിട്ടും ജനങ്ങൾ സഹകരിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി തുക ടിക്കറ്റ് ഉടമയ്ക്ക് കൈമാറുമെന്നും എബ്രഹാം റെൻ പറഞ്ഞു.

പൂജാബമ്പർ ഒന്നാം സമ്മാനം അഞ്ച് കോടിയിൽ നിന്നും 10 കോടിയാക്കി ഉയർത്തി.നാളെ മുതൽ മാർക്കറ്റിലെത്തുമെന്നും ലോട്ടറി വകുപ്പ് ഡയറക്ടർ അറിയിച്ചു. പൊതുവെ വലിയ സ്വീകാര്യതയാണ് ലോട്ടറിക്ക് കേരളത്തിലുള്ളത്. സാധാരണ ഒരുകോടിയോളം ടിക്കറ്റുകൾ കേരളത്തിൽ ദിവസേനെ വിറ്റ് പോകുന്നുണ്ട്. ഇത്രയും സ്വീകാര്യതയുള്ള മേഖലയിൽ കൂടുതൽ സമ്മാനങ്ങൾ അർഹിക്കുന്നു. സമ്മാനത്തുകയും എണ്ണവും വർധിപ്പിച്ചിട്ടുണ്ടെന്നും ലോട്ടറി വകുപ്പ് ഡയറക്ടർ പറഞ്ഞു.

12 കോടിപതികളാണ് ഇന്നത്തെ നറുക്കെടുപ്പിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഇതിന്റെ മുഴുവൻ പ്രചോദനം ജനങ്ങൾക്കുള്ള സ്വീകാര്യതയാണ്. ഓണം ബമ്പർ ഏതൊരു മലയാളിയും എടുക്കാൻ ആഗ്രഹിക്കുന്നതാണ് വില വർധിക്കുമ്പോഴും എല്ലാ ജനങ്ങളും ടിക്കറ്റ് എടുത്തു.

ഓണം ബമ്പറിന് 25 കോടി രൂപയാണ് ഈവർഷത്തെ ഒന്നാംസമ്മാനം. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികൾ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകിൽ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അർഹത. അഞ്ചുകോടി രൂപയാണ് രണ്ടാംസമ്മാനം. മൂന്നാംസമ്മാനം ഒരു കോടി രൂപ വീതം പത്തുപേർക്ക്. 90 പേർക്ക് നാലാംസമ്മാനമായി ഒരുലക്ഷം രൂപ വീതവും ലഭിക്കും. ആകെ 126 കോടി രൂപയാണ് ഇത്തവണ സമ്മാനമായി നൽകുന്നത്.

66.5 ലക്ഷം ടിക്കറ്റുകളാണ് ശനിയാഴ്ച വൈകുന്നേരംവരെ വിറ്റത്. കഴിഞ്ഞവർഷം ഓണത്തിന് വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. ഇത്തവണ ആദ്യം 65 ലക്ഷം അച്ചടിച്ചു. ആവശ്യക്കാർ ഏറിയതിനാൽ രണ്ടരലക്ഷംകൂടി അച്ചടിച്ചു. ഞായറാഴ്ച ഉച്ചവരെ ടിക്കറ്റുകൾ വിറ്റിരുന്നു. 90 ലക്ഷം ടിക്കറ്റുകൾവരെ അച്ചടിക്കാൻ ഇത്തവണ ഭാഗ്യക്കുറിവകുപ്പിന് സർക്കാർ അനുമതിനൽകിയിരുന്നു.

