വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിൽ വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ചു സംസാരിച്ചു തുടങ്ങിയ പോപ്പാണ് ഫ്രാൻസിസ് മാർപാപ്പ. സ്വവർഗാനുരാഗം അടക്കമുള്ള വിഷയങ്ങളിൽ അദ്ദേഹം നേരത്തെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. സ്വവർഗാനുരാഗം കുറ്റകരമാക്കുന്ന നിയമങ്ങൾക്ക് എതിരെ ഫ്രാൻസിസ് മാർപാപ്പ രംഗത്തുവന്നു. ദൈവം എല്ലാവരെയും സ്നേഹിക്കുന്നെന്നും എൽജിബിടിക്യു വിഭാഗത്തെ സഭകളിലേക്ക് സ്വാഗതം ചെയ്യാൻ ബിഷപ്പുമാർ തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു.

അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിലാണ് സ്വവർഗാനുരാഗത്തെ പിന്തുണച്ച് മാർപാപ്പ് രംഗത്തെത്തിയത്. സ്വവർഗാനുരാഗികൾ ആകുന്നത് ഒരു കുറ്റമല്ലെന്ന് മാർപാപ്പ പറഞ്ഞു. കത്തോലിക്ക സഭയിലെ ചില ബിഷപ്പുമാർ സ്വവർഗാനുരാഗത്തിന് എതിരായ നിയമങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും അന്തസ്സ് തിരിച്ചറിയാൻ ബിഷപ്പുമാർ മാറ്റത്തിന്റെ പ്രക്രിയയ്ക്ക് വിധേയരാകേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ദൈവത്തിന് നമ്മൾ ഓരോരുത്തരോടും ഉള്ളപോലെ ആർദ്രതയും ദയയും ബിഷപ്പുമാർ പ്രകടിപ്പിക്കണം. നമ്മൾ എല്ലാവരും ദൈവത്തിന്റെ മക്കളാണ്. ദൈവം നമ്മളെ സ്നേഹിക്കുന്നു. നമ്മൾ എല്ലാവരും നമ്മുടെ അന്തസ്സിന് വേണ്ടിയാണ് പോരാടുന്നത്'- അദ്ദേഹം പറഞ്ഞു. 'സ്വവർഗാനുരാഗികൾ ആയിരിക്കുന്നത് കുറ്റമല്ല. പക്ഷേ അത് പാപമാണ്. നമുക്ക് ആദ്യം പാപത്തേയും കുറ്റകൃത്യത്തേയും തിരിച്ചറിയാൻ പഠിക്കാം'- അദ്ദേഹം പറഞ്ഞു. സ്വവർഗ രതി പാപമാണ് എന്നാണ് കത്തോലിക്ക സഭയിൽ പഠിപ്പിക്കുന്നത്. അത് തിരുത്തണമെന്നന് മാർപാപ്പ ആഹ്വാനം ചെയ്തിട്ടില്ല. പകരം, സ്വവർഗ രതി കുറ്റകരമാണെന്ന സമീപനം സ്വീകരിക്കരുത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

64 രാജ്യങ്ങളിൽ സ്വവർഗാനുരഗം കുറ്റകരമാണ്. ഇതിൽ 11 ഇടങ്ങളിൽ സ്വവർഗാനുരാഗം മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. 2003ൽ സ്വവർഗാനുരാഗത്തിന് എതിരായ നിയമം കുറ്റകരമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടും അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഈ നിയമം നിലനിൽക്കുന്നുണ്ട്. ഫ്ലോറിഡയിൽ ഇപ്പോഴും 'ഡോൺഡ് സേ ഗേയ്' നിയമം നിലനിൽക്കുന്നുണ്ട്. ഇത്തരം നിയമങ്ങൾ പിൻവലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ അടക്കമുള്ളവ പലതവണ ആവശ്യപ്പെട്ടിട്ടും പല രാജ്യങ്ങളും ചെവികൊണ്ടിട്ടില്ല. ഇത്തരം നിയമങ്ങൾ അവസാനിപ്പിക്കാൻ കത്തോലിക്ക സഭ മുൻകൈയെടുക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.

നേരത്തെ സ്വവർഗാനുരാഗികളായവർ വൈദികരാകാൻ മുന്നോട്ടുവരരുതെന്ന് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടിരുന്നു. രണ്ടുതരം ജീവിതം നയിക്കാതെ സ്വവർഗാനുരാഗികളായ വൈദികർ സഭ വിടുന്നതാണ് നല്ലതെന്നും മാർപാപ്പ പറഞ്ഞിരുന്നു. തന്റെ ഈ അഭിപ്രായം തന്നെ തിരുത്തുകയാണ് ഫ്രാൻസിസ് പാപ്പ ഇപ്പോൾ ചെയ്തിരിക്കുന്നത്. സഭയ്ക്കുള്ളിലെ സ്വവർഗാനുരാഗം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും 2018ൽ അഭിപ്രായപ്പെട്ടിരുന്നു.

പലപ്പോഴും ഫ്രാൻസിസ് പാപ്പയുടെ അഭിമുഖങ്ങൾ വത്തിക്കാന് തലവേദന ഉണ്ടാക്കിയിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളെ സഹാനുഭൂതിയോടെകാണണമെന്നാണ് കത്തോലിക്കാസഭ പഠിപ്പിക്കുന്നതെങ്കിലും സ്വവർഗാനുരാഗികൾ ഉൾപ്പെടെയുള്ളവരുടെ വിവാഹങ്ങൾ നടത്തുന്നതിന് വിലക്കുണ്ട്. സ്വവർഗാനുരാഗത്തിനെതിരെയുള്ള സഭയുടെ നിലപാട് വിവാദ വിഷയമാണ് താനും. മുൻപും മാർപാപ്പയുടെ വിശദീകരണം വലിയ വാർത്തയായതിനു പിന്നാലെ വിശദീകരണവുമായി കെസിബിസിയും രംഗത്തു വന്നിരുന്നു.