- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു വർഷത്തെ പിഎച്ച്ഡി ഗവേഷണം; സ്റ്റുഡൻസ് ഡീൻ ആയി രണ്ട് വർഷത്തെ ഡെപ്യൂട്ടേഷൻ; എട്ടുവർഷത്തെ അദ്ധ്യാപന പരിചയം പ്രിയ വർഗ്ഗീസ് 'തികച്ചത്' എഫ് ഡി പി കാലയളവിനെ ഡെപ്യൂട്ടേഷനായി പരിഗണിക്കാമെന്ന സർക്കാർ ഉത്തരവിന്റെ 'ബലത്തിൽ'; നഗ്നമായി ലംഘിച്ചത് യുജിസി ചട്ടങ്ങൾ; കണ്ണൂർ സർവകലാശാലയിലെ നിയമന കള്ളക്കളി അക്കങ്ങളിൽ ഒതുങ്ങിയില്ല; ആ തട്ടിപ്പ് ഉത്തരവ് വെറുതെയാകുമ്പോൾ
കൊച്ചി: കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അദ്ധ്യാപക പരിചയം പ്രിയ വർഗ്ഗീസിന് ഇല്ലെന്ന് വ്യക്തമാക്കിയുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെ ചർച്ചയാകുന്നത് നിയമനത്തിനായി നടത്തിയ വഴിവിട്ട രാഷ്ട്രീയ ഇടപെടലും ചട്ടലംഘനങ്ങളും. ഇക്കാര്യത്തിൽ യുജിസി നിലപാടും സുപ്രീംകോടതി വിധിയും എടുത്തു പറഞ്ഞാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ.
കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വർഗീസിനെ നിയമിച്ച നടപടിയാണ് കോടതി റദ്ദാക്കിയത്. പ്രിയക്ക് യുജിസി മാനദണ്ഡപ്രകാരമുള്ള മതിയായ അദ്ധ്യാപന പരിചയം ഇല്ല, ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ല എന്നീ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധി പ്രസ്താവിച്ചത്. കോടതി വിധി സർക്കാരിന് വൻ തിരിച്ചടിയായി.
കേരള യൂണിവേഴ്സിറ്റിയിൽ പി.കെ. ബിജുവിന്റെ ഭാര്യ, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ പി. രാജീവിന്റെ ഭാര്യ, കാലടി യൂണിവേഴ്സിറ്റിയിൽ എം.ബി രാജേഷിന്റെ ഭാര്യ, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കെ.കെ രാഗേഷിന്റെ ഭാര്യ. സംസ്ഥാനത്തെ ഉന്നത സർവകലാശാലകളിലെ ഈ ഭാര്യാനിയമനങ്ങളൊന്നും യാഥൃശ്ചികമല്ല. എന്നാൽ ജനങ്ങൾ അങ്ങനെ വിശ്വസിച്ചുകൊള്ളണം! മേൽപ്പറഞ്ഞ നേതാക്കളുടെയെല്ലാം ഭാര്യമാരുടെ നിയമനങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും പ്രിയാ വർഗീസിന്റെ വിവാദ നിയമനമാണ് ഇതിൽ ഏറെ ചർച്ചചെയ്യപ്പെട്ടത്.
മറ്റുള്ളനിയമനങ്ങളിൽ ചട്ടങ്ങളെ വളച്ചൊടിച്ചുകൊണ്ടുള്ള നീതിനിഷേധമാണ് അരങ്ങേറിയതെങ്കിൽ പ്രിയാ വർഗീസിന്റെ കാര്യത്തിൽ കടുത്ത നിയമലംഘനങ്ങളാണ് നടക്കുന്നത് എന്നതുതന്നെയാണ് വിവരാവകാശ രേഖ ആധാരമാക്കി പലരും ഉന്നയിക്കുന്നത്. രാഷ്ട്രീയനേതാക്കളുടെ കുടുംബം പോറ്റാൻ അവരുടെ ഭാര്യമാർക്ക് സർക്കാർ മുൻകൈയിൽ ഉന്നത പദവികൾ ദാനംചെയ്യുന്ന സ്ഥാപനങ്ങളായി സർവകലാശാലകൾ മാറുന്നുവെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം റദ്ദാക്കിയതിലൂടെ വ്യക്തമാകുന്നത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന്റെ നിയമനത്തിനായി നടത്തിയ രാഷ്ട്രീയ ഇടപെടലുകളും ചട്ടലംഘനങ്ങളുമാണ് ഹൈക്കോടതി വിധിക്ക് പിന്നാലെ ചർച്ചയാകുന്നത്. തൃശ്ശൂർ കേരള വർമ്മ കോളേജിൽ അദ്ധ്യാപികയായിരുന്ന പ്രിയ വർഗീസ് കണ്ണൂർ യൂണിവേഴ്സിറ്റി മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ചട്ടം മറികടന്നാണ് എന്നതായിരുന്നു ആരോപണം. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018-ലെ റഗുലേഷൻ നിഷ്കർഷിക്കുന്ന അദ്ധ്യാപന പരിചയം അവർക്ക് ഇല്ല എന്നതായിരുന്നു ആക്ഷേപം.
