- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകളിൽ അവ്യക്തത; ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം അപൂർണം; ഗുരുതര ക്രമക്കേടുകൾ; എസ് എഫ് ഐ നേതാക്കൾ ഉൾപ്പെട്ട പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിന്റെ കുറ്റപത്രം മടക്കി കോടതി; ഹൈടെക് കോപ്പിയടിയിലെ പ്രതികളെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിച്ചെന്ന് ആക്ഷേപം
തിരുവനന്തപുരം: അഞ്ച് എസ് എഫ് ഐ നേതാക്കൾ പ്രതികളായ പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിലെ കുറ്റപത്രം ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കോടതി അന്വേഷണ സംഘത്തിന് മടക്കി. തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകൾ വ്യക്തമല്ല എന്നു വ്യക്തമാക്കിയാണ് തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം മടക്കിയത്. തൊണ്ടി മുതൽ സംബന്ധിച്ച രേഖകളിലും തീയതികളിലും പിശകുണ്ടെന്ന് കോടതി പറഞ്ഞു.
സംഭവം നടന്ന് നാലു വർഷങ്ങൾക്കു ശേഷം തട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റപത്രം കഴിഞ്ഞയാഴ്ചയായിരുന്നു പൊലീസ് കോടതിയിൽ സമർപ്പിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം ബുധാനാഴ്ചയും വ്യാഴാഴ്ചയുമായാണ് കോടതി പരിശോധിച്ചത്. തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകളിൽ അവ്യക്തതയുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. തുടർന്ന് കുറ്റപത്രം അപൂർണമാണെന്ന് കാട്ടി കുറ്റപത്രം അന്വേഷണസംഘത്തിന് മടക്കിയയ്ക്കുകയായിരുന്നു.
രേഖകളിൽ വ്യക്തത വരുത്തിയതിനു ശേഷമേ കുറ്റപത്രം കോടതി സ്വീകരിക്കുകയുള്ളൂ. കേസിലെ സുപ്രധാന തെളിവായ മൊബൈൽ ഫോണടക്കമുള്ള തൊണ്ടിമുതലുകളേ പറ്റിയുള്ള രേഖകളിലെ അവ്യക്തത പ്രതികളെ കേസിൽ നിന്ന് രക്ഷപ്പെടുത്താനാണെന്ന ആക്ഷേപവുമുയരുന്നുണ്ട്.
നാലു വർഷം മുമ്പാണ് പി.എസ്.സി ചോദ്യപേപ്പർ തട്ടിപ്പു നടക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളായ അഞ്ച് എസ്.എഫ്.ഐ നേതാക്കളാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവർ തട്ടിപ്പിലൂടെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ റാങ്ക് പട്ടികയിൽ ഇടംപിടിച്ചതോടെയാണ് പരീക്ഷാത്തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
ഇവർ പരീക്ഷയെഴുതുകയും യഥാക്രമം ഒന്ന്, രണ്ട്, 28 റാങ്കുകൾ നേടുകയും ചെയ്തിരുന്നു. ഇവർ റാങ്കു നേടിയത് ക്രമക്കേടിലൂടെയാണെന്ന് ആരോപണമുയർന്നതോടെ അന്വേഷണത്തിനു വിടുകയായിരുന്നു. തിരുവനന്തപുരത്തും ആറ്റിങ്ങലുമായുള്ള മൂന്നു പരീക്ഷാകേന്ദ്രങ്ങളിൽ ഇവരെഴുതിയ പരീക്ഷയിൽ ഇവർക്ക് സഹായം ലഭിച്ചതായി അന്വേഷണസംഘം കണ്ടെത്തി.
യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷാഹാളിൽനിന്ന് ശിവരഞ്ജിത്തും മറ്റും ചോദ്യപ്പേപ്പർ ഫോട്ടോയെടുത്ത് പൊലീസുകാരനായ ഗോകുലിന് അയച്ചുനൽകി. ഗോകുലും സുഹൃത്തുക്കളായ സഫീറും പ്രവീണും ചേർന്ന് ഇവയുടെ ഉത്തരങ്ങൾ കണ്ടെത്തി സന്ദേശങ്ങളായി തിരിച്ചയച്ചു. പരീക്ഷാ ഹാളിലുണ്ടായിരുന്ന പ്രതികൾ ധരിച്ചിരുന്ന സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഈ ഉത്തരങ്ങൾ പകർത്തുകയായിരുന്നുവെന്നും കണ്ടെത്തി.
പിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യത തന്നെ തർക്കുന്നതായിരുന്നു എസ്എഫ്‌ഐ നേതാക്കൾ നടത്തിയ ഹൈ ടെക് കോപ്പിയടി. 2018 ജൂലൈയിൽ നടന്ന സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിലാണ് കോപ്പിയടി നടന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിന് പിന്നാലെയാണ് എസ്എഫ്‌ഐ നേതാക്കളുടെ ഹൈടെക് കോപ്പിയടി പുറത്തായത്.
പരീക്ഷ ഹാളിൽ ജോലി ചെയ്കിരുന്ന മൂന്ന് അദ്ധ്യാപകരെ ക്രൈം ബ്രാഞ്ച് കേസിൽ പ്രതിയാക്കിയിരുന്നു. എന്നാൽ കുറ്റപത്രത്തിൽ ഇവരുടെ പേര് ഒഴിവാക്കി. ഇവർക്കെതിരെ വകുപ്പുതല നടപടിക്ക് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. മുൻ എസ്എഫ്‌ഐ നേതാക്കൾ പ്രതിയായ കേസിൽ അന്വേഷണമെല്ലാം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഫൊറൻസിക് പരിശോധന ഫലം വൈകുന്നുവെന്നായിരുന്നു പൊലീസ് ചൂണ്ടികാട്ടിയ ഒരു കാരണം. ഫൊറൻസിക് ഫലങ്ങൾ ലഭിച്ച ശേഷം പ്രതിയായ പൊലിസുകാരൻ ഗോകുലിനെതിരെ പ്രോസിക്യൂഷൻ അനുമതി തേടിയപ്പോഴും ആറുമാസത്തിലധികം ആഭ്യന്തരവകുപ്പ് അനുമതി നൽകുന്നത് വൈകിപ്പിച്ചു. കുറ്റപത്രം നീട്ടികൊണ്ടുപോകുന്നത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെയാണ് കഴിഞ്ഞ മാസം പ്രോസിക്യൂഷൻ അനുമതി നൽകിയത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതാണ് ഇപ്പോൾ തിരിച്ചയച്ചിരിക്കുന്നത്.
രേഖകളിൽ കൂടുതൽ വ്യക്തത വേണമെന്ന് കോടതി നേരത്തെയും നിർദേശിച്ചിരുന്നു. അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. രേഖകൾ പരിശോധിച്ചശേഷം കുറ്റപത്രം ഫയലിൽ സ്വീകരിക്കും.
ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, കുറ്റകരമായ ഗൂഢാലോചന എന്നിവയുൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സ്മാർട്ട്വാച്ച്, ഇയർഫോൺ തുടങ്ങിയവ ഉപയോഗിച്ചു നടത്തിയ തട്ടിപ്പിൽ സൈബർ നിയമങ്ങൾ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
2019ൽ യൂണിവേഴ്‌സിറ്റി കോളജിൽ നടന്ന കത്തിക്കുത്തിൽ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനായ എസ്എഫ്‌ഐ നേതാവ് ശിവരഞ്ജിത്ത് ഉൾപ്പെട്ടതിന് പിന്നാലെയാണ് ചോദ്യപേപ്പർ ചേർന്നെന്ന രീതിയിൽ വിവാദം ഉയർന്നതും പ്രതികളെ കണ്ടെത്തിയതും.
മറുനാടന് മലയാളി ബ്യൂറോ