- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർവ്യൂവിൽ പ്രകടനം മികച്ചതായിരുന്നു എന്ന് അവകാവാദം; വിവരാവകാശപ്രകാരം ഓൺലൈൻ അഭിമുഖത്തിന്റെ വീഡിയോ കിട്ടുമെന്നും അത് ടെലികാസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോ എന്നും വെല്ലുവിളിച്ച പ്രിയാ വർഗ്ഗീസ്; വിവരാവകാശം എത്തുമ്പോൾ കൈമലർത്തി യൂണിവേഴ്സിറ്റിയും; പ്രിയാ വർഗ്ഗീസിന്റെ നിയമന വിവാദത്തിൽ ഒളിച്ചുകളി തുടരുമ്പോൾ
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ ഓൺലൈൻ അഭിമുഖത്തിന്റെ വീഡിയോ പുറത്തുവിടാനാകില്ലെന്ന് കണ്ണൂർ സർവകലാശാല. വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിൽ പ്രിയാ വർഗീസിന്റെ നിയമനം ഹൈക്കോടതി മരവിപ്പിച്ചിരിക്കുകയാണ്.
അഭിമുഖ വീഡിയോ പുറത്തുവിടാൻ തടസ്സമില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന വിശദീകരണം. വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ വിവരം നൽകാനാകില്ലെന്ന നിലപാട് വിവരാവകാശ നിയമത്തിന്റെ ലംഘനമാണെന്നാണ് വിലയിരുത്തൽ. ഒത്തുകളി പുറത്താകുമോ എന്ന ഭയത്തിൽ സർവകലാശാല ഒഴിഞ്ഞുമാറുകയാണെന്ന് സെനറ്റ് അംഗം ഡോ. ആർ.കെ ബിജുവും വിമർശിച്ചു.
റിസർച്ച് സ്കോർ 651 ഉള്ള രണ്ടാം റാങ്കുകാരനായ ജോസഫ് സ്കറിയയെ തഴഞ്ഞ് എറ്റവും കുറഞ്ഞ റിസർച്ച് സ്കോറായ 156 മാത്രമുള്ള പ്രിയ വർഗ്ഗീസിനായിരുന്നു കണ്ണൂർ സർവ്വകലാശാല ഒന്നാം റാങ്ക് നൽകിയത്. മലയാളം അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിലാണ് ഇത്തരത്തിൽ മാർക്ക് നൽകിയത്. യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രിയ വർഗീസിനെ നിയമിച്ചതെന്ന ആക്ഷേപം നിലനിൽക്കേയാണ് അഭിമുഖത്തിലും സർവകലാശാല ഒന്നാം റാങ്ക് നൽകിയത്.
ഓഗസ്ത് പതിനഞ്ചിന് പ്രിയ വർഗീസ് തന്റെ നിയമനത്തെ ന്യായീകിരിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതി. റിസർച്ച് സ്കോറല്ല മാനദണ്ഡമെന്നും ഇന്റർവ്യൂവിൽ തന്റെ പ്രകടനം മികച്ചതായിരുന്നുവെന്നുമായിരുന്നു പ്രിയയുടെ അവകാവാദം. അത് തെളിയിക്കാൻ വിവരാവകാശപ്രകാരം ഓൺലൈൻ അഭിമുഖത്തിന്റെ വീഡിയോ കിട്ടുമെന്നും അത് ടെലികാസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോ എന്നുമായിരുന്നു മാധ്യമങ്ങളോടുള്ള പ്രിയയുടെ വെല്ലുവിളി. ആ വെല്ലുവിളി അന്നു തന്നെ ഏറ്റെടുത്താണ് വിവരാവകാശ പ്രകാരം അപേക്ഷ നൽകിയത്.
പിന്നീട് വൈസ് ചാൻസിലറെ കണ്ടപ്പോഴും റെക്കോർഡ് ചെയ്ത ഇന്റർവ്യൂ പുറത്തുവിടുന്നതിൽ സർവ്വകലാശാലയ്ക്ക് ഒരു തടസവും ഇല്ലെന്നായിരുന്നു മറുപടി. എന്നാൽ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് യൂണിവേഴ്സിറ്റി ജോയിന്റ് രജിസ്ട്രാർ തന്ന മറുപടി കോടതി പരിഗണനയിലുള്ളതിനാൽ വീഡിയോ ഇപ്പോൾ പുറത്ത് വിടാനാകില്ലെന്നായിരുന്നു. ഒരു വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളത്കൊണ്ട് മാത്രം വിവരം തടഞ്ഞുവയ്ക്കാനാകില്ലെന്നാണ് നിയമരംഗത്തെ വിദഗ്ദ്ധർ പറയുന്നു.
പ്രിയ സ്റ്റുഡന്റ് ഡീനായി ചെലവഴിച് രണ്ടുവർഷവും ഫാക്കൽട്ടി ഡെവലപ്മെന്റ് പ്രോഗ്രാം വഴി പിഎച്ച്ഡി ചെയ്ത കാലയളവും അദ്ധ്യാപന പരിചയമായി കാണാനാകില്ലെന്ന് കോടതിയിൽ യുജിസിയും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഉടനുണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