തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ദിവസം ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ എടുത്തത് 355 കേസുകൾ. ഇന്നലെ ഇന്ന് അറസ്റ്റിലായത് 45 പേർ ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2242 ആയി.

കോട്ടയം ജില്ലയിലാണ് കൂടുതൽ അറസ്റ്റ് 411. തിരുവനന്തപുരം ജില്ലയിൽ 228 പേരെ അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫിസുകൾ പൂട്ടി മുദ്രവയ്ക്കുന്ന നടപടിയും എൻഐഎയും പൊലീസും തുടങ്ങി. സംസ്ഥാനത്ത് ഇന്നലെ 48 ഓഫിസുകൾ അടച്ചുപൂട്ടി മുദ്രവയ്ക്കുകയോ ഏറ്റെടുക്കാനുള്ള നോട്ടിസ് പതിപ്പിക്കുകയോ ചെയ്തു.

വിവിധ ജില്ലകളിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തിൽ.

തിരുവനന്തപുരം സിറ്റി - 25, 68
തിരുവനന്തപുരം റൂറൽ - 25, 160
കൊല്ലം സിറ്റി - 27, 196
കൊല്ലം റൂറൽ - 15, 156
പത്തനംതിട്ട -18, 138
ആലപ്പുഴ - 16, 124
കോട്ടയം - 27, 411
ഇടുക്കി - 4, 36
എറണാകുളം സിറ്റി - 8, 74
എറണാകുളം റൂറൽ - 17, 47
തൃശൂർ സിറ്റി - 12, 19
തൃശൂർ റൂറൽ - 25, 44
പാലക്കാട് - 7, 89
മലപ്പുറം - 34, 207
കോഴിക്കോട് സിറ്റി - 18, 93
കോഴിക്കോട് റൂറൽ - 29, 95
വയനാട് - 7, 115
കണ്ണൂർ സിറ്റി - 26, 83
കണ്ണൂർ റൂറൽ - 9, 26
കാസർഗോഡ് - 6, 61


കോട്ടയം ജില്ലയിൽ കുമ്മനം കുളപ്പുരക്കടവ് ജംക്ഷനു സമീപത്തെ ഓഫിസും പത്തനാട്ടെ ഓഫിസും മുദ്രവച്ചു. ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട് ഓഫിസായി പ്രവർത്തിച്ചിരുന്ന കെട്ടിടം പൊലീസ് സീൽ ചെയ്തു. പീസ് വാലി കൾച്ചറൽ സെന്റർ എന്ന പേരിൽ പ്രവർത്തിച്ച ഓഫിസാണ് ഇന്നലെ രാത്രി പൂട്ടിയത്. ഇടുക്കി ജില്ലയിലെ തൂക്കുപാലത്തെയും കുമ്മംകല്ലിലെയും ഓഫിസുകൾ പൂട്ടി.

കൊല്ലം ജില്ലയിൽ കൊല്ലം പള്ളിമുക്കിലുള്ള ജില്ലാ കമ്മിറ്റി ഓഫിസും കരുനാഗപ്പള്ളിയിലെ ദക്ഷിണമേഖല ഓഫിസുമാണു മുദ്രവച്ചത്. പത്തനംതിട്ടയിൽ അടൂർ പറക്കോട്ടെ ജില്ലാ കമ്മിറ്റി ഓഫിസ്, പന്തളം തോന്നല്ലൂർ ഉളമ ഏരിയ കമ്മിറ്റി ഓഫിസ്, പേട്ടയിലെ ഓഫിസ് എന്നിവയും ആലപ്പുഴ വെള്ളക്കിണറിലെ ജില്ലാ ഓഫിസും മണ്ണഞ്ചേരിയിലെ ഓഫിസും മുദ്രവച്ചു.

എറണാകുളം ജില്ലയിൽ ആലുവ കുഞ്ഞുണ്ണിക്കരയിൽ പോപ്പുലർ ഫ്രണ്ട് ഓഫിസ് പ്രവർത്തിച്ചിരുന്ന പെരിയാർവാലി ക്യാംപസ് കെട്ടിടവും ആലുവമൂന്നാർ റോഡിൽ പോഞ്ഞാശേരിയിലെ ജില്ലാ ഈസ്റ്റ് ഓഫിസും പള്ളുരുത്തി തങ്ങൾ നഗറിലെ ഓഫിസും തൃശൂർ ചാവക്കാട്ടെ പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫിസിന്റെ ഇരുനില കെട്ടിടവും 7 സെന്റ് ഭൂമിയും ഏറ്റെടുത്തു നോട്ടിസ് പതിച്ചു.

