തിരുവനന്തപുരം: കോർപറേഷൻ ആരോഗ്യ വിഭാഗത്തിലെ താൽക്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിൽ ലിസ്റ്റ് ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് താൻ കത്തയച്ചിട്ടില്ലെന്ന മേയറുടെ വാദമൊന്നും വിലപ്പോവുന്നില്ല. ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം അഴിച്ചുവിട്ടിരിക്കുന്നത്. പ്രതിപക്ഷത്തിനും, ഭരണപക്ഷത്തിനും ഇടയിൽ പെട്ടത് തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ വന്ന സാധാരണക്കാരാണ്. വയോധികർ അടക്കമുള്ളവർ സമരത്തിനിടയിൽ നഗരസഭാ ഓഫീസിൽ കുടുങ്ങി വല്ലാതെ കഷ്ടപ്പെട്ടു. അതുപോലെ തന്നെ കോർപറേഷന്റെ ദൈനംദിന ഭരണത്തെയും പ്രതിഷേധം ബാധിച്ചിരിക്കുകയാണ്. പ്രതിഷേധത്തിനിടയിൽ പട്ടി പിടുത്തക്കാരും പെട്ടു.

പട്ടി പിടുത്തക്കാരെ തെരഞ്ഞെടുക്കാൻ മേയർ ആര്യാ രാജേന്ദ്രൻ ഇന്നു രാവിലെ 11 മണിക്ക് കോർപ്പറേഷൻ ഓഫിസിൽ വച്ച് നടത്താനിരുന്ന ഇന്റർവ്യു ആണ് പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് മുടങ്ങിയത്. നാൽപത് വയസിന് താഴെയുള്ളവരെയാണ് ആവശ്യം. എട്ടാം ക്ലാസ് യോഗ്യതയും നല്ല കായിക, ശാരിരിക ക്ഷമതയുള്ള യുവാക്കളും ആയിരിക്കണം. കോർപ്പറേഷൻ ഓഫിസിൽ ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന ഇന്റർവ്യൂവിൽ താൽപര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണമെന്നായിരുന്നു അറിയിപ്പ്. തെരുവ് നായ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നതിന് വേണ്ടിയാണ് ഇവരെ നിയമിക്കുന്നത്.

മേയറുടെ കത്ത് പുറത്തായതോടെ കോർപറേഷൻ ഓഫീസ് സംഘർഷഭൂമിയായിരിക്കുകയാണ്. മേയർ രാജിവച്ചില്ലെങ്കിൽ പുറത്താക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പി.എസ്.സി വഴിയെത്തുന്ന ചെറുപ്പക്കാർക്ക് അവസരം നഷ്ടമാക്കി പിൻവാതിൽ നിയമനത്തിന് പാർട്ടി ഓഫീസുകൾ കേന്ദ്രീകരിച്ച് മാഫിയ സംഘം പ്രവർത്തിക്കുന്നു എന്നാണ് ആരോപണം.

ഭരണസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ശക്തമായ സമരം നടത്തുമെന്ന് കോർപറേഷനിലെ പ്രതിപക്ഷമായ ബിജെപിയും പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ബിജെപി പ്രവർത്തകർ കോർപറേഷൻ ഓഫീസിൽ നടത്തിയ പ്രതിഷേധവും സംഘർഷത്തിൽ കലാശിച്ചു.

പ്രായം കുറഞ്ഞ മേയറെന്ന പെരുമയോടെ പാർട്ടി അവതരിപ്പിച്ച ആര്യ രാജേന്ദ്രൻ പാർട്ടി ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തായത് സിപിഎമ്മിനെ വെട്ടിലാക്കി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുണ്ടായതിന് സമാനമായ വിധത്തിൽ സർക്കാർ ജോലിയെല്ലാം പാർട്ടിക്കാർക്ക് എന്ന ആക്ഷേപവുമായി പ്രതിപക്ഷം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

കത്ത് വ്യാജമാണെന്ന് മേയറോ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനോ തറപ്പിച്ചുപറയുന്നില്ല. തലസ്ഥാനത്ത് സിപിഎമ്മിനുള്ളിലെ വിഭാഗീയതയുടെ ഭാഗമായി കത്ത് തയ്യാറാക്കി പുറത്തുവിട്ടതെന്നും ശ്രുതിയുണ്ട്. കത്തിനെക്കുറിച്ച് അന്വേഷിക്കാൻ സിപിഎമ്മും തീരുമാനിച്ചു. ഇന്നു ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ധാരണയായത്. കത്ത് താൻ എഴുതിയതല്ലെന്ന് മേയർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം നേതൃത്വത്തെയും അറിയിച്ചിരുന്നു. എന്നാൽ, കത്ത് വ്യാജമാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അറിയില്ല എന്നായിരുന്നു ആനാവൂർ നാഗപ്പന്റെ പ്രതികരണം.