എട്ടുവർഷം അദ്ധ്യാപന പരിചയമാണ് റഗുലേഷൻ പ്രകാരം ആവശ്യം. എയ്ഡഡ് കോളേജിൽ ജോലിയിൽ പ്രവേശിച്ച ശേഷം പ്രിയ വർഗീസ് എഫ്.ഡി.പി (ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാം) പ്രകാരം ഡെപ്യൂട്ടേഷനിൽ മൂന്നു വർഷത്തെ പിഎച്ച്ഡി ഗവേഷണം നടത്തിയ കാലയളവും കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡൻസ് ഡീൻ (ഡയറക്ടർ ഓഫ് സ്റ്റുഡന്റ് സർവീസസ്) ആയി രണ്ട് വർഷം ഡെപ്യൂട്ടേഷനിൽ ജോലിചെയ്ത കാലയളവും ചേർത്താണ് അദ്ധ്യാപനപരിചയം കാണിച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചാണ് യൂണിവേഴ്സിറ്റി അവരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ഇന്റർവ്യൂവിന് വിളിക്കുകയും ചെയ്തത്. 2021 നവംബർ 18-ന് നടന്ന ഇന്റർവ്യൂവിൽ അവർക്ക് ഒന്നാം റാങ്ക് ലഭിച്ചു. തുടർന്ന് അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം ജൂൺ 27-ന് ചേർന്ന സിൻഡിക്കേറ്റ് അംഗീകരിക്കുകയും ചെയ്തു
ഗവേഷണ കാലവും സ്റ്റുഡന്റ്സ് ഡീൻ ആയി പ്രവർത്തിച്ച കാലവും അടക്കം അഞ്ചു വർഷത്തോളമുള്ള കാലം അദ്ധ്യാപന കാലമായി പരിഗണിക്കുന്നത് യുജിസിയുടെ ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ എന്ന സംഘടന രംഗത്തുവന്നതോടെയാണ് നിയമന വിവാദം തലപൊക്കിയത്.
അതുമായി ബന്ധപ്പെട്ട നിയമനടപടികൾ നിലനിൽക്കെ മറ്റൊരു വിവരംകൂടി വിവരാവകാശ നിയമപ്രകാരം പുറത്തുവന്നു. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ആറ് ഉദ്യോഗാർഥികളുടെ റിസർച്ച് സ്കോറിന്റെ വിശദാംശങ്ങളായിരുന്നു അത്. ഇതുപ്രകാരം ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ആറുപേരിൽ ഏറ്റവും കുറഞ്ഞ റിസർച്ച് സ്കോർ നേടിയ ആൾ പ്രിയ വർഗീസ് ആണ്. എന്നാൽ ഇന്റർവ്യൂവിൽ അവർ ഏറ്റവും മുന്നിലെത്തി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഭരണകക്ഷിയുടെ പ്രമുഖ നേതാവ് എന്നീ നിലകളിൽ കെ.കെ. രാഗേഷിനുള്ള രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചട്ടങ്ങളെ അട്ടിമറിച്ചാണ് പ്രിയ വർഗീസിന്റെ നിയമനമെന്നും യൂണിവേഴ്സിറ്റി വി സി ഗോപിനാഥ് രവീന്ദ്രൻ അതിന് ഒത്താശ ചെയ്തെന്നുമാണ് ആരോപണം. ഗോപിനാഥ് രവീന്ദ്രന് വി സി ആയി പുനർ നിയമനം നൽകിയതിനു പിന്നിൽ ഇത്തരം രാഷ്ട്രീയ സ്വാധീനങ്ങളാണെന്നും വിമർശനമുയരുന്നു. അതുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും ഏറ്റുമുട്ടുന്നു. വിസി നിയമനങ്ങളിൽ ഗവർണറും യുജിസി പ്രതിനിധിയും നോക്കുകുത്തികളാവുന്ന വിധത്തിൽ പുതിയ നിയമഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചതോടെ വിവാദം കത്തി.
