- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വത്തിക്കാനിലെത്തി മോദി നേരിട്ട് ക്ഷണിച്ചു; പിന്നാലെ ഔദ്യോഗിക കത്തും വത്തിക്കാനിലെത്തി; അടുത്ത വർഷം ഇന്ത്യയിലെത്താൻ ഫ്രാൻസിസ് മാർപാപ്പ; ക്രൈസ്തവരെ ചേർത്തു നിർത്തി തുടർഭരണമെന്ന ലക്ഷ്യം നേടാൻ പോപ്പിന്റെ സന്ദർശനം മോദിയെ തുണയ്ക്കുമോ? പോപ്പിന്റെ വരവ് തിരഞ്ഞെടുപ്പിന് ശേഷമോ മുമ്പോ? സന്ദർശന തീയതിയിലും ഉടൻ വ്യക്തത വരും
ജുബ : ഇന്ത്യൻ സന്ദർശിക്കണമെന്ന മാർപാപ്പയുടെ ആഗ്രഹം സഫലമാകുന്നു. അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. കോംഗോ, ദക്ഷിണ സുഡാൻ സന്ദർശനത്തിനു ശേഷം റോമിലേക്കു മടങ്ങവേയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. കേന്ദ്ര സർക്കാർ ഔദ്യോഗികമായി തന്നെ മാർപാപ്പയെ ക്ഷണിച്ചുവെന്നാണ് സൂചന. മാർപാപ്പയ്ക്ക് രാഷ്ട്രതലവന്റെ പരിവേഷം കൂടിയുള്ളതിനാൽ ഔദ്യോഗിക ക്ഷണം അനിവാര്യമാണ്. അതു കിട്ടാത്തതു കൊണ്ടാണ് ഇതുവരെ ഇന്ത്യയിലേക്ക് വരാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കഴിയാത്തത്.
ഈ വർഷം മംഗോളിയ സന്ദർശിക്കാനും പദ്ധതിയുണ്ട്. മംഗോളിയ സന്ദർശിക്കുന്ന ആദ്യ പോപ്പായിരിക്കും ഫ്രാൻസിസ് മാർപാപ്പ. ദക്ഷിണ സുഡാനിൽ സ്വാതന്ത്ര്യസമര നേതാവ് ജോൺ ഗരാങ്ങിന്റെ ശവകുടീരം നിലകൊള്ളുന്ന മൈതാനത്ത് ഒരുലക്ഷത്തോളം പേർ പങ്കെടുത്ത കുർബാനയിൽ മാർപാപ്പ പ്രസംഗിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യയിൽ അടുത്ത വർഷം എത്താനുള്ള സാധ്യത വിശദീകരിച്ചത്. അടുത്ത വർഷം രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. അതുകൊണ്ട് തന്നെ ഏത് സമയമാകും മാർപ്പാപ്പ എത്തുന്നതെന്നതും നിർണ്ണായകമാണ്.
ക്രൈസ്തവരെ ബിജെപിയുമായി അടുപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്. ഇതിനിടെയാണ് പോപ് ഇന്ത്യയിലെത്തുമെന്ന സൂചനയും വരുന്നത്. ഏതു രാജ്യത്തും മാർപാപ്പയുടെ സന്ദർശനത്തിനു പാലിക്കുന്ന ചില കീഴ്‌വഴക്കങ്ങളുണ്ട്. ഒരു വർഷത്തിനുള്ളിൽ പൊതു തിരഞ്ഞെടുപ്പുള്ള രാജ്യത്തു സന്ദർശനം ഒഴിവാക്കുന്നത് ഉൾപ്പെടെയാണത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് ശേഷമാകുമോ മാർപാപ്പയുടെ വരവ് എന്ന ചോദ്യവും ഉയരുന്നുണ്ട്.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം ഫ്രാൻസീസ് മാർപാപ്പ സ്വീകരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം ഔദ്യോഗിക ക്ഷണവും വത്തിക്കാനിൽ എത്തിയെന്നാണ് സൂചന. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്. രാജ്യത്തെ കത്തോലിക്കാ സഭ വർഷങ്ങൾക്ക് മുൻപ് ഉന്നയിച്ച ആവശ്യമാണ് ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചത്. 2014 ലാണ് അന്നത്തെ സിബിസിഐ അധ്യക്ഷൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയോട് ഈ ആവശ്യം ഉന്നയിച്ചത്.
കഴിഞ്ഞ ജനുവരിയിൽ സഭയിലെ കർദിനാൾമാർ വീണ്ടും ആവശ്യം ഉന്നയിച്ചപ്പോൾ, സഭയുടെ ആഗ്രഹം തന്റെ മനസ്സിലുമുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽനിന്നുള്ള കർദിനാൾമാരോട് സന്ദർശന താൽപര്യം മാർപാപ്പയും വ്യക്തമാക്കി. ഇതിനിടെ, ബംഗ്ലാദേശും ശ്രീലങ്കയും മ്യാന്മറും പാപ്പ സന്ദർശിച്ചു. ഗുരു നാനാക്കിന്റെ 550ാം ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാൻ 2019 ജുലൈയിൽ ആഗോള സിഖ് കൗൺസിൽ മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ക്ഷണത്തിന്റെ തുടർനടപടിയെന്നോണം ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ ഇനി ചർച്ചകൾ നടത്തും. സന്ദർശന തീയതി, സന്ദർശിക്കേണ്ട സ്ഥലങ്ങൾ തുടങ്ങിയവ ആലോചിക്കണം. ഏതാനും മാസങ്ങൾ നീളുന്നതാവും ഈ പ്രക്രിയ. കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളെക്കുറിച്ചു സഭാ നേതൃത്വവുമായും കൂടിയാലോചനകളുണ്ടാവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ വത്തിക്കാനിൽ കൂടിക്കാഴ്ച നടന്നിരുന്നു.
ഇന്ത്യയിലേക്കു വരാൻ ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി താൽപര്യമറിയിച്ചിരുന്നു. ഇതാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