- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടുവർഷമായി പൊളിഞ്ഞുകിടന്ന റോഡ് കയ്യും കാലും പിടിച്ച് ടാർ ചെയ്യിച്ചു; തിങ്കളാഴ്ച പൊതുമരാമത്ത് പണി പൂർത്തിയാക്കിയെന്ന് കേട്ട പാടേ ചൊവ്വാഴ്ച പൈപ്പിടാൻ വെട്ടിപ്പൊളിച്ച് വാട്ടർ അഥോറിറ്റി; കോട്ടയം ചിങ്ങവനം പന്നിമറ്റം കവലയിൽ ചോര തിളച്ചുകയറി നാട്ടുകാർ; പിക്കാസ് കണ്ടപാടേ ഇളകി മാറിയ റോഡ് പണി തട്ടിക്കൂട്ടെന്നും സംശയം; ഒരു അഴിമതിക്കഥ
കോട്ടയം: നമ്മൾ എപ്പോഴും കാണുന്നതാണ്. വെറുതെ കാണുന്നതല്ല, കണ്ട് ചോര തിളയ്ക്കുന്നതാണ്. അവസാനം ഈ നാട് ഇങ്ങനെയാണ്, നന്നാവൂല്ല, എന്ന ശാപവചനവും വായൂവിൽ എറിഞ്ഞ് വീട്ടിലേക്ക് മടങ്ങും. പൊതുമരാമത്ത് വകുപ്പും, വാട്ടർ അഥോറിറ്റിയും തമ്മിലെ ആ 'മഹാപൊരുത്തം' കാരണം റോഡ് വെട്ടിപൊളിക്കുന്നതിലെ 'ടൈമിങ്ങിനെ' കുറിച്ചാണ് വീണ്ടും പറയേണ്ടി വരുന്നത്. ഇരുവകുപ്പുകളും ഉൾപ്പെട്ട നിർമ്മാണത്തിന് ഏകോപന സമിതിയൊക്കെ മന്ത്രി മുഹമ്മദ് റിയാസും മന്ത്രി റോഷി അഗസ്റ്റിനും ചേർന്ന് കൊണ്ടുവന്നെങ്കിലും, ഒരുവശത്ത് തക്കം പാർത്തിരിക്കുന്ന അഴിമതിക്കാരുണ്ടോ അതൊക്കെ അനുവദിച്ചുകൊടുക്കുന്നു?
സംഭവം കോട്ടയത്താണ്. ചിങ്ങവനത്ത് ടാറിങ് പൂർത്തിയാക്കിയ റോഡ് വെട്ടിപ്പൊളിച്ചതാണ് സംഭവം. തിങ്കളാഴ്ച ടാറിങ് പൂർത്തിയാക്കിയ പന്നിമറ്റം കവലയിലെ റോഡിൽ പൈപ്പ് ഇടുന്നതിനായി ചൊവ്വാഴ്ച വാട്ടർ അഥോറിറ്റി ജീവനക്കാർ എത്തി വെട്ടിപ്പൊളിക്കുകയായിരുന്നു. രണ്ട് വർഷമായി പൊളിഞ്ഞുകിടന്ന റോഡ് നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് ടാർ ചെയ്തത്. റോഡിന്റെ തിരക്കേറിയ ഭാഗത്ത് കുഴിച്ചു തുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ പണി നിർത്തിവയ്ക്കുകയായിരുന്നു.
ജനങ്ങൾ ശക്തമായി ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ടാറിങ് പൂർത്തിയാക്കിയത്. അതുകൊണ്ട് തന്നെ വലിയപ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായത്. ഇനിയൊരറിപ്പുണ്ടാകുന്നത് വരെ കുഴിക്കൽ ഇല്ല എന്നാണ് വാട്ടർ അഥോറിറ്റിയുടെ അറിയിപ്പ്.
