പാലക്കാട്: ഉന്തിയ പല്ലും അയോഗ്യതയാണ്. ഇതു കാരണം അട്ടപ്പാടിയിലെ ഗോത്രവർഗ യുവാവിനു ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജോലി കിട്ടാക്കനിയായി. പുതൂർ പഞ്ചായത്തിലെ ആനവായ് ഊരിലെ വെള്ളിയുടെ മകൻ മുത്തുവിനാണു പല്ലിന്റെ തകരാർ സർക്കാർ ജോലിക്കു തടസ്സമായത്.

ചില പ്രത്യേക തസ്തികകളിലേക്കുള്ള യോഗ്യതകളും അയോഗ്യതകളും സ്‌പെഷൽ റൂളിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ടെന്നു പിഎസ്‌സി അറിയിച്ചു. ഇതു കണ്ടെത്തിയാൽ ഉദ്യോഗാർഥിയെ അയോഗ്യനാക്കും. ഉന്തിയ പല്ല്, കോമ്പല്ല് (മുൻപല്ല്) ഉൾപ്പെടെയുള്ളവ അയോഗ്യതയ്ക്കുള്ള ഘടകങ്ങളാണെന്നും പിഎസ്‌സി അധികൃതർ വ്യക്തമാക്കി. ഇത്തരം കാടത്തരങ്ങൾ മാറ്റേണ്ട കാലമായെന്നതാണ് വസ്തുത. ബീറ്റ് ഓഫീസർ ജോലിയെ ഒരു തരത്തിലും ബാധിക്കാത്ത കുഴപ്പങ്ങളാണ് ഇതെല്ലാം. എന്നിട്ടും ജോലി നിഷേധിക്കുന്നു.

ബീറ്റ് ഫോറസ്റ്റ് ഓഫിസറെ നിയമിക്കാനുള്ള പിഎസ്‌സിയുടെ സ്‌പെഷൽ റിക്രൂട്‌മെന്റിൽ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മുത്തു ജയിച്ചു. ഇതോടെ ജോലി ഉറപ്പായി എന്ന് കരുതി. എന്നാൽ അഭിമുഖത്തിന് മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിൽ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ചെറുപ്രായത്തിലുണ്ടായ വീഴ്ചയിലാണു മുത്തുവിന്റെ പല്ലിനു തകരാറുണ്ടായത്. 18,000 രൂപ ചെലവു വരുന്ന ശസ്ത്രക്രിയയിലൂടെ തകരാർ പരിഹരിക്കാം.

വീട്ടിലെ ബുദ്ധിമുട്ടുകാരണം ഇതിന് പോയില്ല. ഇതാണ് വിനയായത്. മുക്കാലിയിൽ നിന്നു 15 കിലോമീറ്റർ ദൂരെ ഉൾവനത്തിലാണു മുത്തു താമസിക്കുന്ന ആനവായ് ഊര്. പൂർണമായും വനാശ്രിത സമൂഹമാണ് ഊരിലെ കുറുമ്പർ വിഭാഗം. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലമാണു പല്ല് ചികിത്സിച്ച് നേരെയാക്കാൻ കഴിയാതിരുന്നതെന്നു മുത്തുവിന്റെ മാതാപിതാക്കൾ പറഞ്ഞു. സർട്ടിഫിക്കറ്റിൽ എല്ലാം രേഖപ്പെടുത്തേണ്ടത് ഡോക്ടറുടെ കടമയാണ്. അതാണ് അദ്ദേഹം ചെയ്തത്.

എന്നാൽ അതിനെ അവസരമാക്കി മാറ്റി യുവാവിന് പി എസ് സി ജോലി നിഷേധിച്ചു. ഇതോടെ അട്ടപ്പാടിയിലെ കുടുംബത്തിന്റെ ഭാവി പ്രതീക്ഷയാണ് തകരുന്നത്. സർക്കാർ അതിവേഗ ഇടപെടലുകൾ നടത്തണം. പി എസ് സി ജോലിക്കുള്ള ഇത്തരം ആയോഗ്യതകൾ മാറ്റണം. അല്ലെങ്കിൽ പഠിച്ച് ജയിക്കുന്ന ഉദ്യോഗാർത്ഥികൾ ഇനിയും പുറത്തു പോകും. ഉന്തിയ പല്ലും കോമ്പല്ലുമൊന്നും ഇതുവരെ ആർക്കും അപകടമുണ്ടാകുന്ന തരത്തിൽ മാറിയിട്ടില്ലെന്നതാണ് വസ്തുത.