തിരുവനന്തപുരം: കേരളത്തിൽ നടന്ന കൊലപാതകങ്ങൾ ഉൾപ്പെടെ പരാമർശിച്ചാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. ആർഎസ്എസ് പ്രവർത്തകരായ പാലക്കാട്ടെ സഞ്ജിത്തിന്റെയും ചേർത്തല വയലാറിലെ നന്ദുവിന്റെ കൊലപാതകം സംബന്ധിച്ച വിവരങ്ങളും മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിന്റെ കൊലപാതകത്തെക്കുറിച്ചും ബിപിൻ വധത്തെക്കുറിച്ചും നിരോധന ഉത്തരവിൽ പരാമർശമുണ്ട്.

പോപ്പുലർ ഫ്രണ്ടിന് പുറമേ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, എൻ.സി.എച്ച്.ആർ.ഒ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ എന്നീ സംഘടനകളേയാണ് കേന്ദ്രം നിരോധിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐ ഒഴികെ ഇതുമായി ബന്ധമുള്ള എല്ലാ സംഘടനകളേയും നിരോധിച്ചിട്ടുണ്ട്. ഇതോടെ ഈ സംഘടനകളിൽ ചേർന്നു പ്രവർത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയിൽ പ്രവർത്തിച്ചാൽ രണ്ട് വർഷം വരെ തടവ് ശിക്ഷയും ലഭിക്കും.

'നാൻ പെറ്റ മകനെ..' എന്ന അമ്മ ഭൂപതിയുടെ നിലവിളി

മഹാരാജാസ് കോളജിൽ കുത്തേറ്റു വീണ എസ്എഫ്‌ഐ നേതാവ് അഭിമന്യു കേരളത്തിന്റെ കണ്ണീരാണ്. കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ- ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണു 2018 ജൂലൈ 2ന് അർധ രാത്രി അഭിമന്യു കൊല ചെയ്യപ്പെട്ടത്. രണ്ടാം വർഷ ബിഎസ്സി(കെമിസ്ട്രി) വിദ്യാർത്ഥിയായ അഭിമന്യു(19) എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്നു. കോളജിലെ കിഴക്കേ കവാടത്തിലെ മതിലിലെ ചുവരെഴുത്തിനുള്ള അവകാശ തർക്കമാണ് ആക്രമണത്തിലെത്തിയത്. എസ്എഫ്‌ഐ ബുക്ക് ചെയ്തിരുന്ന മതിലിൽ ക്യാംപസ് ഫ്രണ്ട് ചുവരെഴുതിയതായിരുന്നു പ്രശ്‌നകാരണം .

ക്യാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്തിനു മുകളിൽ 'വർഗീയത തുലയട്ടെ' എന്ന് എഴുതി ചേർത്തതിനെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ ചോദ്യം ചെയ്തതു സംഘർഷത്തിലെത്തി. ക്യാംപസ് ഫ്രണ്ടുകാർ അൽപ്പസമയത്തിനകം പുറത്ത് നിന്ന് എസ്ഡിപിഐക്കാരെക്കൂട്ടി മടങ്ങിയെത്തി എസ്എഫ്‌ഐ സംഘത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. അഭിമന്യുവിനെ അടുത്തുള്ള ജനറൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഗുരുതരമായി കുത്തേറ്റ ബിഎ മലയാളം വിദ്യാർത്ഥി അർജുൻ ഏറെ നാളത്തെ ചികിൽസ കഴിഞ്ഞ് കോളജിൽ മടങ്ങിയെത്തി. എംഎ ഇക്കണോമിക്‌സ് വിദ്യാർത്ഥിയായ വിനീത് കുമാറിനും തുടയിൽ കുത്തേറ്റിരുന്നു.

വട്ടവടയിലെ നിർധന കുടുംബാംഗമായ അഭിമന്യു ആക്രമണ ദിവസം രാത്രിയോടെയാണ് നാട്ടിൽ നിന്ന് പച്ചക്കറി കയറ്റിവന്ന ചരക്ക് ലോറിയിൽ കയറി കൊച്ചിയിലെത്തിയത്. പിറ്റേന്ന് ക്യാംപസിൽ കൊണ്ടുവന്ന അഭിമന്യുവിന്റെ മൃതദേഹത്തിനു മുന്നിൽ 'നാൻ പെറ്റ മകനെ..' എന്ന അമ്മ ഭൂപതിയുടെ നിലവിളി കേരള മന:സാക്ഷിയുടെ മുഴുവൻ തേങ്ങലായി.

