ന്യൂഡൽഹി: വ്യോമസേനയുടെ പോർശേഷി കൂട്ടി കൊണ്ട് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറുകളായ പ്രചണ്ഡ് സേനയിൽ ഉൾപ്പെടുത്തി. പ്രചണ്ഡിന്റെ ആദ്യ ബാച്ചാണ് ജോധ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യോമസേനയ്ക്ക് കൈമാറിയത്. മിസൈലുകളും, മറ്റായുധങ്ങളും വർഷിക്കാൻ ശേഷിയുള്ള ഹെലികോപ്ക്ടറാണിത്.

ഇന്ത്യൻ സൈന്യത്തിലെയും, വ്യോമസേനയിലെയും ആക്രമണ ദൗത്യങ്ങളുടെ കുന്തമുനയായിരിക്കും ഇനി പ്രചണ്ഡ്. 5.8 ടൺ ഭാരമുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടർ ഇതിനകം നിരവധി ആയുധ വർഷിക്കൽ പരീക്ഷണങ്ങൾ നടത്തി കഴിഞ്ഞു. രാജ്‌നാഥ് സിംഗിന് പുറമെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഐഎഎഫ് ചീഫ് എയർ ചീഫ് മാർഷൽ വി ആർ ചൗധരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രതിരോധ നിർമ്മാണമേഖലയിലെ ഇന്ത്യയുടെ കഴിവ് പ്രതിഫലിപ്പിക്കുന്ന സുപ്രധാന സന്ദർഭമാണിതെന്ന് രാജ്നാഥ് സിങ് പറഞ്ഞു. പ്രചണ്ഡ് ഹെലികോപ്റ്ററുകൾ അതിർത്തി മേഖലയിലെ വെല്ലുവിളികൾ നേരിടാൻ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.

തുടർന്ന് രാജ്‌നാഥ് സിങ്ങ് വ്യോമസേന പൈലറ്റുമാർക്കൊപ്പം ഹെലികോപ്റ്ററുകൾ പറത്തി. തുടർന്ന് വ്യോമഭ്യാസവും നടന്നു. അതിതീവ്രം, അത്യുഗ്രം എന്നാണ് പ്രചണ്ഡ് എന്ന വാക്കിന് അർത്ഥം. ഉയരമുള്ള പ്രദേശങ്ങളിൽ ശത്രുക്കൾക്കെതിരെ പോരാടാനും, ടാങ്കുകൾ, ബങ്കറുകൾ, ഡ്രോണുകൾ, എന്നിവയെ ആക്രമിക്കാൻ ഈ കോംബാറ്റ് ഹെലികോപ്റ്റർ സഹായിക്കും.16400 അടി ഉയരത്തിൽ ആയുധങ്ങളും ഇന്ധനവുമായി പറക്കാൻ ഈ ഹെലികോപ്റ്ററിനാകും.

3,887 കോടി രൂപ ചെലവിൽ തദ്ദേശീയമായി വികസിപ്പിച്ച 15 ലിമിറ്റഡ് സീരീസിൽ 65 എണ്ണം വ്യോമസേനയ്ക്കും 95 എണ്ണം കരസേനയ്ക്കുമാണ് കൈമാറുന്നത്. ലഡാക്ക് അടക്കം ചൈനീസ് അതിർത്തി മേഖലയിലെ വെല്ലുവിളികൾ നേരിടാൻ സജ്ജമാണ് ഈ ഹെലികോപ്റ്ററുകൾ. ചൈനീസ് ഡ്രോണുകളെ മിസൈസുകൾ വഴി തർക്കാൻ ഈ ഹെലികോപ്ടർ ഉപയോഗിക്കാം.

അമേരിക്കൻ നിർമ്മിത അപ്പാച്ചെ ഹെലികോപ്ടറുകൾ നമുക്കുണ്ടെങ്കിലും, ഉയർന്ന പ്രദേശങ്ങളിൽ, നല്ല രീതിയിൽ ഭാരം വഹിച്ച് കൊണ്ട് പ്രവർത്തിക്കാൻ ശേഷിയുണ്ട് പ്രചണ്ഡിന്. ചോപ്പറിന്റെ രൂപകൽപ്പന പൂർണമായി ഭാരതീയമാണ്.

ഇന്ത്യൻ ആവശ്യങ്ങൾക്ക് അനുസൃതമായാണ് നിർമ്മാണം. അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ ധ്രുവുമായി എൽസിഎച്ചിന് സാമ്യമുണ്ട്. രഹസ്യമായി പറക്കാനുള്ള ശേഷി, കവചിത സുരക്ഷ സംവിധാനങ്ങൾ, രാത്രി ആക്രമണ ശേഷി എന്നിവ സവിശേഷതകളാണ്.