പാക്കാട്: പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടാന പി.ടി.സെവനെ (പാലക്കാട് ടസ്‌കർ 7) കുങ്കിയാനയാക്കുമെന്ന് ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സഖറിയ. കുങ്കിയാക്കാനുള്ള പരിശീലനം ഉടൻ തുടങ്ങും. പി.ടി.സെവനെ പിടികൂടാനുള്ള 'മിഷൻ പി.ടി.7' വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും അരുൺ സഖറിയ പറഞ്ഞു.

അതേസമയം, പി.ടി.ഏഴാമന് വനംവകുപ്പ് 'ധോണി' എന്ന് പേരിട്ടു. ധോണി ഗ്രാമത്തെ അത്രമേൽ അറിയുന്ന പി.ടി.ഏഴാമന് അനുയോജ്യമായ പേരാണ് 'ധോണി' എന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പി.ടി.7 ദൗത്യത്തോടെയാണ് ധോണി എന്ന സ്ഥലം പ്രശസ്തമായത്.

പി.ടി.ഏഴാമനെ വനംവകുപ്പിന്റെ സ്വത്തായി സംരക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു. പി.ടി.7 ദൗത്യത്തിന്റെ ഭാഗമായ എല്ലാവരെയും അഭിനന്ദിച്ച മന്ത്രി, പി.ടി.ഏഴാമന് ഒപ്പമുണ്ടായിരുന്ന മറ്റു ആനകളെ നിരീക്ഷിക്കുമെന്നും അറിയിച്ചു.

കഴിഞ്ഞ ഏഴുമാസമായി ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു പി.ടി.സെവൻ. കഴിഞ്ഞ വർഷം ജൂലൈ എട്ടിന് പ്രഭാതസവാരിക്കിറങ്ങിയ പ്രദേശവാസി ശിവരാമനെ കൊലപ്പെടുത്തിയ ആന, നിരവധി കൃഷിയിടങ്ങൾ തകർത്തിരുന്നു. മയക്കുവെടിവച്ച് പി.ടി.സെവനെ പിടികൂടാനുള്ള തീരുമാനം മാസങ്ങൾക്കു മുൻപേ എടുത്തിരുന്നെങ്കിലും പിന്നീടു വനംവകുപ്പ് നിലപാട് മാറ്റി. ജനരോഷം ശക്തമായതിനെ തുടർന്നാണ് വീണ്ടും ആനയെ തളയ്ക്കാൻ ദൗത്യസംഘം ഇറങ്ങിയത്.

യൂക്യാലിപ്റ്റസ് മരങ്ങൾ കൊണ്ടു നിർമ്മിച്ച പ്രത്യേക കൂട്ടിലാകും പി.ടി സെവനെ തളയ്ക്കുക. മൂന്നു മാസത്തേക്ക് കൂട്ടിൽ നിന്നും പുറത്തിറക്കില്ല. ആക്രമ സ്വഭാവം പ്രകടിപ്പിക്കുന്നില്ല എന്നുറപ്പാക്കിയ ശേഷമാകും പുറത്തെത്തിക്കുക.

ഫോറസ്റ്റ് സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 72 അംഗ ദൗത്യ സംഘം ഞായറാഴ്ച രാവിലെ 7.10 നാണ് പി.ടി സെവനിനെ മയക്കുവെടി വെച്ചത്. അമ്പത് മീറ്റർ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിർക്കുകയായിരുന്നു. 45 മിനിറ്റിനുള്ളിൽ മയക്കത്തിൽ വീണ ആനയെ കോന്നി സുരേന്ദ്രൻ, ഭരത്, വിക്രം എന്നീ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റിയാണ് ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചത്.

ഇതിനിടെ പ്രകോപിതനായ പി.ടി സെവൻ സുരേന്ദ്രൻ എന്ന കുങ്കിയാനയെ ആക്രമിക്കാനുള്ള ശ്രമവും നടത്തി. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് ആനയെ ലോറിയിൽ കയറ്റാനായത്.

ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശമുണ്ടാക്കിയ കൊമ്പനാണ് ഒടുവിൽ പിടിയിലായത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്ന പിടി 7 ഇപ്പോൾ ധോണി ക്യാമ്പിൽ 140 യൂക്കാലിപ്‌സ് മരം കൊണ്ട് ഉണ്ടാക്കിയ കൂട്ടിലായതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ ധോണിക്കാർ.

കാട്ടിൽ മദിച്ച് നടന്ന കാട്ടാനയ്ക്ക് ഇനി ചിട്ടയുടെ കാലമാണ്. പി ടി സെവനെ പിടികൂടാനുള്ള ദൗത്യ സംഘത്തിൽ പെട്ടവരെ മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ധോണി ക്യാംപിൽ വച്ചായിരുന്നു ചടങ്ങ്.