പാലക്കാട് ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന്റെ മേലെപട്ടാമ്പി കൽപക സ്ട്രീറ്റിലെ ഓഫിസ് പൂട്ടി മുദ്രവച്ചു. ഓങ്ങല്ലൂരിൽ വള്ളുവനാട് ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഓഫിസിലും പുതുപ്പള്ളിത്തെരുവിലെ ഓഫിസിലും നോട്ടിസ് പതിച്ചു.

മലപ്പുറം ജില്ലയിൽ 6 ഓഫിസുകൾ മുദ്രവയ്ക്കാൻ പൊലീസ് നടപടി തുടങ്ങി. വഴിക്കടവ്, തേഞ്ഞിപ്പലം, മഞ്ചേരി, കാടാമ്പുഴ, പെരിന്തൽമണ്ണ, വാഴക്കാട് എന്നിവിടങ്ങളിലെ ഓഫിസുകളാണു മുദ്രവയ്ക്കുന്നത്. മലപ്പുറത്തെ പോപ്പുലർ ഫ്രണ്ട് പരിശീലന കേന്ദ്രം പൊലീസ് ബന്തവസ്സിലായി. വഴിക്കടവ് മുരിങ്ങാമുണ്ടയിൽ സീഗ ഗൈഡൻസ് സെന്റർ എന്ന പേരിലുള്ള നിലമ്പൂർ സീഗ ചാരിറ്റബിൾട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊലീസ് ബന്തവസ്സിലാക്കിയത്. നടപടി
യു.എ.പി.എ നിയമം വകുപ്പ് 8 (1) പ്രകാരമുള്ള ജില്ലാ പൊലീസ് മേധാവിയുടെ അധികാരമുപയോഗിച്ച്. മലപ്പുറത്തെ പോപ്പുലർഫ്രണ്ട് ഓഫിസുളിൽ വ്യാപക പരിശോധന. മഞ്ചേരിയിലെ റിഹാബ് ഫൗണ്ടേഷൻ ഓഫീസിനും സീൽ വെച്ചു. വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിലാണ് നാരോക്കാവ് മുരിങ്ങമുണ്ടയിൽ പ്രവൃത്തിച്ചിരുന്ന സീഗ ഗൈഡൻസ് സെന്റർ എന്ന പേരിലുള്ള നിലമ്പൂർ സീഗ ചാരിറ്റബിൾട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊലീസ് ബന്തവസ്സിലാക്കിയത്. യു.എ.പി.എ നിയമം വകുപ്പ് 8 (1) പ്രകാരമുള്ള ജില്ലാ പൊലീസ് മേധാവിയുടെ അധികാരമുപയോഗിച്ചാണ് നടപടി

കോഴിക്കോട് ജില്ലയിൽ 9 ഓഫിസുകൾ പൊലീസ് പൂട്ടി. മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആയ യുണിറ്റി ഓഫിസും സിറ്റിപരിധിയിലെ 5 ഓഫിസുകളും റൂറൽ പരിധിയിലെ 4 ഓഫിസുകളുമാണു പൂട്ടിയത്. ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ടു മേപ്പയൂരിൽ 4 പ്രവർത്തകർ അറസ്റ്റിലായി.

വയനാട് ജില്ലയിൽ മാനന്തവാടി എരുമത്തെരുവിലെ ജില്ലാ കമ്മിറ്റി ഓഫിസ്, മേപ്പാടി റിപ്പണിലെ ഓഫിസ്, ഇസ്ലാമിക് സെൻട്രൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസ് എന്നിവ മുദ്രവച്ചു. കണ്ണൂർ ജില്ലയിലെ 5 ഓഫിസുകൾ പൊലീസ് പൂട്ടി. കണ്ണൂർ താണയിലെ നോർത്ത് ജില്ലാ കമ്മിറ്റി ഓഫിസ്, ഇതേ കെട്ടിടത്തിലെ ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫിസ്, ഇരിട്ടി പുന്നാട് പുറപ്പാറയിലെ ഓഫിസ്, മയ്യിൽ നാറാത്ത് പാമ്പുരുത്തി റോഡിലെ തണൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസ്, തലശ്ശേരിയിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസ് എന്നിവയാണു മുദ്രവച്ചത്.