- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രാഹ്മണിക്കൽ ഹിന്ദുത്വം രാജ്യത്ത് ഇല്ലാതായി കൊണ്ടിരിക്കുന്നു; ഇന്ന് എല്ലാ സമുദായങ്ങൾക്കും അധികാരത്തിൽ പങ്കുണ്ട്; നരേന്ദ്ര മോദിക്ക് നന്ദി; ആർഎസ്എസ് ഒരു സാംസ്‌കാരിക സംഘടന; ജാതി വ്യവ്യസ്ഥയുടെ യാഥാർഥ്യങ്ങൾ മനസിലാക്കുന്നതിൽ കമ്യൂണിസ്റ്റുകാർ പരാജയപ്പെട്ടു: പ്രൊഫ. എം കുഞ്ഞാമൻ
കൊച്ചി: ബ്രാഹ്മണിക്കൽ ഹിന്ദുത്വം രാജ്യത്ത് ഇല്ലാതായി കൊണ്ടിരിക്കുകയാണെന്ന് ദളിത് ആക്ടിവിസ്റ്റും സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. എം കുഞ്ഞാമൻ. അതിന് കടപ്പെട്ടിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് എല്ലാ സമുദായങ്ങൾക്കും അധികാരത്തിൽ പങ്കുണ്ടെന്നും കുഞ്ഞാമൻ വ്യക്തമാക്കി. ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം നിരസിച്ചതിന്റെ പേരിലും കുഞ്ഞാമൻ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആർഎസ്എസിനെ കുറിച്ചോ അതിന്റെ ഘടനയോ കുറിച്ചോ താൻ പഠിച്ചിട്ടില്ല. അതൊരു സാംസ്‌കാരിക സംഘടനയാണെന്നും പ്രൊഫ. എം കുഞ്ഞാമൻ പറഞ്ഞു. മുസ്ലീങ്ങൾക്കിടയിലും ദളിതരുടേയും ഇടയിൽ അത്തരം സാംസ്‌കാരിക സംഘടനകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാതി വ്യവ്യസ്ഥയുടെ യാഥാർഥ്യങ്ങൾ മനസിലാക്കുന്നതിൽ കമ്യൂണിസ്റ്റുകാർ പരാജയപ്പെട്ടു. അംബേദ്കർ ഭൂവിതരണത്തെ കുറിച്ച് പറഞ്ഞപ്പോൾ അവർ ഭുപരിഷ്‌കരണത്തെ കുറിച്ചാണ് പറഞ്ഞത്. ഇഎംഎസിന് അതു മനസിലാകാത്തതുകൊണ്ടല്ല, ക്ലാസ് എന്ന സങ്കൽപ്പത്തിനപ്പുറം പോകാൻ കഴിയാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസും അതിൽ ദയനീയമായി പരാജയപ്പെട്ടു. അംബേദ്കറെ പോലെ ഒരുവ്യക്തിയെ അവർക്ക് സഹിക്കാനായില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപതി മുർമുവിനെതിരെയാണ് വോട്ട് ചെയ്തത്. അവർ മുർമുവിനെ എതിർത്തത് ബിജെപി സ്ഥാനാർത്ഥിയായതുകൊണ്ടല്ല. അവർ വോട്ട് ചെയ്തയാൾ ഒരിക്കൽ ബിജെപി മന്ത്രിയായിരുന്നു. അത് അവരുടെ രാഷ്ട്രീയ ഉൾക്കാഴ്ചയില്ലായ്മയാണ് കാണിച്ചത്.
മുൻകാല കോൺഗ്രസ് നേതാക്കൾ മതനിരപേക്ഷരായിരുന്നു. എന്നാൽ ഇപ്പോൾ അത്തരം നേതാക്കൾ ഇല്ല. രാഹുൽ ഗാന്ധിക്ക് അഖിലേന്ത്യാ കാഴ്ചപ്പാടുണ്ട്, അദ്ദേഹം മതേതരനാണ്. പക്ഷേ, ദേശീയ വീക്ഷണമുള്ള അധികം നേതാക്കൾ ഇപ്പോൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരമായിപുന്നു സാമ്പത്തിക ശാസ്ത്രജ്ഞനും ദളിത് ചിന്തകനും അദ്ധ്യാപകനുമായ എം കുഞ്ഞാമന് ലഭിച്ചത്. അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഇത്തരം ബഹുമതികളുടെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ട് ഈ അവാർഡ് നന്ദിപൂർവം നിരസിക്കുകയായിരുന്നു.
'എന്റെ അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഞാൻ ഇത്തരം ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഈ അവാർഡ് നന്ദിപൂർവം ഞാൻ നിരസിക്കുകയാണ്', എം കുഞ്ഞാമൻ പറഞ്ഞു. സാമൂഹികമായും അക്കാദമികമായുമുള്ള പ്രേരണയുടെ പുറത്താണ് എഴുതുന്നത്. അംഗീകാരങ്ങൾക്ക് വേണ്ടി ഒരിക്കലും ശ്രമിച്ചിട്ടില്ല. പുരസ്‌കാരം കൃതജ്ഞതാപൂർവം നിരസിക്കുകയാണെന്ന് സെക്രട്ടറിയെ അറിയിച്ചതായും കുഞ്ഞാമൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