തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ തലസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു. ഓഫീസിലെ പ്രതിഷേധത്തിന് പുറമെ മേയറുടെ വീടിന് മുന്നിലും കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി എത്തി.മുടവന്മുകളിലെ വീട്ടിൽ നിന്ന് ഔദ്യോഗിക വാഹനത്തിലേയ്ക്ക് കയറാനിറങ്ങുന്നതിനിടെയാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചത്.

പ്രതിഷേധമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ സ്ഥലത്ത് പൊലീസും സിപിഎം പ്രവർത്തകരും എത്തിയിരുന്നു.ഇതിനിടയിലാണ് മേയർ വീട്ടിൽ നിന്നും ഇറങ്ങിയ ഉടനെ പ്രവർത്തകർ കരിങ്കൊടിയുമായി എത്തിയത്.

പിന്നാലെ മേയർക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു പ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദിച്ചു..സംഭവത്തിൽ കെഎസ്‌യു പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കോർപറേഷനിൽ ഇന്നും ബിജെപിയുടെ നേതൃത്വത്തിൽ ഉപരോധം സംഘടിപ്പിച്ചു.മേയറുടെ ഓഫീസ് കവാടത്തിന് മുന്നിൽ ബിജെപി കൊടിനാട്ടി.പ്രതിപക്ഷ നേതാവ് എം ആർ ഗോപൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.ഓഫീസിന് മുന്നിൽ നിലത്ത് കിടന്ന് ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു.ഉച്ചയോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സംഭവത്തിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നഗരസഭയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആനാവൂർ നാഗപ്പന്മാരുടെ ചെരുപ്പ് നക്കാത്തവർക്ക് ജോലി ഇല്ലാത്ത അവസ്ഥയാണെന്ന് ചെന്നിത്തല ആരോപിച്ചു. മേയറുടെ പേരിൽ കത്ത് തയ്യാറാക്കിയതിന്റെ അന്വേഷണം കക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുന്നത് ഇത് നീട്ടിക്കൊണ്ടുപോകാനാണെന്നും ചെന്നിത്തല ആരോപിച്ചു.

'മേയർ ധിക്കാരം കുറയ്ക്കണം. മേയർ രാജിവെക്കേണ്ട, ജനങ്ങൾ അടിച്ച് പുറത്താക്കും. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ പിണറായി വിജയനാണ്. ഈ സർക്കാർ വന്നതിന്റെ ഗുണം ജനങ്ങൾക്ക് ബോധ്യപ്പെട്ടു. പെൻഷൻ ഇല്ല, കിറ്റ് ഇല്ല. ബന്ധു നിയമനം, അഴിമതി എന്നിവ മാത്രം നടക്കുന്നു. ആനാവൂർ നാഗപ്പന്മാർ കേരളത്തെ കുട്ടിച്ചോറാക്കുന്നു. പങ്ക് കച്ചവടത്തിൽ വിഹിതം കിട്ടാത്തവരാണ് മേയറുടെ കത്ത് പുറത്താക്കിയത്', ചെന്നിത്തല ആരോപിച്ചു.

തിരുവനന്തുപുരം കോർപ്പറേഷനിലെ താൽകാലിക നിയമനങ്ങൾക്ക് പാർട്ടിയുടെ മുൻഗണനാ പട്ടിക തേടി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് മേയർ എഴുതിയത് എന്ന പേരിൽ പുറത്തുവന്ന കത്താണ് പ്രതിഷേധങ്ങൾക്ക് കാരണമായത്.കത്ത് എഴുതിയത് താനല്ലെന്ന് മേയർ പ്രതികരിച്ചിരുന്നു.

അതേസമയം ഇതിനിടെ വിവാദ കത്തിന്മേലുള്ള പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ച് തുടങ്ങുകയാണ്.കത്ത് സംബന്ധിച്ച പരാതിയിൽ കേസെടുത്ത ക്രൈംബ്രാഞ്ച് ആര്യാ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും. ഡി ആർ അനിൽ, സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മേയറുടെ ഓഫീസിലെ സ്റ്റാഫ് എന്നിവരുടെയും മൊഴി എടുക്കും. കത്ത് സംബന്ധിച്ച മേയറുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തത്.

അതിനിടെ പ്രതിഷേധം തുടരുന്നതിനിടെ മേയർ ആര്യ രാജേന്ദ്രൻ നഗരസഭാ ഓഫീസിലെത്തി. മറ്റൊരു വഴിയിലൂടെയാണ് മേയർ ഓഫീസിനുള്ളിൽ പ്രവേശിച്ചത്. കനത്ത പൊലീസ് സുരക്ഷയിലാണ് മേയർ നഗരസഭയിൽ എത്തിയത്. സിപിഐഎം കൗൺസിലർമാരുടെ സഹായത്തോടെയാണ് മേയർ നഗരസഭയിൽ പ്രവേശിച്ചത്. മേയർ മറ്റൊരു വഴിയിലൂടെ നഗരസഭാ ഓഫീസിൽ പ്രവേശിച്ചതോടെ പ്രതിപക്ഷം കൂകിവിളിച്ചു. നഗരസഭയുടെ അകത്തും പുറത്തുമായി പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം നടന്നിരുന്നു.