- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു പേരെ മതം മാറാൻ പ്രേരിപ്പിച്ചെന്നും മാസം 3000 രൂപയും മക്കളുടെ പഠനച്ചെലവും ഉൾപ്പെടെ വഹിക്കാമെന്നും ഉറപ്പു നൽകിയെന്ന് ആരോപണം; പരാതി നൽകിയത് ബജ്‌റംഗ് ദള്ളുകാരെന്ന് സഭ; മിഷൻ സെന്ററും ട്യൂഷനുമായി സേവനത്തിൽ നിറഞ്ഞ മലയാളി വൈദികനെ ജയിലിൽ അടച്ച് മധ്യപ്രദേശ് പൊലീസ്; നെയ്യാറ്റിൻകരക്കാരനായ അച്ചന്റെ ജയിൽ മോചനത്തിൽ പ്രതിസന്ധി
ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ചു മധ്യപ്രദേശിലെ സിയോണിയിൽ മലയാളി വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തത് ഗുരുതര ആരോപണങ്ങളുമായി. പണം നൽകി മതപരിവർത്തനത്തിന് ശ്രമിച്ചുവെന്നതാണ് ആരോപണം. നിർബന്ധിതമോ, വഞ്ചനാപരമോ ആയ മതപരിവർത്തനം ഗൗരവകരമാണെന്നും ഇത് രാജ്യത്തെ പൗരന്മാരുടെ സുരക്ഷയെയും, സ്വാതന്ത്രത്തെയും ബാധിക്കുമെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അറസ്റ്റ്. ദിവസങ്ങളായിട്ടും അച്ചന് ജാമ്യം പോലും കിട്ടിയിട്ടില്ലെന്നതാണ് വസ്തുത.
തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി റവ. പ്രസാദ് ദാസിനെയാണ് നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തത്. സിഎസ്‌ഐ വൈദികനായ റവ. പ്രസാദ് ദാസ് 7 വർഷമായി സിയോണി ജില്ലയിൽ മിഷനറി പ്രവർത്തനങ്ങളിലാണ്. തിരികെ നാട്ടിലേക്കു മാറാനിരിക്കെയാണ് അറസ്റ്റ്. ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതിനെത്തുടർന്ന് ജില്ലാ കോടതിയെ സമീപിച്ചിരിക്കുകയാണ്.
സിയോണി സ്വദേശികളായ 2 പേരെ വീട്ടിലേക്കു വിളിച്ചുവരുത്തി മതം മാറാൻ പ്രേരിപ്പിച്ചെന്നും മതം മാറിയാൽ പ്രതിമാസം 3000 രൂപയും മക്കളുടെ പഠനച്ചെലവും ഉൾപ്പെടെ വഹിക്കാമെന്നും ഉറപ്പു നൽകിയെന്നാണു പരാതി. അതേസമയം, റവ. പ്രസാദ് ദാസിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും നിയമവിരുദ്ധമായി 24 മണിക്കൂറിലധികം കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്നതായും അഭിഭാഷകൻ അൽജോ കെ.ജോസ് പറഞ്ഞു. പരാതിക്കാരുള്ളതാണ് ഈ കേസിൽ ജാമ്യം കിട്ടാൻ പ്രതിസന്ധി. നാട്ടുകാരുടെ മൊഴിയിലാണ് കേസ് എടുത്തത്. ഇവർ പരിവാറുകാരാണെന്നാണ് സി എസ് ഐ സഭ പറയുന്നത്.
കള്ളക്കേസിൽ കുടുക്കിയതാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും സിഎസ്ഐ ദക്ഷിണകേരള മഹായിടവക വ്യക്തമാക്കി. ചിദ്‌വാരയിൽ തമിഴ് പാസ്റ്ററെ അറസ്റ്റ് ചെയ്തതുൾപ്പെടെ മധ്യപ്രദേശിൽ മതപരിവർത്തന നിരോധന നിയമം പ്രയോഗിച്ചുള്ള പൊലീസ് നടപടി ഏറിവരികയാണ്. പ്രദേശത്ത് താമസിക്കുന്ന രണ്ട് കുടുംബാംഗങ്ങളെ മതംമാറ്റാൻ ഇയാൾ ശ്രമിച്ചുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. ഉടൻ അറസ്റ്റിലേക്കും കടന്നു.
