- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈസ്തവ മഠത്തിലെ ക്രൂരതയും ലൈംഗിക ചൂഷണവും ഇതിവൃത്തമാക്കിയ 'കക്കുകളി' നാടകം ഗുരുവായൂർ മുൻസിപ്പാലിറ്റി സർഗ്ഗോത്സവത്തിൽ; എതിർപ്പുമായി ക്രൈസ്തവ സംഘടനകൾ; ക്രൈസ്തവ സഭയെയും, വൈദികരെയും കന്യാസ്ത്രീകളെയും താറടിക്കാനെന്ന് ആരോപണം
ഗുരുവായൂർ: ക്രൈസ്തവ മഠത്തിലെ ക്രൂരതയും ലൈംഗിക ചൂഷണവും ഇതിവൃത്തമാക്കിയ 'കക്കുകളി' നാടകത്തെ ചൊല്ലി ഗുരുവായൂരിൽ വിവാദം. നാടകം ഗുരുവായൂർ മുൻസിപ്പാലിറ്റിയുടെ സർഗോത്സവത്തിലാണ് കളിക്കാൻ ഒരുങ്ങിയത്. ഇതിനെതിരെ എതിർപ്പുമായി എതിർപ്പുമായി ക്രൈസ്തവ സംഘടനകൾ അടക്കം രംഗത്തുവന്നു. ക്രൈസ്തവ സഭയെയും, വൈദികരെയും കന്യാസ്ത്രീകളെയും താറടിക്കാനാണ് നാടകത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
ഫ്രാൻസിസ് നൊറോണയുടെ ഒരു കഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് കക്കുകളി എന്ന നാടകം. നദാലിയ എന്ന ദരിദ്ര യുവതിയെ മഠത്തിൽ ചേർക്കുന്നതും മഠത്തിലെ പീഡനവും ക്രൂരതയും ലൈംഗിക ചൂഷണവും കണ്ടു മഠം വിട്ടു പുറത്തുവരുന്നതുമാണ് ഇതിവൃത്തം. ഇതിനോടകം തന്നെ കേരളത്തിൽ അങ്ങോളമിങ്ങോളം ഈ നാടകം കളിച്ചു കഴിഞ്ഞു. തൃശ്ശൂരിൽ കേരള സംഗീതനാടക അക്കാദമിയുടെ പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക്കിന്റെ വേദിയിൽ അടക്കം കളിച്ചതാണ് ഈ നാടകം.
ഗുരുവായൂർ മുനിസിപ്പാലിറ്റിയിലേക്ക് നാടകം എത്തിയതോടെയാണ് കെസിവൈഎം, പ്രദേശത്തെ പള്ളി അധികാരികളും അടക്കം എതിർപ്പുമായി രംഗത്തുവന്നത്. ഗുരുവായൂരിന്റെ സാമൂഹീക അന്തരീക്ഷത്തിന് ഉതകുന്നതല്ല ഈ നാടകത്തിന്റെ പ്രദർശനം എന്നാണ് ഗുരുവായൂർ സെന്റ് ആന്റണീസ് ചർച്ച് പിആർഒ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും ഈ സമൂഹത്തിൽ കാട്ടിക്കൂട്ടാം എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ നാടകമെന്നും ആന്റോ ലാസർ പുത്തൂർ പറയുന്നു.
സഭാസംവിധാനങ്ങളെ അങ്ങേയറ്റം കളിയാക്കുന്ന, നുണപറഞ്ഞു പരത്തുന്ന ഈ നാടകം അങ്ങേയറ്റം പ്രതിഷേധാതാർഹമാണ്. എന്തുകൊണ്ട് ഗുരുവായൂരിൽ? ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചാണ് നഗരസഭ ഇത്തരത്തിൽ ഒരു സർഗോത്സവം നടത്തുന്നത്? ആരാണ് കാണികൾ? ക്രൈസ്തവരാണോ? വളരെ വിരലിലെണ്ണാവുന്ന ക്രൈസ്തവർ ഒരുപക്ഷേ അവിടെ ഉണ്ടായിരിക്കാം. ബാക്കി വരുന്ന ഭൂരിപക്ഷം മതവിഭാഗത്തിനു മുന്നിൽ ക്രൈസ്തവ സഭയെയും, വൈദികരെയും കന്യാസ്ത്രീകളെയും താറടിക്കുക എന്നത് മാത്രമാണ് ലക്ഷ്യംമെന്നും ആന്റോ ലാസർ ആരോപിച്ചു.
