- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക് വിസ വേണമെങ്കിൽ ഒരുരാത്രി തനിക്കൊപ്പം കിടക്ക പങ്കിടണം; പുരുഷനില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നത് ശരിയല്ല; ലൈംഗിക ആവശ്യങ്ങൾ നിറവേറ്റാൻ എന്തുചെയ്യും? ഇന്ത്യക്കും നരേന്ദ്ര മോദിക്കും എതിരെ സോഷ്യൽ മീഡിയയിൽ എഴുതണം; പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന് വനിതാ പ്രൊഫസറുടെ പരാതി
ന്യൂഡൽഹി: പാക് വിസ നൽകണമെങ്കിൽ, തനിക്കൊപ്പം കിടക്ക പങ്കിടാൻ തയ്യാറാകണമെന്ന് പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായി ഇന്ത്യൻ വനിതയുടെ വെളിപ്പെടുത്തൽ. പഞ്ചാബിലെ ഒരു സർവകലാശാലയിലെ സീനിയർ വനിതാ പ്രൊഫസറാണ് ഈ ഗുരുതര ആരോപണം ഉന്നയിച്ചത്. ഒരു പാക് സർവകലാശാലയിൽ ക്ലാസെടുക്കാൻ ക്ഷണിച്ചതിനെ തുടർന്നാണ് അവർ വിസയ്ക്കായി എത്തിയത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് മാത്രമല്ല, ഇന്ത്യക്കും, മോദിക്കും എതിരെ എഴുതണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം മാർച്ചിലും, ജൂണിലുമാണ് വനിത പ്രൊഫസർ പാക് ഹൈക്കമ്മീഷനിൽ വിസയ്ക്കായി പോയത്. ' വിശ്രമമുറിയിൽ അൽപ്പം നേരം കാത്തിരിക്കാൻ പറഞ്ഞു. കുറച്ചുകഴിഞ്ഞ് തൽക്കാലം വിസ അനുവദിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. കാരണം, പാക് സർക്കാർ അസ്ഥിരമാണെന്നും, അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാന് എതിരെ അവിശ്വാസ പ്രമേയം പാസായെന്നും പറഞ്ഞു. അത് കേട്ട് ഓഫീസിന് പുറത്തേക്ക് ഇറങ്ങിയ എന്നെ ആസിഫ് എന്ന് പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥൻ സമീപിച്ചു. തന്നെ കാണാൻ വന്നിരുന്നെങ്കിൽ, താൻ വിസ തരുമായിരുന്നല്ലോ എന്നായി ആസിഫ്. വിശ്രമമുറിയിൽ പോയി കാത്തിരിക്കാൻ വീണ്ടും ആവശ്യപ്പെട്ടു'
' പിന്നീട് ആസിഫ് എന്നെ മറ്റൊരു മുറിയിലേക്ക് വിളിച്ചുവരുത്തി. വിസ ഓഫീസർ ഉച്ചയ്ക്ക് രണ്ടുമണിയോടെ വരുമെന്ന് പറഞ്ഞു. എന്തിനാണ് എനിക്ക് വിസ വേണ്ടത്, പാക്കിസ്ഥാനിൽ പോകേണ്ട ആവശ്യം എന്താണ്, തുടങ്ങിയ പൊതുകാര്യങ്ങൾ ചോദിച്ചുതുടങ്ങി. പെട്ടെന്ന് വിവാഹിതയാണോ എന്നൊരു ചോദ്യം. ഞാൻ അല്ല സർ എന്നുമറുപടി നൽകി. അപ്പോൾ, അയാൾ അതെന്താ, എന്താ കാരണം, ലൈംഗിക ആവശ്യങ്ങൾ നിറവേറ്റാൻ എന്താണ് പിന്നെ ചെയ്യുക എന്നൊക്കെയായി ചോദ്യങ്ങൾ. എനിക്ക് വല്ലാതെ അസ്വസ്ഥത തോന്നിത്തുടങ്ങിയിരുന്നു'
' സെക്‌സിൽ ഏർപ്പെടാൻ എനിക്ക് ആരെങ്കിലും കൂട്ടുണ്ടോ, പുറത്തൊക്കെ പോകാൻ കൂട്ടുകാരനുണ്ടോ, നിങ്ങളുടെ വിശ്വാസപ്രകാരം വിവാഹേതര ബന്ധം അനുവദനീയമാണോ എന്നും ചോദ്യങ്ങൾ വന്നു. ഞാൻ, അപ്പോൾ എണീറ്റു. വിസ ഓഫീസറെ വിളിക്കാൻ പറഞ്ഞു.
അതുകൊണ്ടും ചോദ്യോത്തര പരിപാടി അവസാനിച്ചില്ല. ഇന്ത്യയ്ക്കും, പ്രധാനമന്ത്രി മോദിക്കും, കശ്മീരിനും എതിരെ സോഷ്യൽ മീഡിയയിൽ എഴുതണമെന്നായി അയാളുടെ ആവശ്യം. എങ്ങനെയെങ്കിലും ഈ ലൈംഗിക വൈകൃതക്കാരന്റെ മുന്നിൽ നിന്ന് രക്ഷപ്പെടാമെന്ന് കരുതി എണീറ്റപ്പോൾ വീണ്ടും 20 മിനിറ്റോളം അയാൾ അശ്ലീല ചുവയുള്ള സംഭാഷണം തുടർന്നു. മുറിയിൽ നിന്ന് പോകാൻ ഒരുങ്ങിയപ്പോൾ, അയാൾ കൈയിൽ പിടിച്ച് ഇരിക്കാൻ പറഞ്ഞു. വീണ്ടും ലൈംഗിക ചുവയുള്ള ചോദ്യങ്ങൾ. തനിക്ക് പുറത്തുപോകണമെന്ന് പറഞ്ഞെങ്കിലും, അയാൾ പ്രൊഫസർ അവിടെ തന്നെ ഇരിക്കണമെന്ന് നിർബന്ധം പിടിച്ചു. 25 മിനിറ്റ് കൂടി കഴിഞ്ഞാണ് ആ മോശം സാഹചര്യത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞത്.
