വത്തിക്കാൻ സിറ്റി:  ഏറെ വിവാദമായേക്കാവുന്ന ഓർമ്മക്കുറിപ്പുകളിലൂടെ മുൻ മാർപ്പാപ്പ ബെനെഡിക്ട് പതിനാറാമനും നിലവിലെ മാർപ്പാപ്പ ഫ്രാൻസിസിനും ഇടയിലുണ്ടായിരുന്ന തർക്കങ്ങൾ എടുത്തു പറയുകയാണ്‌ബെനെഡിക്ട് പതിനാറാമന്റെ പ്രൈവറ്റ് സെക്രട്ടറി. രണ്ട് മാർപ്പാപ്പമാർക്കിടയിൽ ഉണ്ടയ സ്വകാര്യ സംഭാഷണങ്ങൾ വരെ പരസ്യമാക്കി വത്തിക്കാനെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ് ജോർജ് ഗെയ്ൻസ്വൈൻ.

ഫ്രാൻസിസ് മാർപ്പാപ്പ തന്നെ തീരെ വിശ്വസിക്കുന്നില്ല എന്ന ബെനെഡിക്ട് പറഞ്ഞു എന്നാണ് 66 കാരനായ ഈ ജർമ്മൻ പുരോഹിതൻ വെളിപ്പെടുത്തുന്നത്. മാത്രമല്ല, കുർബാന ക്രമം, സഭയുടെ ആധുനികവത്കരണം തുടങ്ങിയ വിഷയങ്ങളിൽ ഇരുവർക്കും ഇടയിൽ അതിരൂക്ഷമായ തർക്കം നിലവിൽ ഉണ്ടായിരുന്നതായും ജോർജ്ജ്ഗെയ്ൻസ്വൈൻ. ഇപ്പോൾ തന്നെ വത്തിക്കാനിൽ ആരംഭിച്ചിരിക്കുന്ന ആഭ്യന്തര യുദ്ധത്തിലെ എരിതീയിൽ എണ്ണ പകരുന്നതിനായി, ഫ്രാൻസിസ് മാർപ്പാപ്പ ഒരു സർവ്വനാശമായിരിക്കുമെന്ന് കർദിനാൾ ജോർജ്ജ് പെൽ പറഞ്ഞതായും പുസ്ത്കത്തിൽ പറയുന്നു.

നത്തിങ് ബട്ട് ട്രൂത്ത്: മൈ ലൈഫ് ബിസൈഡ് ബെനെഡിക്ട് സിക്സ്റ്റീൻത് എന്ന പുസ്തകത്തിലാണ് ഗെയ്ൻസ്വൈൻ ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗതമായ ലാറ്റിൻ കുർബാന ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങൾക്ക് ഇളവുകൾ നൽകുന്ന ബെനെഡിക്ട് പതിനാറാമന്റെ തീരുമാനം ഫ്രാൻസിസ് മാർപ്പാപ്പ തിരുത്തിയത് ബെനെഡിക്ടിന് ഏറെ മാനസിക വിഷമം നൽകിയതായും പുസ്തകത്തിൽ പറയുന്നു. 2007 ൽ ബെനെഡിക്ട് പിൻവലിച്ച് നിയന്ത്രണങ്ങൾ 2021 -ൽ ഫ്രാൻസിസ് മാർപ്പാപ്പ തിരികെ കൊണ്ടു വന്നിരുന്നു.

ഫ്രാൻസിസ് മാർപ്പാപ്പയുടെ പല തീരുമാനങ്ങളിലും ബെനെഡിക്ട് ഉത്ക്കണ്ഠപ്പെട്ടിരുന്നതായും പുസ്തകത്തിൽ പറയുന്നു. മാത്രമല്ല, തന്റെ മുൻഗാമിയെ പല കാര്യങ്ങളിലും തടയുവാനുള്ള ഫ്രാൻസിസിന്റെ ശ്രമങ്ങളും ബെനെഡിക്ടിനെ ഏറെ വിഷമിപ്പിച്ചിരുന്നു. ആറു നൂറ്റാണ്ടിനിടയിൽ ചുമതലയിൽ നിന്നും വിരമിക്കുന്ന ആദ്യ പോപ്പായ ബെനെഡിക്ട്, വിരമിക്കലിനു ശേഷം നിശബ്ദമായി തുടരും എന്നാണ് പറഞ്ഞിരുന്നതെങ്കിലും വിവാദവിഷയമായ പല കാര്യങ്ങളിലും അഭിപ്രായം തുറന്നു പറഞ്ഞിരുന്നു.

അതിൽ ഏറ്റവും അവസാനത്തേതായിരുന്നു പുരോഹിതരുടെ ബ്രഹ്മചാര്യവുമായി ബന്ധപ്പെട്ട് ബെനെഡിക്ട് സഹ രചയിതാവായ പുസ്തകം. ഇതിനെ തുടർന്ന് പുസ്തകത്തിന്റെ മറ്റൊരു രചയിതാവായിരുന്ന ഗെയ്ൻസ്വൈനെ പേപ്പൽ ഹൗസ്ഹോൾഡ് ഹെഡ് എന്ന ചുമതലയിൽ നിന്നും ഉടനടി നീക്കം ചെയ്തിരുന്നു. ഇവിടെ നിങ്ങളുടെ ആവശ്യമില്ല, വീട്ടിൽ താമസിച്ച് ബെനെഡിക്ടിന്റെ കാര്യങ്ങൾ നോക്കൂ എന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞതായി അദ്ദേഹം പുസ്തകത്തിൽ എഴുതുന്നു.

ഇതിനു പുറമെ ബെനെഡിക്ട്ഫ്രാൻസിസ് മാർപ്പാപ്പക്ക് എഴുതിയ, ഇതുവരെ പരസ്യപ്പെടുത്താത്ത ഒരു കത്തും ഈ പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകം പ്രസിദ്ധീകരിച്ച് ഉടനെ തന്നെ ഒരു കൂടിക്കാഴ്‌ച്ചക്ക് എത്താൻ ഫ്രാൻസിസ് മാർപ്പാപ്പ ഗെയ്ൻസ്വൈനോട് ആവശ്യപ്പെട്ടിട്ടുണ്ട്.