ഗുരുവായൂരിലെ ക്രൈസ്തവ സമൂഹം മതസൗഹാർദ്ദത്തിന് അടക്കം പേരുകേട്ടവരാണ്. കന്യാസ്ത്രീകളുടെ മികവിനെ വാനോളം പുകഴ്‌ത്തിയവക്കു ഗുരുവായൂർ പോലുള്ള മതസൗഹാർധത്തിന് പേരുകേട്ട സ്ഥലത്തു, അതിൽ വിള്ളലുണ്ടാക്കാൻ എങ്ങനെ കഴിയുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു. കാസ അടക്കമുള്ളവരും നാടകത്തിന് എതിരായ നിലപാടാണ സ്വീകരിച്ചിരിക്കുന്നത്.
ആന്റോ ലാസർ പുത്തൂരിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
പ്രിയപ്പെട്ടവരേ,
ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചു ഗുരുവായൂർ മുനിസിപ്പാലിറ്റിയുടെ സർഗ്ഗോത്സവം നടന്നു വരികയാണ്. ഇന്ന് അവിടെ കളിക്കുന്ന നാടകത്തിന്റെ പേരാണ് 'കക്കുകളി'.
*എന്താണ് കക്കുകളി?
ഫ്രാൻസിസ് നൊറോണയുടെ ഒരു കഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് ഈ നാടകം.
നദാലിയ എന്ന ദരിദ്ര യുവതിയെ മഠത്തിൽ ചേർക്കുന്നതും മഠത്തിലെ പീഡനവും ക്രൂരതയും ലൈംഗിക ചൂഷണവും കണ്ടു മഠം വിട്ടു പുറത്തുവരുന്നതുമാണ് ഇതിവൃത്തം. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും ഈ സമൂഹത്തിൽ കാട്ടിക്കൂട്ടാം എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ നാടകം.
സഭാസംവിധാനങ്ങളെ അങ്ങേയറ്റം കളിയാക്കുന്ന, നുണപറഞ്ഞു പരത്തുന്ന ഈ നാടകം അങ്ങേയറ്റം പ്രതിഷേധാതാർഹമാണ്.
എന്തുകൊണ്ട് ഗുരുവായൂരിൽ?
ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചാണ് നഗരസഭ ഇത്തരത്തിൽ ഒരു സർഗോത്സവം നടത്തുന്നത്? ആരാണ് കാണികൾ? ക്രൈസ്തവരാണോ? വളരെ വിരലിലെണ്ണാവുന്ന ക്രൈസ്തവർ ഒരുപക്ഷേ അവിടെ ഉണ്ടായിരിക്കാം. ബാക്കി വരുന്ന ഭൂരിപക്ഷം മതവിഭാഗത്തിനു മുന്നിൽ ക്രൈസ്തവ സഭയെയും, വൈദികരെയും കന്യാസ്ത്രീകളെയും താറടിക്കുക എന്നത് മാത്രമാണ് ലക്ഷ്യം.