500 രൂപയായിരുന്നു ടിക്കറ്റിന്റെ വില. ചെറിയ ഏജന്റുമാർക്ക് 95 രൂപയും 1000 ടിക്കറ്റിൽക്കൂടുതൽ വിൽക്കുന്ന വലിയ ഏജന്റുമാർക്ക് 99.69 രൂപയും കമ്മിഷനായി നൽകും. ഏകദേശം 400 രൂപയാണ് ടിക്കറ്റൊന്നിന് ഖജനാവിൽ എത്തുന്നത്. ഓണം ബമ്പർ വിൽപ്പനയിലൂടെ 270 കോടി രൂപ ഇതിനകം എത്തി. സമ്മാനത്തുകയും 28 ശതമാനം ജി.എസ്.ടിയും വകുപ്പിന്റെ നടത്തിപ്പ് ചെലവും എല്ലാം കഴിച്ചുള്ള തുകയാണ് സർക്കാരിന് കിട്ടുന്നത്. കഴിഞ്ഞ വർഷം ഓണം ബമ്പർ ടിക്കറ്റ് വിൽപ്പന വഴി സർക്കാരിനു കിട്ടിയത് 124.5 കോടി രൂപയാണ്. 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. അന്നു ടിക്കറ്റു വില 300 രൂപയായിരുന്നു.

25 കോടി രൂപ ഒന്നാം സമ്മാനവുമായി 500 രൂപയുടെ ടിക്കറ്റ് വിപണിയിലെത്തിയപ്പോൾ മൊത്തക്കച്ചവടക്കാർ മുതൽ നടന്നു വിൽപ്പന നടത്തുന്നവർ വരെയുള്ള ലോട്ടറി ഏജന്റുമാർ തുടക്കത്തിൽ പരിഭവം പറഞ്ഞിരുന്നു. ഇത്രയും വലിയ തുക നൽകി ആളുകൾ ടിക്കറ്റെടുക്കുമോയെന്നായിരുന്നു ഇവരുടെ ആശങ്ക. എന്നാൽ വിൽപന തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ആശങ്കയൊഴിഞ്ഞു. അത്രയധികം വേഗത്തിലായിരുന്നു ടിക്കറ്റുകൾ വിറ്റു തീർന്നത്.

ബമ്പർ ടിക്കറ്റിന് ക്ഷാമം അനുഭവപ്പെടുന്നതിലേക്കാണ് കാര്യങ്ങളെത്തിയത്. ടിക്കറ്റു വിൽപ്പന കൂടിയതോടെ ചില്ലറ വിൽപ്പന ഏജന്റുമാർക്ക് ടിക്കറ്റു കിട്ടാതായ അവസ്ഥയും ഉണ്ടായി. തുടർ ഘട്ടങ്ങളിൽ കൂടുതൽ ടിക്കറ്റുകളെത്തിച്ച് ക്ഷാമം തീർക്കുകയായിരുന്നു ലോട്ടറി വകുപ്പ്. 40 രൂപയുടെ പ്രതിദിന ലോട്ടറി വിൽപ്പനയും കൂടിയിട്ടുണ്ട്. 1,08 ലക്ഷം ടിക്കറ്റുകളാണ് പ്രതിദിനം അച്ചടിക്കുന്നത്. അതെല്ലാം വിറ്റുപോകുകയും ചെയ്യുന്നു.

കഴിഞ്ഞ ഒരു വർഷത്തെ ബമ്പർ ടിക്കറ്റുകളിൽ പൂജാ ബമ്പർ 200 രൂപയാണ് ടിക്കറ്റിന് ഈടാക്കിയത്. അഞ്ച് ലക്ഷം രൂപ ഒന്നാം സമ്മാനമായി നൽകി. 37 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. അതേ സമയം ക്രിസ്മസ് ബമ്പർ 200 രൂപ ടിക്കറ്റിന് ഈടാക്കിയപ്പോൾ 31.62 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 6 കോടി രൂപയാണ് ഒന്നാം സമ്മാനം നൽകിയത്. 250 രൂപ ടിക്കറ്റിന് ഈടാക്കി പുറത്തിറക്കിയ വിഷു ബമ്പർ 43.63 ലക്ഷം വിറ്റഴിഞ്ഞിരുന്നു. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം നൽകിയത്. മൺസൂർ ബമ്പർ 250 രൂപ നിരക്കിലാണ് ടിക്കറ്റ് വിറ്റഴിച്ചത്. 24.45 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 10 കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകിയത്.