എട്ടുവർഷത്തെ അദ്ധ്യാപനപരിചയം എന്ന മാനദണ്ഡം അട്ടിമറിക്കപ്പെട്ടു എന്ന ആരോപണം ഉയർന്നതോടെ രണ്ടു ഘട്ടമായി അഞ്ച് വർഷത്തെ ഡെപ്യൂട്ടേഷൻ കാലാവധി കൂടി ചേർത്താണ് തന്റെ എട്ടുവർഷത്തെ അദ്ധ്യാപന പരിചയം എന്ന് പ്രിയ വർഗീസ് തന്നെ സമ്മതിച്ചു. എന്നാൽ ഇങ്ങനെ പരിഗണിക്കുന്നതിൽ തെറ്റില്ലെന്നും അത് ചട്ടവിരുദ്ധമല്ലെന്നും അവർ പറയുന്നു. എഫ്.ഡി.പി കാലയളവിനെ ഡെപ്യൂട്ടേഷനായി പരിഗണിക്കാം എന്ന ഒരു സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടി പി.എച്ച്.ഡി കാലയളവിനെ അദ്ധ്യാപനപരിചമായി കണക്കാക്കാമെന്ന വാദമാണ് ഉയർത്തിയത്. ഇക്കാര്യത്തിൽ തനിക്ക് അനുകൂലമായി നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ ഇത്തരമൊരു സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത് സംസ്ഥാനത്തെ കോളേജുകളിൽ പ്രിൻസിപ്പൽ നിയമനം നടക്കുന്ന കാലഘട്ടത്തിലായിരുന്നു. നിയമനത്തിന് നിഷ്കർഷിക്കുന്ന യോഗ്യതകൾ മറികടന്ന് ഇടത് അനുകൂലികളായ നേതാക്കൾക്ക് വഴിയൊരുക്കാൻ വേണ്ടിയായിരുന്ന ഇത്തരമൊരു ഉത്തരവ് ഇറങ്ങിയതെന്നും ആരോപണം ഉയർന്നു. എന്നാൽ എഫ്.ഡി.പി കാലയളവിനെ ഡെപ്യൂട്ടേഷനായി പരിഗണിക്കാം എന്ന ഒരു സർക്കാർ ഉത്തരവിന്റെ യഥാർത്ഥ ഗുണഭോക്താവിൽ ഒരാൾ പ്രിയ വർഗ്ഗീസാണെന്ന് വിഷയത്തിൽ ഹൈക്കോടതി വിധിയോടെ വ്യക്തമായിരിക്കുകയാണ്.
നിയമനത്തിന് ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി ഹൈക്കോടതിയെ രേഖമൂലം അറിയിച്ചിരുന്നു. പ്രിയാ വർഗീസിന് നിയമനത്തിന് വേണ്ട മതിയായ യോഗ്യതയില്ലെന്നുള്ള സത്യവാങ്മൂലമാണ് യുജിസി കോടതിയിൽ നൽകിയത്. ഇതാണ് ഹൈക്കോടതിയുടെ വിധിപ്രസ്താവത്തിൽ നിർണായകമായത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവും രാജ്യസഭാ മുൻ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി നേരത്ത സ്റ്റേ ചെയ്തിരുന്നു. യുജിസി ചട്ടം ലംഘിച്ചുള്ള നിയമനമാണെന്ന് കാണിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയ കോടതിയെ സമീപിച്ചതോടെയാണ് നിയമന കള്ളക്കളികൾ പുറത്തുകൊണ്ടുവന്നത്.