സാമൂഹിക പരിഷ്‌കർത്താക്കളായി വേഷമിടുന്ന രാഷ്ട്രീയക്കാർ പലരുടെയും മക്കൾ എവിടെയാണ് പഠിക്കുന്നത്, പഠിച്ചിറങ്ങിയത്? വീടിന്റെ 500 മീറ്റർ ചുറ്റളവിൽ സർക്കാർ/മറ്റു സ്‌കൂൾ ഉണ്ടായിരിക്കെ കിലോമീറ്ററുകൾക്കപ്പുറത്തു ഇതേ കന്യാസ്ത്രീകൾ നടത്തുന്ന സ്‌കൂളിൽ, കോളേജുകളിൽ മക്കളെ പഠിപ്പിക്കുമ്പോൾ, പഠിപ്പിച്ചപ്പോൾ അവിടുത്തെ PTA പോലുള്ള സംവിധാനങ്ങളുടെ തലപ്പതിരുന്നു കന്യാസ്ത്രീകളുടെ മികവിനെ വാനോളം പുകഴ്‌ത്തിയവക്കു ഗുരുവായൂർ പോലുള്ള മതസൗഹാർധത്തിന് പേരുകേട്ട സ്ഥലത്തു, അതിൽ വിള്ളലുണ്ടാക്കാൻ എങ്ങനെ കഴിയുന്നു??
എന്താണ് വൈദികരും കന്യാസ്ത്രീകളും ചെയ്ത തെറ്റ്? സ്വന്തം ജീവിതം ഉപേക്ഷിച്ച് ബ്രഹ്മചര്യ വൃതമെടുത്തു പൊതുസമൂഹത്തിനും സഭയ്ക്കും വേണ്ടി ജീവിച്ചതോ? എല്ലാ ജാതി, മതവിഭാഗത്തെയും ഒരു ബഞ്ചിലിരുത്തി പഠിപ്പിച്ചതോ? തങ്ങൾക്കു കിട്ടുന്ന ശമ്പളം മഠത്തിൽ തന്നെ തിരിച്ചേല്പിച്ചു നാടായ നാടൊക്കെ കോളേജുകളും, സ്‌കൂളുകളും ആശുപത്രികളും പണിത്തുയർത്തിയതോ? സമൂഹത്തിൽ നിന്നു പുറംതള്ളിയവരെ, മാനസിക രോഗികളെ, ഭിന്നശേഷിക്കാരെ, നടതള്ളിയ മാതാപിതാക്കളെ, അനാഥ കുഞ്ഞുങ്ങളെ കുളിപ്പിച്ചു ചോറുവാരികൊടുത്തു ആരോടും പരിഭവമില്ലാതെ പരിചരിച്ചതാണോ അവർ ചെയ്ത തെറ്റ്?
അങ്ങേയറ്റം പ്രതിഷേധം അറിയിക്കുന്നു. ഇനിയും വൈകിയിട്ടില്ല. കഴിയുമെങ്കിൽ ഇതുപേക്ഷിക്കാൻ ബന്ധപ്പെട്ടവരോട് അപേക്ഷിക്കുന്നു.
ആന്റോ എൽ പുത്തൂർ
PRO, സെന്റ് ആന്റണീസ് ചർച്, ഗുരുവായൂർ
ഫ്രാൻസിസ് നൊറോണയുടെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് കക്കുകളി. അച്ഛനെ നഷ്ടപ്പെട്ട് വറുതിയിലായ നതാലി മൂന്നു നേരത്തെ ഭക്ഷണത്തിനായി മഠത്തിൽ ചേരുന്നു. മഠത്തിൽ നതാലി നേരിടുന്ന പീഡനങ്ങളാണ് കക്കുകളി. ആരുടെ മുന്നിലും കൈനീട്ടരുതെന്ന അച്ഛൻ പഠിപ്പിച്ച മകൾ മഠത്തിൽ അതിജീവിക്കുന്നതായിരുന്നു നാടകത്തിന്റെ ആധാരം. അവഹേളനങ്ങളിൽ പ്രതികരിച്ച നതാലി ശിക്ഷിക്കപ്പെടുന്നതും തോറ്റ് പോകാതെ പോരടിക്കുന്നതുമാണ് കക്കുകളി. പൗരോഹിത്യത്തിനുനേരേ ശക്തമായ വിമർശനമുയർത്തുന്ന നാടകം എന്നനിലയിൽ കക്കുകളിക്കെതിരെ നേരത്തെയും വിമർശനങ്ങൾ ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