നാഗംകുളങ്ങരയെ ഞെട്ടിച്ച നന്ദു കൊല

2021 ഫെബ്രുവരിയിലായിരുന്നു ചേർത്തല വയലാറിൽ ആർഎസ്എസ്-എസ്ഡിപിഐ സംഘർഷത്തിൽ നന്ദു കൃഷ്ണ വെട്ടേറ്റുമരിച്ചത്. രാത്രി എട്ടോടെയായിരുന്നു സംഭവം. നാഗംകുളങ്ങരയിൽ ഇരുവിഭാഗങ്ങളുടേയും പ്രകടനത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ചൊവ്വാഴ്ച വയലാറിൽ എസ്ഡിപിഐ പ്രവർത്തകരുടെ ബക്കറ്റ് പിരിവ് ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഘർഷം ആരംഭിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഇരുവിഭാഗവും പ്രകടനം നടത്തി. ഈ പ്രകടനത്തിനിടെയാണ് ഏറ്റുമുട്ടിയത്. വാഹനപ്രചാരണജാഥയിലെ പ്രസംഗ പരാമർശമാണ് സംഘർഷകാരണമെന്നും പറയുന്നുണ്ട്.

ഇവിടെ ഉച്ചയ്ക്ക് എസ്ഡിപിഐയുടെ വാഹനപ്രചരണജാഥ വന്നിരുന്നു. അതിലെ പ്രസംഗ പരാമർശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തി. ഇതേ തുടർന്ന് ഏറ്റുമുട്ടലുണ്ടായപ്പോൾ നന്ദു വെട്ടേറ്റു മരിച്ചു. വയലാർ നാഗംകുളങ്ങരയിൽ ആർഎസ്എസ് ശാഖാ ഗഡനായക് നന്ദു കൃഷ്ണ കൊല്ലപ്പെട്ട കേസിൽ പോപ്പുലർ ഫ്രണ്ട് അരൂർ നിയോജക മണ്ഡലം സെക്രട്ടറി അറസ്റ്റിലായിരുന്നു. മുഖ്യപ്രതിയായ ചന്തിരൂർ ആർഎഫ് കോളനി അളകുതറ വീട്ടിൽ മൻസൂർ (ജാഫർ 33) ആണ് പിടിയിലായത്.

സംഭവ ശേഷം വിവിധയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന മൻസൂറിനായി അന്വേഷണ സംഘം മൊബൈൽ ടവറും മറ്റും കേന്ദ്രീകരിച്ച് നിരീക്ഷണത്തിലായിരുന്നു. ചേർത്തല ഡിവൈഎസ്‌പി വിനോദ് പിള്ള, ഇൻസ്പക്ടർ പി.ശ്രീകുമാർ, എഎസ്ഐ അജയലോഷ്, രജനീഷ്, ജിതിൻ, പ്രവീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. 2021 ഫെബ്രുവരി 24ന് വയലാർ നാഗംകുളങ്ങരയിലായിരുന്നു കൊലപാതകം. നന്ദു കൃഷ്ണയുടെ സുഹൃത്ത് കെ.എസ്.നന്ദുവിന്റെ കൈയും അക്രമികൾ വെട്ടിമാറ്റിയിരുന്നു.

പാലക്കാടിന്റെ സമാധാനം കളഞ്ഞ സഞ്ജിത്തുകൊല

പാലക്കാടിനെ മാത്രമല്ല, കേരളത്തെ ഒന്നാകെ ഭീതിയിലാക്കിയിരിക്കുകയാണ് രാഷ്ട്രീയ വൈര്യത്തിന്റെ പേരിലുണ്ടാകുന്ന തുടർ കൊലപാതകങ്ങൾ. പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ന് മുൻ ആർഎസ്എസ് പ്രചാരക് ശ്രീനിവാസനും കൊല്ലപ്പെട്ടതോടെ പാലക്കാട് സ്ഥിതിഗതികൾ കൈവിട്ടുപോകുന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. ഇതിന്റെ തുടക്കം സഞ്ജിത്തിന്റെ കൊലപാതകത്തിൽ നിന്നാണ്. എസ്.ഡി.പി.ഐ. പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയത് 2021 നവംബർ 15-ന് കൊല്ലപ്പെട്ട ആർഎസ്എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിന് കണക്ക് തീർത്തതാണെന്ന രീതിയിലാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ആർഎസ്എസ്. പ്രവർത്തകനായ സഞ്ജിത്ത് സഞ്ചരിച്ച ബൈക്ക് എസ്.ഡി.പി.ഐ. പ്രവർത്തകന്റെ ബൈക്കുമായി ഇടിക്കുകയും ഇത് സംബന്ധിച്ച് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് സഞ്ജിത്ത് നടത്തിയിരുന്ന ചായക്കട ചില പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കത്തിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സക്കീർ ഹുസൈനുമായി തർക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇരട്ടക്കുളം എന്ന സ്ഥലത്ത് വെച്ച് സക്കീർ ഹുസൈനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ കേസിൽ സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരുൾപ്പെടെ അഞ്ച് പ്രതികൾ ജയിലിലായി. സക്കീർ ഹുസൈനെ കൊലപ്പെടുത്താൻ ശ്രമിച്ചതിലെ പകയായിരുന്നു 2021 നവംബർ 15-ന് വാഹനം ഇടിച്ച് വീഴ്‌ത്തിയ ശേഷം ഭാര്യയുടെ മുന്നിൽവെച്ച് സഞ്ജിത്തിനെ കൊലപ്പെടുത്തിയ ക്രൂരസംഭവം.

