- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടുംപുറം തൂവൽതീരത്തെ ദുരന്തത്തിൽ മരിച്ചത് അഞ്ചു സ്ത്രീകളും 12 കുട്ടികളും അടക്കം 22 പേർ; ഒരു കുടുംബത്തിലെ ഒൻപത് പേർക്ക് ജീവൻ പോയി; അപകടമുണ്ടാക്കിയത് തൂവൽതീരത്തു നിന്ന് പുറപ്പെട്ട അറ്റ്ലാന്റിക് എന്ന ബോട്ട്; ദുരന്തത്തിൽ പെട്ടത് അവധി ആഘോഷിക്കാൻ കുടുംബസമേതം എത്തിയവർ; പുഴയ്ക്കടിയിൽ തെരച്ചിൽ തുടരുന്നു; മരണം ഇനിയും ഉയർന്നേക്കാം
താനൂർ: പരപ്പനങ്ങാടി-താനൂർ നഗരസഭാ അതിർത്തിയിലുള്ള ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങി മരിച്ചത് 22 പേർ. 12 കുട്ടികളും മരിച്ചു. 11 പേരെ രക്ഷപ്പെടുത്തി. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. തീരത്തിന് 300 മീറ്റർ അകലെയാണ് ബോട്ട് മുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് താനൂരിലെത്തും. രക്ഷപ്പെടുത്തിയവരിൽ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പൂരപ്പുഴയിലും പരിസരത്തും ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ബോട്ട് കരക്കെത്തിച്ച വെട്ടിപൊളിച്ചെങ്കിലും ഇനിയും ആളുകൾ പുഴയിൽ വീഴാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് പുഴയിൽ പരിശോധന. അണ്ടർ ഗ്രൗണ്ട് നിരീക്ഷണ ക്യാമറ ഉപയോഗിച്ച് പുഴയുടെ അടിത്തട്ട് പരിശോധിക്കുകയാണ്. നൂറ് അടിയോളം താഴ്ചയിൽ ഉപയോഗിക്കാൻ കഴിയുന്ന ക്യമാറയാണ് എത്തിച്ചിട്ടുള്ളത്. വേലിയേറ്റം ഉണ്ടാകുമ്പോൾ വലിയ ഒഴുക്ക് പുഴയിലുണ്ടാകും. അല്ലാത്ത സമയം നിശ്ചലമായിരിക്കും. അതുകൊണ്ട് കരുതലോടെയാണ് രക്ഷാപ്രവർത്തനം. പുഴയും കടലും ചേരുന്ന സ്ഥലത്താണ് അപകടം.
പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരിൽ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂർണ്ണമായും മുങ്ങി. ബോട്ടിന്റെ വാതിൽ അടഞ്ഞിരുന്നത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ബോട്ടിൽ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലായിരുന്നു. അവധി ദിനമായതിനാൽ തീരത്ത് സന്ദർശകർ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷൻ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കൽ,താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു.
പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്ന (7), ഷംന (17), ഹുസ്‌ന (18), മലപ്പുറം മുണ്ടുപറമ്പ് നിഹാസിന്റെ മകൾ ഹാദി ഫാത്തിമ (7), ആവിൽ ബീച്ച് കുന്നുമ്മൽ കുഞ്ഞമ്പി (38), താനൂർ ഓലപ്പീടിക കാട്ടിൽ പീടിയേക്കൽ സിദ്ദീഖ് (35), മകൾ ഫാത്തിമ മിൻഹ (12), പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ ജാബിർ (40), മകൻ ജരീർ (12), പരപ്പനങ്ങാടി കുന്നുമ്മൽ സീനത്ത് (38), ഒട്ടുമ്മൽ കുന്നുമ്മൽ വീട്ടിൽ സിറാജിന്റെ മക്കളായ റുഷ്ദ, നയിറ, സാറ, പരപ്പനങ്ങാടി കുന്നുമ്മൽ റസീല, പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകൻ അഫ്‌ളഹ് (7), പെരിന്തൽമണ്ണ സ്വദേശി അൻഷിദ് (9), പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയും സിവിൽ പൊലീസ് ഓഫീസറുമായ സബറുദ്ദീൻ (38) എന്നിവരാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞവർ.
40ൽ കൂടുതൽ ആളുകൾ ബോട്ടിലുണ്ടായിരുന്നതായാണ് സൂചന. അപകടത്തിൽപ്പെട്ട ബോട്ട് കരയ്ക്കടുപ്പിച്ചു. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം എത്തി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും താനൂരിലെത്തും. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാരും രംഗത്തുണ്ട്. മന്ത്രി മുഹമ്മദ് റിയാസിനും അബ്ദുറഹിമാനുമാണ് ഏകോപന ചുമതല. നാസർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാത്രി ഏഴിന് ശേഷമാണ് അപകടം സംഭവിച്ചത്.
രക്ഷപ്പെട്ടവരിൽ എട്ടുപേർ കോട്ടക്കൽ മിംസ് ആശുപത്രിയിലും ഏഴുവയസ്സുള്ള ഒരു കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. മിംസിലുള്ള നാല് കുട്ടികളുടെ സ്ഥിതി ഗുരുതരമാണ്. ബോട്ടിലുണ്ടായിരുന്നവരുടെ എണ്ണം വ്യക്തമല്ല. നാൽപ്പത് ടിക്കറ്റ് നൽകിയെന്നാണ് സൂചന. കുട്ടികൾക്ക് ടിക്കറ്റ് ഇല്ലായിരുന്നു. തൂവൽതീരത്തുനിന്ന് പുറപ്പെട്ട അറ്റ്ലാന്റിക് എന്ന ബോട്ട് 700 മീറ്റർ അകലെയാണ് മറിഞ്ഞത്. അവധി ആഘോഷിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കുടുംബസമേതം എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
ബോട്ട് ഒരുവശത്തേക്ക് ചെരിഞ്ഞ് തലകീഴായി മറിഞ്ഞു. യാത്രക്കാർ അടിയിൽപ്പെട്ടു. തൊട്ടുപിറകിൽ വന്ന മറ്റൊരു വിനോദസഞ്ചാര ബോട്ട് അപകടം കണ്ട് തിരിച്ചുപോയി യാത്രക്കാരെ ഇറക്കിവന്നാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും ഇരുട്ട് തടസ്സമായി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 10 പേരുടെയും താനൂർ അജ്നോറ (ദയ) ആശുപത്രിയിൽ ഒമ്പതും തിരൂർ ജില്ലാ ആശുപത്രിയിൽ മൂന്നും മൃതദേഹങ്ങളുണ്ട്. മരിച്ചവരിൽ അഞ്ചുപേർ സ്ത്രീകളാണ്. അഗ്നിരക്ഷാസേന കയർകെട്ടി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തീരത്തേക്ക് വലിച്ച ബോട്ട് വെട്ടിപ്പൊളിച്ച് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തു.
മറുനാടന് മലയാളി ബ്യൂറോ