- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ.ഐ.എ. കേസിലെ മൂന്നാംപ്രതി; ഹർത്താലിന് ആഹ്വാനം ചെയ്ത് ഒളിവിൽപോയി; പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുള്ള ഉത്തരവിന് പിന്നാലെ അറസ്റ്റ്; പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താർ ഒക്ടോബർ 20 വരെ റിമാൻഡിൽ; കാക്കനാട് ജയിലിലേക്ക് മാറ്റി
കൊച്ചി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താർ ഒക്ടോബർ 20 വരെ റിമാൻഡിൽ. കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. അബ്ദുൾ സത്താറിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. എൻ.ഐ.എ. നേരത്തെ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാംപ്രതിയാണ് സത്താർ.
കഴിഞ്ഞദിവസം പൊലീസാണ് കരുനാഗപ്പള്ളിയിൽനിന്ന് അബ്ദുൾ സത്താറിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് എൻ.ഐ.എയ്ക്ക് കൈമാറുകയായിരുന്നു. എൻ.ഐ.എ. ഐ.ജി.യുടെ നേതൃത്വത്തിലുള്ള പ്രാഥമിക ചോദ്യംചെയ്യലിന് ശേഷമാണ് വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെ അബ്ദുൾ സത്താറിനെ കോടതിയിൽ ഹാജരാക്കിയത്.
നേരത്തെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരേ ആരോപിച്ച സമാനകുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരേയുള്ള റിമാൻഡ് റിപ്പോർട്ടിലും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനും തെളിവെടുപ്പ് നടത്താനും എൻ.ഐ.എ. സംഘം വെള്ളിയാഴ്ച അപേക്ഷ സമർപ്പിക്കും.
അതിനിടെ, നേരത്തെ അറസ്റ്റിലായ 11 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും. വെള്ളിയാഴ്ച ഇവരെ കോടതിയിൽ ഹാജരാക്കും. ഇവരുടെ കസ്റ്റഡി കാലാവധി നീട്ടിചോദിക്കണമോ എന്നകാര്യത്തിൽ ഡൽഹിയിലെ എൻ.ഐ.എ. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയശേഷമാകും അന്വേഷണസംഘം അന്തിമ തീരുമാനമെടുക്കുക.
പോപ്പുലർ ഫ്രണ്ടിന്റെ ദക്ഷിണമേഖല ആസ്ഥാനമായ കരുനാഗപ്പള്ളിയിലെ കാരുണ്യ ട്രസ്റ്റ് ഓഫീസിൽനിന്നാണ് സത്താറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹർത്താലിന് ആഹ്വാനം ചെയ്തതിന് പിന്നാലെ അബ്ദുൾ സത്താർ ഒളിവിൽപോയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാൾ കരുനാഗപ്പള്ളിയിൽ തിരികെ എത്തിയത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുള്ള കേന്ദ്രസർക്കാർ ഉത്തരവിറങ്ങി മണിക്കൂറുകൾക്കകമാണ് അബ്ദുൾ സത്താറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നിരോധന ഉത്തരവിറങ്ങിയതിന് പിന്നാലെ കാരുണ്യ ട്രസ്റ്റ് പൊലീസ് സീൽ ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഒളിവിലായിരുന്ന അബ്ദുൾ സത്താർ ഇവിടേക്ക് എത്തിയത്. തുടർന്ന് നിരോധനത്തിനെതിരേ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കരുനാഗപ്പള്ളി എ.സി.പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സത്താറിനെ കസ്റ്റഡിയിലെടുത്തത്.
മറുനാടന്‍ മലയാളി ബ്യൂറോ