- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്പനി മുതലാളിമാരുമായി പിണറായി വിജയൻ നെതർലണ്ട്സിൽ വെച്ച് 2019 ൽ ചർച്ച നടത്തി; കൊച്ചിയിലും കോഴിക്കോടും കണ്ണൂരും കമ്പനിക്ക് കരാർ നൽകാൻ മുഖ്യമന്ത്രിയോ കുടുംബാംഗങ്ങളോ വിദേശ രാജ്യത്തു കമ്മിഷൻ വാങ്ങിയോ എന്ന് വ്യക്തമാക്കുന്നതാണ് നല്ലത്; ആരോപണവുമായി പ്രതീഷ് വിശ്വനാഥ്
കൊച്ചി: കൊച്ചിയിലെ മാലിന്യ സംസ്‌കരണ കരാർ എടുത്ത സോണ്ട കമ്പനി മുതലാളിമാരുമായി മുഖ്യമന്ത്രിക്ക് പിണറായിക്ക് ബന്ധമെന്ന് ആരോപിച്ചു പരിവാർ നേതാവ് പ്രതീഷ് വിശ്വനാഥ്. പിണറായി വിജയൻ നെതർലണ്ടിൽ വച്ച് സോണ്ട കമ്പനിയുമായി ചർച്ച നടത്തിയെന്ന് പ്രതീഷ് വിശ്വസാഥ് ആരോപിച്ചു. കൊച്ചിയിലും കോഴിക്കോടും, കണ്ണൂരും എല്ലായിടത്തും കമ്പനിക്ക് കരാർ നൽകാൻ മുഖ്യമന്ത്രിയോ, കുടുംബാംഗങ്ങളോ വിദേശ രാജ്യത്തു കമ്മിഷൻ വാങ്ങിയോ എന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണമെന്നും പ്രതീഷ് പറഞ്ഞു.
പ്രതീഷ് വിശ്വനാഥന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
കൊച്ചിയിലെ മാലിന്യ സംസ്‌കരണ കരാർ എടുത്ത zonta കമ്പനി മുതലാളിമാരുമായി പിണറായി വിജയൻ നെതർലണ്ടിൽ വച്ച് 2019 ൽ ചർച്ച നടത്തി. കൊച്ചിയിലും കോഴിക്കോടും , കണ്ണൂരും എല്ലായിടത്തും കമ്പനിക്ക് കരാർ നല്കാൻ മുഖ്യമന്ത്രിയോ , കുടുംബാംഗങ്ങളോ വിദേശ രാജ്യത്തു കമ്മിഷൻ വാങ്ങിയോ എന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുന്നതാണ് നല്ലത്.
അതേസമയം സോണ്ടയെ തള്ളി ജർമൻ കമ്പനി ബോവർ നേരത്തെ രംഗത്തുവന്നിരുന്നു. ബ്രഹ്മപുരത്ത് തങ്ങൾ സോണ്ടയുടെ പങ്കാളിയല്ലെന്നും ബംഗളൂരുവിൽ സോണ്ട നടത്തിയ തട്ടിപ്പിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും എംഡി പാട്രിക് ബോവർ പറഞ്ഞു. രാഷ്ട്രീയ സ്വാധീനം മൂലം സോണ്ട അന്വേഷണം അട്ടിമറിച്ചു അവർക്കെതിരെ നിഷ്പക്ഷ അന്വേഷണം വേണമെന്നും പാട്രിക് പറഞ്ഞു.
2019 -20 സമയത്ത് ബ്രഹ്മപുരത്ത് ടെൻഡർ നടപടികൾ ആരംഭിക്കുമ്പോൾ സോണ്ട പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. ജർമൻ ആസ്ഥാനമായ ബോവർ എന്ന കമ്പനി അവരുടെ പങ്കാളിയാണെന്നും കാണിച്ചിരുന്നു. ബംഗളുരുവിൽ ബോവർ സോണ്ടയുടെ പങ്കാളിയുമായിരുന്നു. എന്നാൽ കരാർ അട്ടിമറിക്കപ്പെട്ടതോടെ സോണ്ടയ്ക്കെതിരെ ബോവർ കേസ് ഫയൽ ചെയ്തു. ബ്രഹ്മപുരത്തെ കരാറിൽ സോണ്ട സംശയ നിഴലിലായതോടെയാണ് ബോവർ വിശദീകകണവുമായി രംഗത്തെത്തിയത്. ബ്രഹ്മപുരത്തെ പദ്ധതിയിൽ തങ്ങൾ പങ്കാളിയല്ല. മാലിന്യ സംസ്‌കരണവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും വേസ്റ്റ് ബിന്നുകൾ നിർമ്മിക്കുന്ന ജോലിയാണ് തങ്ങളുടേതെന്നും ബോവർ പത്രകുറിപ്പിൽ പറയുന്നു.