മന്ത്രി ഇത് കാണുകയാണെങ്കിൽ നടപടി സ്വീകരിക്കണം എന്നാണ് വീഡിയോ പോസ്റ്റ് ചെയ്ത നാട്ടുകാർ ആവശ്യപ്പെടുന്നത്. അതേസമയം, ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ചിങ്ങവനം പന്നിമറ്റം കവലയിൽ നമ്മൾ കാണുന്നത് തട്ടിക്കൂട്ട് ടാറിങ് ആണെന്നതാണ്. പിക്കാസ് കൊണ്ട് വാട്ടർ അഥോറിറ്റി ജീവനക്കാരൻ കുഴിക്കേണ്ട താമസം, റോഡ് പൊളിയുകയാണ്. ടാറിങ്ങിന്റെ കനവും ഗുണവും തുച്ഛമെന്ന് സാരം. ഈ തട്ടിക്കൂട്ട് പണി കരാറുകാരന് അടുത്ത മഴയ്ക്ക് റോഡ് പൊളിയുന്നത് കാത്തിരിക്കാനും, റീടെൻഡർ വഴി വീണ്ടും വലിയൊരു തുക ഖജനാവിൽ നിന്ന് അടിച്ചുമാറ്റാനും അല്ലേ എന്നാണ് നാട്ടുകാരുടെ സംശയം. നിലവാരമുള്ള റോഡുകൾ നിർമ്മിക്കാൻ നാട്ടിൽ സാങ്കേതിക വിദ്യ ഉള്ളപ്പോൾ തട്ടിക്കൂട്ട് ടാറിങ്ങിന്റെ പിന്നിൽ കീശ വീർപ്പിക്കൽ ലക്ഷ്യം തന്നെ എന്നാണ് അടക്കം പറച്ചിൽ.
എന്തായാലും, നാട്ടുകാർ ആവശ്യപ്പെട്ടത് പോലെ മന്ത്രിയുടെ ശ്രദ്ധ ഇതിലേക്ക് ഒന്നുപതിയണം. ഈ വർഷം ജനുവരിയിലാണ് റോഡ് പരിപാലനത്തിനായി ഏകോപന സമിതി ഉണ്ടാക്കിയത്. 'പരിപാലന കാലാവധിയുള്ള റോഡുകളിൽ വാട്ടർ അഥോറിറ്റിയുടെയോ സ്വകാര്യ സേവനദാതാക്കളുടെയോ നിർമ്മാണ പ്രവൃത്തികൾക്കായി റോഡുകൾ വെട്ടിപ്പൊളിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതേ നിലവാരത്തിൽ പൂർവസ്ഥിതിയിലാക്കുന്നത് ജലവിഭവ വകുപ്പ് ഉറപ്പുവരുത്തും. ചോർച്ചയുമായി ബന്ധപ്പെട്ട വാർഷിക അറ്റകുറ്റപ്പണികളിൽ റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ കരാറുകാർക്ക് നിർദ്ദേശം നൽകും. റോഡുകൾ വെട്ടിപ്പൊളിച്ച് ഗുണനിലവാരം തകർക്കുന്നത് ഒഴിവാക്കാൻ നിർമ്മാണത്തിന് മുന്നോടിയായി ഇരുവിഭാഗങ്ങളും ചർച്ച നടത്തി ആസൂത്രണം ഏകോപിപ്പിക്കും. നിലവിൽ നടക്കുന്ന പ്രവർത്തികളും ഭാവി പ്രവർത്തികളും വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.'-ഇതൊക്കെയായിരുന്നു അന്നത്തെ ധാരണ. എന്നാൽ, സംഭവിക്കുന്നത് എന്താണെന്ന് അറിയാൻ ചിങ്ങവനം പന്നിമറ്റം കവലയിലേക്ക് നോക്കിയാൽ മതി. ചിങ്ങവനത്ത് മാത്രമല്ല, കോട്ടയത്ത് അപ്പാടെയും ഇതുതന്നെയാണ് സ്ഥിതി
മറുനാടന് മലയാളി ബ്യൂറോ