പി.എച്ച്.ഡി കാലയളവ് അദ്ധ്യാപനപരിചയമായി കാണിക്കാനാവില്ലെന്ന് വ്യക്തമാക്കുന്നതാണ് യുജിസി 2018 റഗുലേഷനിലെ ഭാഗം. ക്ലോസ് 3.11
എന്നാൽ, അസോസിയേറ്റ് പ്രൊഫസർ നേരിട്ടുള്ള നിയമനത്തിന് അദ്ധ്യാപനപരിചയം പരിഗണിക്കുമ്പോൾ എം.ഫിൽ, പിഎച്ച്.ഡി ഉൾപ്പെടെയുള്ള പഠനാവധികൾ ഒന്നും ഉൾപ്പെടുത്താൻ പാടില്ലെന്നാണ് യുജിസി 2018 റഗുലേഷനിൽ പറയുന്നത് (ക്ലോസ് 3.11). എഫ്.ഡി.പി കാലയളവിനെ ഡെപ്യൂട്ടേഷനായി പരിഗണിക്കാം എന്ന ഉത്തരവ് പ്രമോഷൻ അടക്കമുള്ളവയ്ക്ക് സർവീസ് കണക്കാക്കുന്നതിനാണ് പരിഗണിക്കുക.
ഈ ഉത്തരവ് ഉപയോഗിച്ച് ഗവേഷണ വിദ്യാർത്ഥിയായിരുന്ന കാലയളവിനെ അദ്ധ്യാപനകാലമായി അവതരിപ്പിക്കാനാവില്ലെന്നുമാണ് എതിർവാദം. കൂടാതെ, സ്റ്റുഡന്റ്സ് ഡീൻ എന്ന അക്കാദമിക ഇതര തസ്തികയിൽ ഡെപ്യൂട്ടേഷനിൽ ജോലിചെയ്ത രണ്ടുവർഷവും യുജിസി റഗുലേഷൻ അനുസരിച്ച് അദ്ധ്യാപന കാലമായി പരിഗണിക്കാനാവില്ല. 2018 റഗുലേഷനിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ഡെപ്യൂട്ടേഷൻ കാലയളവ് അദ്ധ്യാപനപരിചയമായി പരിഗണിക്കരുതെന്ന് വ്യക്തമാക്കുന്ന ഭാഗം. അപ്പൻഡിക്സ്-2, പട്ടിക- ഒന്ന്
ലഭിച്ചു എന്നവകാശപ്പെടുന്ന നിയമോപദേശം കണ്ണൂർ യൂണിവേഴ്സിറ്റിയുടെ സ്റ്റാൻഡിങ് കോൺസിലിന്റേതാണ്. മുച്ചൂടും രാഷ്ട്രീയ ഇടപെടലുകൾ നടന്ന ഒരു വിഷയത്തിൽ സ്റ്റാൻഡിങ് കോൺസിലിന്റെ നിയമോപദേശത്തിൽ എന്തർഥമാണുള്ളതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ ചോദിക്കുന്നു.
അതുപോലെ, യുജിസിയോട് നിയമോപദേശം ചോദിച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലെന്ന വാദവും അംഗീകരിക്കാനാവില്ല. റഗുലേഷനിൽ വ്യക്തമായി പറഞ്ഞിരിക്കുന്ന ഒരു കാര്യത്തിൽ യുജിസി മറുപടി നൽകിയിട്ടില്ല എന്നത് വിശ്വസനീയമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പി.എച്ച്.ഡി.യുടെ പേരിലുള്ള യോഗ്യത ഒരുവശത്ത് പരിഗണിക്കുകയും, അതേകാലയളവുതന്നെ അദ്ധ്യാപന പരിചയത്തിനുള്ള യോഗ്യതയായി അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന വിചിത്രമായ സ്ഥിതിവിശേഷം നീതിക്കുനിരക്കുന്നതല്ലെന്ന് ഒറ്റനോട്ടത്തിൽത്തന്നെ വ്യക്തം.
പുറത്തുവന്ന വിവരാവകാശരേഖ പ്രകാരം ചുരുക്കപ്പട്ടികയിൽ ജോസഫ് സ്കറിയ എന്ന ഉദ്യോഗാർഥി 651 സ്കോറുമായി ഒന്നാം സ്ഥാനത്തും ഗണേശ് സി. എന്ന ആൾ 645 സ്കോർ നേടി രണ്ടാമതുമാണുള്ളത്. പ്രിയവർഗീസ് ആകട്ടെ ഏറ്റവും കുറഞ്ഞ 156 സ്കോർ നേടി ആറാമതും. കോവിഡ് പശ്ചാത്തലം ചൂണ്ടിക്കാട്ടി ഇന്റർവ്യൂ നടന്നത് ഓൺലൈൻ ആയി ആയിരുന്നു. ഇതിനു ശേഷമുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രകാരം പ്രിയ വർഗീസിന് ഒന്നാം റാങ്കും ഏറ്റവും കൂടുതൽ റിസേർച്ച് സ്കോർ നേടിയ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് അദ്ധ്യാപകൻ ജോസഫ് സ്കറിക്ക് രണ്ടാം റാങ്കും മലയാളം സർവ്വകലാശാല അദ്ധ്യാപകൻ സി. ഗണേശിന് മൂന്നാം റാങ്കുമാണ് ലഭിച്ചത്.
