തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ തന്നെ വിസ്മയമാകാൻ ഒരുങ്ങുകയാണ് കൽക്കി 2898 എഡി.സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രം കൂടിയാണ് കൽക്കി. മഹാനടി അടക്കമുള്ള ചിത്രങ്ങൾ ഒരുക്കിയ നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം സയൻസ് ഫിക്ഷൻ ഫാന്റസി വിഭാഗത്തിൽ പെടുന്നതാണ്.ടൈറ്റിൽ അനൗൺസ്മെന്റ് മുതൽ റിലീസ് തീയതി വരെയുള്ള ഓരോ അപ്ഡേറ്റും ആഘോഷമാക്കുകയായിരുന്നു ആരാധകർ.അതുകൊണ്ട് കഴിഞ്ഞ ദിവസം വന്ന ചിത്രത്തിന്റെ ട്രെയ്ലറും സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.

മലയാളം ഉൾപ്പടെ എല്ലാ ഭാഷകളിലുമായി പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന കൽക്കിയിൽ മിക്ക ഭാഷകളിൽ നിന്നുമുള്ള താരങ്ങൾ അണിനിരക്കുന്നുണ്ട്.അതിനാൽ തന്നെ ചിത്രത്തിലെ പ്രധാനതാരങ്ങളുടെ ലുക്കാണ് ഇപ്പോൾ ട്രെയ്ലറിനൊപ്പം സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്.ഇന്ത്യൻ സിനിമയുടെ സ്വന്തം ഉലകനായകൻ കമൽ ഹാസനാണ് ആ ആവേശത്തിന് കാരണം. കൽക്കിയിൽ ഒരു സുപ്രധാന വേഷത്തിൽ കമൽ ഹാസൻ ഉണ്ടാവുമെന്ന് നിർമ്മാതാക്കളായ വൈജയന്തി മൂവീസ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. വില്ലൻ വേഷത്തിലാവും കമൽ എത്തുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.അതിനെ സാധൂകരിക്കുന്ന രംഗങ്ങളാണ് ട്രെയിലറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതും.

കലി എന്നായിരിക്കും കമലിന്റെ കഥാപാത്രത്തിന്റെ പേരെന്നാണ് സൂചന. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ഏത് രൂപത്തിലേക്ക് മാറാനും മടിയില്ലാത്ത താരമാണ് കമൽ ഹാസനെന്ന് ഏവർക്കുമറിയുന്ന കാര്യമാണ്. ട്രെയിലറിൽ കമൽ ഹാസനെ അത്ര വിശദമായി കാണിച്ചിട്ടില്ലെങ്കിലും ഉള്ളത് തീപ്പൊരിയാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ വ്യക്തമാക്കുന്നത്.ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ എക്സ് പ്ലാറ്റ്ഫോമിൽ കമൽ ഹാസൻ എന്ന ടാഗും ട്രെൻഡിങ്ങായി. ട്രെയ്ലറിലെ സൂചനകൾ വച്ച് ഇന്ത്യൻ 2, തഗ് ലൈഫ് എന്നീ ചിത്രങ്ങൾക്ക് മുന്നെ തന്നെ കൽക്കിയിലൂടെ ഉലകനായകൻ പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് ഉറപ്പായി.

കമൽഹാസന് പുറമെ ദീപിക പദുകോൺ,അമിതാഭ് ബച്ചൻ, പശുപതി, ശോഭന, അന്നാ ബെൻ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.ലുക്കിന് പുറമെ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.600 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.അതിൽ വലിയൊരു ഭാഗം താരങ്ങളുടെ പ്രതിഫലമാണ്.അഭിനേതാക്കൾക്ക് മൊത്തമായി 250 കോടിയോളമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ നീക്കിവെക്കുന്ന പ്രതിഫലമെന്നാണ് അറിയുന്നത്.ഇതിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഭാസ് തന്നെയാണ്. 150 കോടിയാണ് കൽക്കിയിൽ പ്രഭാസ് വാങ്ങുന്ന പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ.

പിന്നാലെ ചിത്രത്തിലെ നായികയായ ദീപിക പദുകോൺ ആണ്.പുറത്തെത്തിയ റിപ്പോർട്ടുകൾ പ്രകാരം ദീപികയുടെ പ്രതിഫലം 20 കോടിയാണ്.ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അമിതാഭ് ബച്ചനും കമൽ ഹാസനും ദീപികയുടെ അതേ പ്രതിഫലം, അതായത് 20 കോടി വീതമാണെന്നാണ് റിപ്പോർട്ടുകൾ.ദിഷ പഠാനിയും ചിത്രത്തിലെ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 5 കോടിയാണ് ദിഷയുടെ പ്രതിഫലമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.എഡി 2898ലെ സാങ്കൽപിക ലോകത്ത് നടക്കുന്ന കഥയും അവിടെ ഭൈരവ നേരിടുന്ന വെല്ലുവിളിയുമാണ് ചിത്രം പറയുന്നത്.വിഷ്ണുവിന്റെ ആധുനിക അവതാരമായ ഭൈരവ ആയാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്.തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുക.

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് ആണ് 'കൽക്കി 2898 എഡി നിർമ്മിക്കുന്നത്.പ്രേക്ഷകരിൽ നിന്നും പോസിറ്റീവ് അഭിപ്രായം ലഭിക്കുന്നപക്ഷം കളക്ഷനിൽ വലിയ നേട്ടം ഉണ്ടാക്കാൻ സാധ്യതയുള്ള ചിത്രത്തിന്റെ റിലീസ് ഈ മാസം 27 ന് ആണ്.ചിത്രത്തിന്റെ പ്രചരണത്തിനായി അണിയറ പ്രവർത്തകർ നടത്തിയ പരിപാടികൾ ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.നേരത്തെ ചിത്രത്തിലെ ബുജി എന്ന വാഹനത്തിന്റെ ലോഞ്ചിംഗിൽ പുറത്തുവിട്ടിരുന്നു.അതിന് പിന്നാലെ ഈ ക്യാരക്ടർ ഉൾപ്പെടുന്ന മൂന്ന് ഭാഗമുള്ള സീരിസും കൽക്കി 2898 എഡി അണിയറക്കാർ ആമസോൺ പ്രൈം വഴി പുറത്തുവിട്ടിരുന്നു.