പാലക്കാട്: വന്ദേഭാരത് ട്രെയിനിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ വിശദീകരണവുമായി പ്രാദേശിക കോൺഗ്രസ് നേതാവ് സെന്തിൽ രംഗത്ത്. ആരുടേയും നിർദേശപ്രകാരമല്ല പോസ്റ്റർ പതിച്ചതെന്നും ആവേശത്തിൽ ചെയ്തതാണെന്നുമാണ് സെന്തിലിന്റെ വിശദികരണം. കയ്യിലുണ്ടായിരുന്ന പോസ്റ്റർ മഴവെള്ളത്തിൽ ട്രെയിനിൽ പതിക്കുകയായിരുന്നു. ആരേയും അപമാനിക്കാൻ വേണ്ടി ചെയ്തതല്ലെന്നും പോസ്റ്റർ പതിച്ച ഉടനെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ താൻ അത് മാറ്റിയെന്നും ഇയാൾ പറഞ്ഞു.

വന്ദേഭാരതിൽ പോസ്റ്റർ പതിക്കാൻ എംപി ഒരു നിർദേശവും തന്നിട്ടില്ലെന്നും സെന്തിൽ പറഞ്ഞു. അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പറാണ് സെന്തിൽ. കഴിഞ്ഞ ദിവസമാണ് വന്ദേഭാരത് ഉദ്ഘാടന യാത്രയിൽ ട്രെയിൻ ഷോർണൂരിൽ നിർത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യമർപ്പിച്ചുള്ള പോസ്റ്റർ ഒട്ടിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.

അതേസമയം തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പോസ്റ്റർ പതിച്ചതെന്ന വിശദീകരണവുമായി വികെ ശ്രീകണ്ഠൻ രംഗത്തെത്തി. ഏതോ ആളുകൾ മഴവെള്ളത്തിൽ ഒട്ടിച്ച് എടുത്ത പടമാണ് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ട്രെയിനിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ യുവ മോർച്ചാ നേതാവിന്റെ പരാതിയിൽ ആർപിഎഫ് കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ സ്റ്റേഷനിൽ പ്രവേശിച്ചത്, പോസ്റ്റർ പതിക്കൽ, യാത്രക്കാരുടെ സൗകര്യങ്ങൾ തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

അതേസമയം പോസ്റ്റർ ഒട്ടിച്ചതിൽ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തുകയും ചെയ്തു. കേന്ദ്ര സർക്കാർ കേരളത്തിന് സമ്മാനിച്ച ലോകോത്തര നിലവാരത്തിലുള്ള വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനിൽ സ്വന്തം പോസ്റ്റർ ഒട്ടിച്ച് അശ്ലീലമാക്കിയെന്നും, പാലക്കാടിന്റെ എംപി ശ്രീകണ്ഠന്റെ അൽപ്പത്തരത്തിൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും വാർത്താ കുറിപ്പിൽ ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റി അറിയിച്ചു.