മധ്യപ്രദേശിൽ ബിജെപിയാണ് ഭരിക്കുന്നത്. സി എസ് ഐ സഭയ്ക്ക് ഏറെ ശക്തിയുള്ളത് ദക്ഷിണേന്ത്യയിലാണ്. കേരളത്തിലാണ് കൂടുതൽ കരുത്ത്. ഇവിടെ സി എസ് ഐ സഭയ്‌ക്കെതിരെ ഇഡി കേസുകൾ പോലും നിലവിലുണ്ട്. ബിഷപ്പ് ധർമ്മരാജം റസാലം അടക്കമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരുകയാണ്. ഇതിനിടെയാണ് മധ്യപ്രദേശിലെ മത പരിവർത്തന കേസിലെ അറസ്റ്റ്.
അതുകൊണ്ട് തന്നെ ബിജെപിക്കെതിരെ അതിശക്തമായ പ്രതിഷേധമുയർത്തുന്നതിൽ സഭയ്ക്കും പ്രതിസന്ധിയുണ്ട്. അതിനാൽ നിയമ വഴികളിലൂടെ പ്രസാദ് ദാസിനെ ജയിലിൽ നിന്ന് പുറത്തു കൊണ്ടു വരാനാകും ശ്രമം. മതപരിവർത്തനത്തിനെതിരായ സുപ്രീംകോടതി നിലപാടുകൾ ചർച്ചയാക്കി അച്ചന് ജാമ്യം കിട്ടില്ലെന്ന് ഉറപ്പിക്കാനാണ് മധ്യപ്രദേശ് പൊലീസിന്റെ ശ്രമം. ഇതും സി എസ് ഐ സഭയെ പ്രതിസന്ധിയിലാക്കും.
സിയോണി ജില്ലയിലെ ചപ്പാറയിലാണ് ഫാ പ്രസാദ് ദാസ് സേവനമനുഷ്ഠിച്ചിരുന്നത്. ബജ്‌റംഗദൾ പ്രവർത്തകരാണ് പരാതി നൽകിയത്. ഭാര്യ ബിന്ദുവിനേയും മകൻ പ്രബിനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ വിട്ടയച്ചു. ആദ്യം പ്രസാദിനേയും മകനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിന്നീട് ഭാര്യയേയും. രാത്രിയാണ് ഭാര്യയേയും മകനേയും വിട്ടയച്ചത്.
തിരുവനന്തപുരം സി എസ് ഐ മഹാ ഇടവകയിലെ പുരോഹിതനായ ഫാ പ്രസാദ് ഏഴു വർഷമായി മധ്യപ്രദേശിലാണ്. ഇവിടെ മിഷൻ സെന്ററും ട്യൂഷൻ സെന്ററുമാണ് പ്രവർത്തിക്കുന്നത്. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശിയാണ്. ബണ്ഡേൽ പൊലീസാണ് കേസെടുത്തത്. മധ്യപ്രദേശിലെ ശിവാനി ജില്ലയിൽ ചപ്പാറ പ്രദേശം കേന്ദ്രീകരിച്ച് കഴിഞ്ഞ ഏഴ് വർഷക്കാലമായി സാമൂഹ്യ സേവനം നടത്തിവരികയായിരുന്നു സി. എസ്. ഐ.ദക്ഷിണ കേരള മഹായിടവകയിലെ വൈദികനായ റവ.പ്രസാദ് ദാസ് അച്ചനും കുടുംബവും എന്ന് സി എസ് ഐ സഭ പറയുന്നു.
അച്ചന്റെ സേവനങ്ങൾ ആ പ്രദേശത്തെ ജനങ്ങൾക്ക് വളരെ ആശ്വാസമായിരുന്നു. അനേകരെ അന്ധകാരത്തിൽ നിന്നും അത്ഭുത പ്രകാശത്തിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടുവരുന്നതിന് വളരെ ചുരുങ്ങിയ കാലം കൊണ്ട് അച്ചനു കഴിഞ്ഞു .ഇപ്പോൾ അച്ചനെ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് അകാരണമായി അറസ്റ്റ് ചെയ്തു തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും സഭാ നേതൃത്വം വിശ്വാസികളെ അറിയിച്ചിട്ടുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