ലൈംഗിക ഉദ്ദേശ്യം നടക്കില്ലെന്ന് വന്നതോടെയാണ് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥൻ ഖലിസ്ഥാനെ കുറിച്ചും, ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിനെ കുറിച്ചും ഒക്കെ സംസാരിച്ചുതുടങ്ങിയത്. ഞങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നതിൽ സന്തുഷ്ടരാണെന്നും, പീഡിതരല്ലെന്നും, ഖലിസ്ഥാൻ വേണ്ടെന്നും അയാളോടുപറഞ്ഞു. അപ്പോൾ പാക്കിസ്ഥാൻ ഖലിസ്ഥാൻ രൂപീകരിക്കുമെന്നായി അയാൾ. ഇതിനെ തുടർന്ന് ആസിഫ് എഴുന്നേറ്റുപോയി. മറ്റൊരു ഉദ്യോഗസ്ഥൻ വന്ന് സമാന ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. അയാളുടെ പേര് താഹിർ അബ്ബാസ് എന്നായിരുന്നു. ആസിഫും താഹിറും പറഞ്ഞത് ഒരേ കാര്യമാണ്, പുരുഷനില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നത് ശരിയായ കാര്യമല്ല. ഇതിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല, പ്രൊഫസർ സിഎൻഎൻ ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വിസ കിട്ടാൻ സ്‌പോൺസറുടെ പേര് മാറ്റണമെന്നും തങ്ങൾ തന്നെ സ്‌പോൺസർ ചെയ്യാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്നും, വളരെ പ്രശസ്തനായ പാക് അക്കാദമിക് പണ്ഡിതനാണ് തന്നെ സ്‌പോൺസർ ചെയ്തിരിക്കുന്നതെന്നും പ്രൊഫസർ മറുപടി നൽകി. എന്നാൽ, അവരുടെ സ്‌പോൺസർഷിപ്പ് വഴി മാത്രമേ വീസ ഉറപ്പാക്കാൻ കഴിയൂ എന്നും അവർ തറപ്പിച്ചുപറഞ്ഞു. ഇങ്ങനെ മുട്ടാപ്പോക്കുകൾ തുടർന്നതോടെ ഏംബസി വിട്ടിറങ്ങേണ്ടി വന്നു.
എന്തുകൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ല എന്ന് ചോദിച്ചപ്പോൾ, തനിക്ക് ഇതിനൊന്നും തെളിവില്ലാത്തതുകൊണ്ടാണ് നിശ്ശബ്ദയായിരുന്നതെന്ന് പ്രൊഫസർ പറഞ്ഞു. ഏംബസി ഓഫീസിനുള്ളിൽ ഫോൺ അനുവദിച്ചിരുന്നില്ല.
ഒരുമാസത്തിന് ശേഷം ഈ ഉദ്യോഗസ്ഥരിൽ നിന്ന് വാട്‌സാപ്പ് സന്ദേശങ്ങൾ വരാൻ തുടങ്ങി. മോദിക്കെതിരെ ലേഖനം എഴുതിയാൽ പണംതരാമെന്നായിരുന്നു വാഗ്ദാനം. ഒരേസമയം, മെസേജ് അയയ്ക്കുകയും ഡിലീറ്റ് ചെയ്യുകയുമായിരുന്നു അവർ, സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് എടുത്തുവച്ചിട്ടുണ്ട്. സന്ദേശത്തിലെ ഭാഷയിൽ നിന്ന് ആ രണ്ട് ഏംബസി ഉദ്യോഗസ്ഥർ തന്നെയാണ് അയച്ചതെന്നാണ് പ്രൊഫസർ കരുതുന്നത്.
താഹിർ അബ്ബാസ് പിന്നീട് വീണ്ടും വിളിച്ച് പാക്കിസ്ഥാനിലേക്ക് വരാൻ ആവശ്യപ്പെട്ടു. തന്നെ വിരുന്നിന് ക്ഷണിച്ചു. ആവശ്യം നിരസിച്ച ശേഷം വിസയെ കുറിച്ച് ചോദിച്ചു. തനിക്കൊപ്പം ഒരു രാത്രി കഴിഞ്ഞാൽ വിസ പുഷ്പം പോലെ തരാമെന്നായി താഹിർ.
ലാഹോറിലെ ഗുരുദ്വാര സന്ദർശിക്കാനും, മറ്റൊരിടത്ത് പ്രഭാഷണം നടത്താനും വേണ്ടിയാണ് വനിതാ പ്രൊഫസർ വീസയ്ക്ക് അപേക്ഷിച്ചിരുന്നത്. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് പ്രൊഫസർ നീതി തേടി പരാതി അയച്ചിട്ടുണ്ട്. പാക് ഹൈക്കമീഷനിലേക്കും പരാതി അയച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.
മറുനാടന് മലയാളി ബ്യൂറോ