യുജിസി ചട്ടം അനുസരിച്ച് റിസർച്ച് സ്കോർ അല്ല, ഇന്റർവ്യൂവിലെ മാർക്കാണ് നിയമനത്തിന് ആധാരമായി സ്വീകരിക്കുക എന്നാണ് പ്രിയ വർഗീസ് ചൂണ്ടിക്കാണിക്കുന്നത്. റിസർച്ച് സ്കോർ സംബന്ധിച്ച ആരോപണം കണക്കിലെ കളികളാണെന്നും അവർ വിശദീകരിക്കുന്നു. പുറത്തുവന്ന റിസർച്ച് സ്കോർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ കമ്പ്യൂട്ടറിൽ വരുന്ന ഓട്ടോ ജനറേറ്റഡ് മാർക്കുകളാണെന്നും സർവ്വകലാശാല അത് മുഴുവൻ പരിശോധിച്ചു വകവെച്ചുതന്നിട്ടുള്ളതല്ലെന്നും പ്രിയാ വർഗീസ് ആദ്യം പറഞ്ഞു. എന്നാൽ, യുജിസിയുടെ 2018-ലെ ചട്ടപ്രകാരം 75 പോയിന്റ് വരെയുള്ള സ്കോർ മാത്രം പരിശോധിച്ചാൽ മതിയെന്നും അത് യൂണിവേഴ്സിറ്റി ചെയ്തിട്ടുണ്ടെന്നും പിന്നീട് അവർ തിരുത്തി.
ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്ക് മാത്രമാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ മാനദണ്ഡമാക്കേണ്ടതെന്നാണ് യുജിസി ചട്ടമെന്നും അങ്ങനെവരുമ്പോൾ ഉയർന്ന റിസർച്ച് സ്കോറും പബ്ലിക്കേഷനുകളുമൊന്നും അന്തിമ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുമാണ് പ്രിയ വർഗീസിന്റെയും കണ്ണൂർ സർവകലാശാലയുടെയും വാദം. എന്നാൽ, ഗവേഷണം, പബ്ലിക്കേഷൻ എന്നീ ഘടകങ്ങൾക്കൂടി പരിഗണിച്ചാണ് ഇന്റർവ്യൂ ബോർഡിലുള്ള ഓരോ അംഗവും ഇന്റർവ്യൂവിന്റെ മാർക്ക് നിശ്ചയിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
'പ്രസിദ്ധീകരണം, അദ്ധ്യാപന മികവ്, ഭാഷാ നൈപുണ്യം, പ്രധാന വിഷയത്തിലും ഇതര വിഷയങ്ങളിലും ഉള്ള അറിവ് എന്നിവ വിലയിരുത്തിയാണു സിലക്ഷൻ കമ്മിറ്റി മാർക്കിടുന്നത്' എന്ന് സർവകലാശാല വി സി കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുകയും ചെയ്തിരുന്നു. അങ്ങനെയെങ്കിൽ ഇതിന് ആധാരമാക്കുന്നത് ഉദ്യോഗാർഥി സമർപ്പിച്ചിട്ടുള്ള രേഖകളുടെ മൂല്യമാണ്.
കോവിഡ് ലോക്ഡൗൺ കഴിഞ്ഞ് കോളേജുകളും സ്കൂളുകളും തുറക്കുകയും സർവകലാശാലാ പരീക്ഷകളടക്കം ആരംഭിക്കുകയും ചെയ്ത ശേഷമാണ് കോവിഡെന്ന കാരണം ചൂണ്ടിക്കാട്ടി ഇന്റർവ്യൂ ഓൺലൈൻ ആയി നടത്തിയത്. ഇതും സംശയാസ്പദമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 21-ാം തീയതി സർവകലാശാല വി സി ഗോപിനാഥ് രവീന്ദ്രന് എക്സ്റ്റൻഷൻ കൊടുക്കാൻ ഇരിക്കെയാണ് 18-ാം തീയതി ഇന്റർവ്യൂ നടക്കുന്നത്.
