മനാമ: ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ബഹ്റൈനിലെ എണ്ണായിരത്തോളം വരുന്ന കത്തോലിക്കാ സമൂഹം സാക്ഷ്യം വഹിച്ചത് അത്ഭുത നിമിഷങ്ങൾക്ക്. ശനിയാഴ്ച നാഷണൽ സ്റ്റേഡിയത്തിൽ മാർപ്പാപ്പ നേതൃത്വം നൽകിയ കുർബാനയിൽ മുപ്പതിനായിരത്തിലേറെ പേരാണ് പങ്കെടുത്തത്. വിവേചനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്താണ് മാർപ്പാപ്പ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്തത്. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മക്കളിൽ ഒരാളും നിരവധി സർക്കാർ മന്ത്രിമാരും കുർബാനയിൽ പങ്കെടുത്തു.

സൗദി അറേബ്യയിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുമള്ള വിശ്വാസികൾ ശനിയാഴ്ച മാർപ്പാപ്പ നേതൃത്വം നൽകിയ കുർബാനയിൽ പങ്കെടുക്കാൻ ബഹ്‌റൈനിലേക്ക് എത്തിയിരുന്നു. 2019-ൽ യു എ ഇ സന്ദർശിച്ചപ്പോൾ 100,000-ത്തിലധികം വരുന്ന വിശ്വാസികളായിരുന്നു മാർപ്പാപ്പ നേതൃത്വം നൽകിയ കുർബാനയിൽ പങ്കെടുത്തതെങ്കിൽ താരതമ്യേന ചെറിയ രാജ്യമായിട്ട് പോലും ബഹ്റൈനിൽ മാർപ്പാപ്പ നേതൃത്വം നൽകിയ കുർബാനയിൽ തിങ്ങിനിറഞ്ഞത് 30,000 ത്തിലേറെ വിശ്വാസികളാണ്. പതാകകൾ അടക്കം വീശിയാണ് മാർപ്പാപ്പയുടെ സന്ദർശനം വിശ്വാസി സമൂഹം ആഘോഷമാക്കിയത്. ബഹ്റൈനിലെത്തിയ മാർപ്പാപ്പ അൽ-തയീബും മറ്റ് പ്രമുഖ മതവിശ്വാസികളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ബഹ്റൈനെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന 25 കിലോമീറ്ററിലധികം വരുന്ന കിങ് ഫഹദ് കോസ്വേ വഴി നൂറുകണക്കിന് കത്തോലിക്കാ പ്രവാസികളാണ് ബസുകൾ വാടകയ്ക്ക് എടുത്ത് ബഹ്‌റൈനിലേക്ക് എത്തിയത്. സൗദി അറേബ്യയിൽ ക്രിസ്ത്യൻ പള്ളികളൊന്നുമില്ലാത്തതിനാൽ കത്തോലിക്കർക്ക് പരസ്യമായി ആരാധന നടത്താൻ കഴിയില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് മാർപ്പാപ്പയുടെ വരവേൽക്കാനും അവരും ഒന്നടങ്കം ബഹ്‌റൈനിലേക്ക് എത്തിയത്.

കുർബാന ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സ്റ്റേഡിയത്തിലെ പിച്ചിലെ ജനക്കൂട്ടത്തിനിടയിലൂടെ ഫ്രാൻസിസിനെ തുറന്ന വാഹനത്തിൽ കൊണ്ടുപോകുമ്പോൾ, അൾത്താര പ്ലാറ്റ്ഫോമിലെ ഒരു പ്രസംഗകൻ 'ദൈവം പോപ്പിനെ അനുഗ്രഹിക്കട്ടെ, രാജകുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ' എന്നായിരുന്നു വിളിച്ചുപറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് ഫ്രാൻസിസ് മാർപ്പാപ്പ ബഹ്‌റൈനിൽ സന്ദർശനത്തിന് എത്തിയത്. സുന്നി ഭൂരിപക്ഷ ഗൾഫ് രാജ്യമായ ബഹ്റൈനിലേക്ക് മാർപാപ്പ നടത്തുന്ന ആദ്യത്തെ സന്ദർശനം കൂടിയായിരുന്നു ഇത്. ഹൃദ്യമായ വരവേൽപ്പാണ് മാർപ്പാപ്പയ്ക്ക് രാജ്യത്ത് ലഭിച്ചത്. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നേരിട്ടെത്തി മാർപാപ്പയെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ഫ്രാൻസിസ് മാർപാപ്പ ഗൾഫ് രാജ്യങ്ങളിൽ നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണ് ഇത്. 2019 ൽ അദ്ദേഹം യുഎഇയിലെ അബുദാബി സന്ദർശിച്ചിരുന്നു.

'ഇതൊരു അത്ഭുതമാണ്,' ബഹ്റൈനിലെ ഒരു ഹോട്ടലിന്റെ റിസപ്ഷനിൽ ജോലി ചെയ്യുന്ന ഫിലിപ്പിനോക്കാരിയായ മേരി ഗ്രേസ് ഫോർട്ടസ് മാർപ്പാപ്പയുടെ വരവിനെ കുറിച്ചും കുർബാനയ്ക്ക് തിങ്ങിക്കൂടിയ ആളുകളെ കണ്ടും പറഞ്ഞതെന്നാണ് അന്തർദേശീയ മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഞങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു നിമിഷമാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.

'ബഹ്റൈനികൾ ഞങ്ങൾക്കായി എല്ലാം കൃത്യമായി ക്രമീകരിച്ചു,' കേരളത്തിൽ നിന്നുള്ള ജോസ് ചാഴൂരിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. സൗദി അറേബ്യയിലെ ഒരു മെഡിക്കൽ ഉപകരണ കമ്പനിയുടെ മാനേജരായി ജോലി ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം. മാർപ്പാപ്പയെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാത്തവിധം വികാരഭരിതയായാണ് ജോസിന്റെ അമ്മ പ്രതികരിച്ചത്.

