- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസിയുടെ ഫണ്ടിന്റെ പേരിൽ അപകീർത്തിപ്പെടുത്തി; പ്രതാപചന്ദ്രന്റെ മരണകാരണം കോൺഗ്രസ് പ്രവർത്തകരുടെ മാനസിക പീഡനത്താൽ; കോഴിക്കോട് സ്വദേശികൾക്കെതിരെ ഡിജിപിക്ക് പരാതി നൽകി കുടുംബം; കെ.സുധാകരനെയും വി.ഡി.സതീശനെയും പരാതി അറിയിച്ചു
തിരുവനന്തപുരം: കെപിസിസി ട്രഷറർ പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഡിജിപിക്ക് പരാതി നൽകി അദ്ദേഹത്തിന്റെ കുടുംബം. പ്രതാപചന്ദ്രന്റെ മരണത്തിനു കാരണം അപവാദ പ്രചാരണമാണെന്നാണ് അദ്ദേഹത്തിന്റെ മക്കളുടെ ആരോപണം. മക്കളായ പ്രജിത്ത്, പ്രീതി എന്നീവരാണ് ഡിജിപിക്ക് പരാതി നൽകിയത്.
കോഴിക്കോട് സ്വദേശികളായ പ്രമോദ്, രമേശൻ എന്നിവരുടെ പേര് പരാതിയിലുണ്ട്. ഡിജിപിക്കു പുറമെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കുടുംബം പരാതി നൽകി.
2022 ഡിസംബർ 20നാണ് എഴുപത്തിമൂന്നുകാരനായ പ്രതാപചന്ദ്രൻ അന്തരിച്ചത്. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സമുന്നത കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റും മുൻ ധനകാര്യമന്ത്രിയുമായിരുന്ന എസ്. വരദരാജൻ നായരുടെ മകനാണ്.
കെപിസിസിയുടെ ഫണ്ടുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചുണ്ടായ പ്രചാരണം പ്രതാപചന്ദ്രന് അപകീർത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നാണു മക്കളുടെ പരാതിയിൽ പറയുന്നത്. അപവാദ പ്രചാരണം നടത്തുന്നവർക്കെതിരെ പരാതി നൽകാൻ പ്രതാപചന്ദ്രൻ തീരുമാനിച്ചിരുന്നു. ഇതിനിടെയായിരുന്നു ആക്സ്മികമായ അന്ത്യം.
കെപിസിസിയുടെ ഫണ്ട് കട്ടുമുടിക്കുന്നു എന്ന തരത്തിൽ ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ച വാർത്ത പ്രതാപചന്ദ്രന് അപകീർത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്.
ഈ അപവാദ പ്രചാരണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശികളായ പ്രമോദ് ,രമേശൻ എന്നീവർക്ക് എതിരെ പൊലീസിൽ പരാതി നൽകാൻ പ്രതാപചന്ദ്രൻ മരിക്കുന്നതിന് മുമ്പ് തീരുമാനിച്ചിരുന്നതായി മക്കൾ പറഞ്ഞു. ഇതിനായി തലസ്ഥാനത്തെ ഒരു വക്കീലിനെ ചുമതലപ്പെടുത്തിയിരുന്നു. പരാതി നൽകുന്ന കാര്യം കെപിസിസി അദ്ധ്യക്ഷനെ അറിയിച്ചിരുന്നതായും ഡിജിപിക്ക് നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു.
ആരോപണ വിധേയരായ പ്രമോദും രമേശും കോൺഗ്രസിന്റെ സിയുസി ( കോൺഗ്രസ് യൂണിറ്റ് കമ്മറ്റി ) സംവിധാനത്തിന്റെ ചുമതലക്കാരാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രതാപചന്ദ്രനെ ഓഫീസിൽ വച്ച് പ്രമോദ് എന്നയാൾ നിരന്തരം ആക്ഷേപിച്ചിരുന്നതായും ഇത് അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു.
മരണത്തിന് കാരണക്കാരനായവരെ നീതിപൂർവ്വമായ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ മക്കളുടെ ആവശ്യം.കെപിസിസി ട്രഷറർ എന്ന നിലയിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്ന അഡ്വക്കേറ്റ് വി പ്രതാപചന്ദ്രൻ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ജനകീയനാണ്. കഴിഞ്ഞ ദിവസം പ്രതാപ് ചന്ദ്രന്റെ വസതിയിൽ എത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