അതേസമയം, ബ്രഹ്മപുരം പ്ലാന്റിൽ മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ സ്ഥലമില്ലെന്ന് ഹെക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോർട്ട്. പദ്ധതി പ്രദേശത്തെ കെട്ടിടങ്ങൾ പലതും നശിച്ചിട്ടുണ്ട്. നിലവിലുള്ള കെട്ടിടങ്ങൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രഹ്മപുരത്തേക്ക് എത്തിക്കുന്ന ജൈവമാലിന്യങ്ങളുടെ അളവ് കുറയ്ക്കണം. സമയബന്ധിതമായി ബയോമൈനിങ് പൂർത്തിയാക്കാൻ ആവശ്യമായ യന്ത്രങ്ങൾ പ്ലാന്റിൽ ഇല്ല എന്നും കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ സംസ്‌കരണം നിയമപരമായല്ല നടക്കുന്നതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.ബ്രഹ്മപുരം പ്ലാന്റിൽ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാനുള്ള യന്ത്രങ്ങളോ സൗകര്യങ്ങളോ ഇല്ല ആകെയുള്ളത് ഒരു ഷെഡ് മാത്രം പ്ലാസ്റ്റിക് മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്‌കരണം നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവാദമായ സോണ്ട കമ്പനിയുടെ ഉടമ രാജ്കുമാർ ചെല്ലപ്പൻ പിള്ള ഖരമാലിന്യ സംസ്‌കരണ രംഗത്തെ സ്വർണ ഖനിയായി കണ്ട് രംഗത്തിറങ്ങിയത് 2016 ന് ശേഷമെന്ന് രേഖകകളും പുറത്തുവന്നിരുന്നു. 2016 വരെ മറ്റേതോ മേഖലകളിൽ പ്രവർത്തിച്ച രണ്ട് കമ്പനികൾ മാത്രമാണ് രാജ്കുമാറിന് ഉണ്ടായിരുന്നത്. ഒന്നാം പിണറായി സർക്കാർ 2016 മേയിൽ അധികാരം ഏറ്റശേഷമാണ് രാജ്കുമാർ ഖരമാലിന്യ സംസ്‌ക്കരണ രംഗത്തേക്ക് തിരിയുന്നത്.
2016 ഒക്ടോബറിൽ സോൺട ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായി. 2017 ഒക്ടോബറിൽ മറ്റൊരു കമ്പനിയുടെ കൂടി ഡയറക്ടർ ബോർഡിൽ കടന്നു കൂടി. സോൺട്ട എൻവയോൺമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു കമ്പനിയുടെ പേര്. പിന്നീട് 2019 ഫെബ്രുവരിയിൽ എഡ്ജവാഴ്സിറ്റി ലേണിങ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിക്കുന്നു. അതേ വർഷം തന്നെ ജൂലൈയിൽ വേസ്റ്റ് മാനേജ് മെന്റ് കരാർ ലക്ഷ്യം വെച്ച് വീണ്ടും കമ്പനി രൂപീകരിക്കുന്നു. മലബാർ വേസ്റ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു കമ്പനിയുടെ പേര്. 2020 മേയിലും ഇതേ ഉദ്ദേശത്തിൽ വേണാട് വേസ്റ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിക്കുന്നു.
2021 ഫെബ്രുവരിയിൽ കൊച്ചി വേസ്റ്റ് മാനേജ്മെന്റ് എന്ന കമ്പനിയും അതേ വർഷം ഏപ്രിലിൽ സൊൺട റീനെർജി എന്ന പേരിലും കമ്പനി തുടങ്ങുന്നു. ഇടതു സർക്കാരിന്റെ കാലത്ത് തന്നെയാണ് രാജ് കുമാർ ഇത്രയധികം കമ്പനികൾ രൂപീകരിച്ചിരിക്കുന്നത്. വൈക്കം വിശ്വന്റെ മരുമകനന് മാലിന്യ സംസ്‌ക്കരണത്തിന് കരാർ കിട്ടാൻ വഴിവിട്ട നീക്കങ്ങൾ നടന്നുവെന്ന പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