'ഈ ഭൂമി തന്നെ നാനാത്വത്തിൽ സഹവർത്തിത്വത്തിന്റെ ജീവനുള്ള ചിത്രമാണ്, തീർച്ചയായും നമ്മുടെ ലോകത്തിന്റെ ഒരു പ്രതിച്ഛായയാണ്, ജനങ്ങളുടെ നിരന്തരമായ കുടിയേറ്റവും ആശയങ്ങളുടെയും ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ബഹുസ്വരതയാൽ അടയാളപ്പെടുത്തപ്പെടുന്നു,' എന്നായിരുന്നു പരിപാടിയിൽ പങ്കെടുത്ത ഒരു കാത്തോലിക വിശ്വാസി പ്രതികരിച്ചത്. കുർബാനയ്ക്കിടെ വിശ്വാസികളുടെ പ്രാർത്ഥനകൾ തഗാലോഗ്, സ്വാഹിലി, മലയാളം, തമിഴ്, കൊങ്കണി ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികൾ സംസാരിക്കുന്ന ഭാഷകളിൽ വായിച്ചു.

ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർ ശനിയാഴ്ച മാർപ്പാപ്പ കാർമികത്വം വഹിക്കുന്ന കുർബാനയിൽ പങ്കെടുത്തു. അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അധികാരം ദുരുപയോഗം ചെയ്യരുതെന്നും മാർപാപ്പ പറഞ്ഞു. മതസ്വാതന്ത്ര്യം പൂർണമായിരിക്കണം എന്നും ഇത് ആരാധിക്കാനുള്ള സ്വാതന്ത്ര്യത്തിൽ മാത്രമായി പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൾഫ് അറബ് രാജ്യങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയുടെ രണ്ടാമത്തെ സന്ദർശനമാണിത്. 2019 ൽ അദ്ദേഹം യുഎഇയിലെ അബുദാബി സന്ദർശിച്ചിരുന്നു. അവിടെവെച്ച് പ്രമുഖ സുന്നി പുരോഹിതനായ ഷെയ്ഖ് അഹമ്മദ് അൽ തയീബുമായി കത്തോലിക്ക-മുസ്ലിം സാഹോദര്യം പ്രോത്സാഹിപ്പിക്കുന്ന ഒരു രേഖയിലും അദ്ദേഹം ഒപ്പുവെച്ചിരുന്നു. ഈ ആഴ്ച ബഹ്റൈനിൽ അൽ-തയീബും മറ്റ് പ്രമുഖ മതവിശ്വാസികളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും.

ബഹ്റൈനിലെ എണ്ണായിരത്തോളം വരുന്ന കത്തോലിക്കാ സമൂഹിലെ ഭൂരിഭാഗം പേരും ഫിലിപ്പീൻസ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് ബെഹ്‌റൈനിലെ ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ സമാധാന പ്രാർത്ഥനയും മതമൈത്രി സമ്മേളനവും നടത്തിയിരുന്നു.

മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ബഹ്റൈൻ സർക്കാർ ആവർത്തിച്ച് വിമർശിക്കപ്പെട്ടിരുന്നു. ബഹ്റൈനിലെ വധശിക്ഷ പോലുള്ള ശിക്ഷാ രീതികളും രാഷ്ട്രീയ അടിച്ചമർത്തലും അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യാൻ മാർപാപ്പയുടെ സന്ദർശനം ഉപയോഗപ്പെടുത്തണമെന്ന് മനുഷ്യാവകാശ സംഘടനകളും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷിയ സമുദായത്തിൽ പെട്ടവരുടെ ബന്ധുക്കളും അഭ്യർത്ഥിച്ചിരുന്നു.

സുന്നി നേതൃത്വം അധികാരത്തിലിരിക്കുന്ന രാജ്യത്ത് ചില പരിഷ്‌കരണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ഷിയാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പ്രവർത്തകർ 2011ൽ രാജ്യത്തുടനീളം പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ ഭരണകക്ഷിയായ അൽ ഖലീഫ കുടുംബം വിയോജിപ്പുകളെയെല്ലാം അടിച്ചമർത്തിക്കൊണ്ടാണ് പ്രതികരിച്ചത്.

ഇവർ അയൽരാജ്യമായ സൗദി അറേബ്യയുടെ സഹായം തേടുകയും പ്രതിഷേധക്കാർക്കെതിരെ സൈന്യത്തെ അയക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭത്തെത്തുടർന്ന് ബഹ്റൈനിലെ പ്രതിപക്ഷ പാർട്ടികളെ നിയമവിരുദ്ധരായി പ്രഖ്യാപിക്കുകയും നൂറുകണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ നടപടി അന്താരാഷ്ട്ര തലത്തിൽ തന്നെ നിരവധി വിമർശനത്തിന് കാരണമായി.

വധശിക്ഷ വിധിക്കുന്ന ചില കേസുകളിൽ പീഡിപ്പിച്ചും നിർബന്ധിച്ചുമുള്ള കുറ്റസമ്മതം നടക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച ആരോപണങ്ങളെല്ലാം ബഹ്റൈൻ തള്ളുകയാണ് ചെയ്തിട്ടുള്ളത്. സർക്കാരിനെ താഴെയിറക്കാൻ ഇറാൻ പ്രതിഷേധക്കാരെ പരിശീലിപ്പിക്കുകയും പിന്തുണക്കുകയും ചെയ്തുവെന്നും ബഹ്‌റൈൻ സർക്കാർ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം ഇറാൻ നിഷേധിക്കുകയാണുണ്ടായത്.