സഞ്ജിത്തുകൊല്ലപ്പെട്ട് അഞ്ച് മാസം തികയുന്നതിന്റെ അതേ ദിവസമാണ് സുബൈർ കൊല്ലപ്പെട്ടത്. ഭാര്യയുടെ മുന്നിൽവെച്ച് വാഹനം ഇടിച്ച് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു സഞ്ജിത്തിനെ. പിതാവിനൊപ്പം ജുമുഅ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അതേ രീതിയിൽ വാഹനം ഇടിച്ച് വീഴ്‌ത്തിയ ശേഷം കൈകാലുകളിലും തലയിലും വെട്ടിയാണ് സുബൈറിനേയും കൊലപ്പെടുത്തിയത്. ഇതിനിടെയാണ് പാലക്കാട് വീണ്ടും കൊലക്കളമായി മാറിയത്. നഗരത്തിലെ മേലാമുറിയിലാണ് ആർഎസ്എസ് നേതാവ് വെട്ടേറ്റു മരിച്ചത്. മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മേലാമുറിയിലെ കടയിൽ കയറിയാണ് മൂന്നു ബൈക്കുകളിലായി എത്തിയ അഞ്ചംഗസംഘം ശ്രീനിവാസനെ വെട്ടിയത്. വാൾ ഉപയോഗിച്ചാണ് വെട്ടിയതെന്ന് ദൃക്സാക്ഷി പറയുന്നു.

ഫൈസൽ വധക്കേസ് രണ്ടാംപ്രതി ബിപിൻ കൊല്ലപ്പെട്ട കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ഇതിലൊരാൾ വധത്തിന്റെ ആസൂത്രണത്തിൽ പങ്കെടുത്തയാളാണ് എന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തിൽ പങ്കെടുത്തവരിലേക്കെത്തുന്നതിനാണ് മറ്റ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത് എന്നാണറിയുന്നത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കൊടിഞ്ഞിക്ക് ബദലായി ബിബിൻ

അഞ്ചു കൊല്ലം മുമ്പാണ് ആലത്തിയൂർ പഞ്ഞൻപടി കുണ്ടിൽ ബാബുവിന്റെ മകൻ ബിബിൻ (24) കൊല്ലപ്പെട്ടത്. ആർഎസ്എസ് പ്രവർത്തകനാണിയാൾ. തിരൂർ ബി.പി അങ്ങാടിക്കടുത്ത് പുളിഞ്ചോട്ടിൽ വെച്ച് ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ ബിപിനെ പിന്തുടർന്നെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് തെളിയുകയും ചെയ്തു.

വെട്ടേറ്റ ബിബിൻ ബൈക്കുപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമികൾ പിന്തുടർന്നെത്തി വെട്ടിവീഴ്‌ത്തുകയായിരുന്നു. പ്രാണരക്ഷാർഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീടിന്റെ ഗേറ്റിന് മുന്നിലിട്ട് വീണ്ടും വെട്ടുകയായിരുന്നു. പത്തിലേറെ ഭാഗത്ത് വെട്ടേറ്റു. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗസംഘമാണ് വെട്ടിയത്. മുഖംമൂടിയണിഞ്ഞാണ് സംഘമെത്തിയതെന്ന് പ്രദേശവാസികൾ മൊഴി നൽകി. പുളിഞ്ചോട്-മുസ്‌ലിയാരങ്ങാടി റോഡിലൂടെയാണ് അക്രമികൾ രക്ഷപ്പെട്ടത്.

കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതികാരമായാണ് ആർഎസ്എസ് പ്രവർത്തകനും ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയുമായ ബിബിനെ വധിച്ചത്.തിരൂർ പുളിച്ചോട്ടിലെ റോഡരികിൽ വച്ച് 2017 ഇക്കഴിഞ്ഞ ജൂലൈ 24 നാണ് 3 ബൈക്കുകളിലായി എത്തിയ സംഘം ബിപിനെ വെട്ടി കൊലപ്പെടുത്തിയത്. ഇതു വരെ കേസിൽ 13 പ്രതികൾ പിടിയിലായിട്ടുണ്ട്.