18-ന് നടന്ന ഇന്റർവ്യൂവിൽ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനു തൊട്ടുപിന്നാലെ വി സിയെ പുനർനിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്ത് നൽകിയെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ ആരോപിക്കുന്നു. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി ഇവർ ചാൻസിലർ കൂടിയായ ഗവർണർക്ക് നിവേദനം നൽകിയിരിക്കുകയാണ്. വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയവർഗീസിന് ഒന്നാം റാങ്ക് നൽകിയത് മാനദണ്ഡങ്ങൾ മറികടന്നാണെന്ന് ഇതിൽ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയക്കാരന്റെ ഭാര്യയാണ് എന്നത് അയോഗ്യതയാകുന്നത് എങ്ങനെ എന്ന മറുചോദ്യമാണ് വിവാദ നിയമനം നേടിയവരൊക്കെ ഉന്നയിക്കുന്നത്. ഈ ഭാര്യമാരൊക്കെ പ്രസ്തുത തസ്തികയ്ക്കുള്ള അടിസ്ഥാന യോഗ്യതയുള്ളവർത്തന്നെയാണ്. പക്ഷേ, ഇവരേക്കാളൊക്കെ വളരെ ഉയർന്ന യോഗ്യതകളുള്ളവർ പുറത്താക്കപ്പെടുകയും ഇവർക്കു മാത്രം ജോലി ലഭിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു. മിടുക്കരായ ഉദ്യോഗാർഥികൾക്കിടയിൽ നിന്ന് താരതമ്യേന മിടുക്ക് കുറഞ്ഞ 'രാഷ്ട്രീയബന്ധുക്കൾ' ഒന്നാം സ്ഥാനത്തേക്ക് ഉയർന്നുവരുന്നത് ഈ അധികയോഗ്യത ഒന്നുകൊണ്ടുമാത്രമാണ്.
ഇവരൊക്കെ രാഷ്ട്രീയക്കാരുടെ ഭാര്യമാരോ മക്കളോ അടുത്ത ബന്ധുക്കളോ ആയതുകൊണ്ടുമാത്രമാണ് ഈ നിയമനങ്ങൾ വാർത്തകളിൽ ഇടംനേടുന്നത്. കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും നടക്കുന്ന നിയമനങ്ങളെല്ലാംതന്നെ രാഷ്ട്രീയ നിയമനങ്ങളാണെന്നതാണ് യാഥാർഥ്യമെങ്കിലും അവയൊന്നും സാധാരണയായി വാർത്തയാകുന്നില്ലെന്നു മാത്രം. ഇവിടങ്ങളിൽനിന്നെല്ലാം പുറന്തള്ളപ്പെടുന്നത് വളരെ മിടുക്കരായ, ഉന്നത അക്കാദമിക യോഗ്യതകളുള്ള പ്രതിഭാധനരാണ്. അടിസ്ഥാന യോഗ്യതയുണ്ടെന്ന അവകാശവാദവുമായി പകരംവരുന്നത് രാഷ്ട്രീയനേതാക്കളുടെ കുടുംബാംഗങ്ങളും വേണ്ടപ്പെട്ടവരുമായ ശരാശരിക്കാരും.
പ്രിയാവർഗീസിന്റെ നിയമന വിഷയത്തിൽ ഗവർണർ സ്റ്റേ മാത്രമാണ് നൽകിയിരിക്കുന്നതെങ്കിലും സർവകലാശാലാ നിയമനങ്ങളിൽ യുജിസി ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും തുടർച്ചയായി ലംഘിക്കപ്പെടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി ഈ സംഭവം മാറുന്നു. രാഷ്ട്രീയതാൽപര്യം മുൻനിർത്തി സർവകലാശാലകളിൽ നടന്നിട്ടുള്ളതും നടക്കുന്നതുമായ പിൻവാതിൽ നിയമനങ്ങളുടെ യാഥാർഥ്യം വ്യക്തമാക്കുന്നതാണ് പ്രിയ വർഗീസിന്റെ നിയമനം.
മറുനാടന് മലയാളി ബ്യൂറോ