തിരുവനന്തപുരം: കേരളത്തെ മാത്രമല്ല, രാജ്യത്തെയാകെ നടുക്കിയ സംഭവമാണ് ഇലന്തൂരിലെ നരബലി കേസ്. ഈ സംഭവത്തിൽ സാമുഹിക നീതി മന്ത്രി, ആർ.ബിന്ദു, പിടിഐക്ക് നൽകിയ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇലന്തൂർ സംഭവം ആഗോളവത്കരണം വരുത്തി വച്ച നിരാശയുടെ പരിണത ഫലമാണ്, മന്ത്രി പറഞ്ഞു. ഇതിനൊപ്പം പൊള്ളയും കാലഹരണപ്പെട്ടതുമായ മൂല്യസമ്പ്രദായങ്ങൾ തിരികെ കൊണ്ടുവരാൻ ചില പിന്തിരിപ്പൻ ശക്തികൾ നടത്തുന്ന ശ്രമത്തിന്റെ ഫലം കൂടിയാണെന്നും മന്ത്രി അഭിമുഖത്തിൽ പറഞ്ഞു. ഈ പിന്തിരിപ്പൻ ശക്തികളെന്നാൽ താൻ അർത്ഥമാക്കുന്നത് സംഘപരിവാറിനെയും ആർഎസ്എസിനെയും ആണെന്ന് പിന്നീട് മന്ത്രി വ്യക്തമാക്കുന്നുണ്ട്.

രാജ്യത്തുടനീളം നരബലി പോലുള്ള ക്രൂരകൃത്യങ്ങൾ അരങ്ങേറുന്നുണ്ടെങ്കിലും, കേരളത്തിൽ ഇത് വേഗം ശ്രദ്ധിക്കപ്പെട്ടത് പൊതുജനങ്ങൾ കൂടുതൽ ജാഗരൂകരായതുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. ' ഇത് കേരളത്തിൽ മാത്രമുള്ള എന്തെങ്കിലുമായി കണക്കാക്കേണ്ട. ഇവിടെ സമൂഹം കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുന്നതുകൊണ്ട് സംഭവങ്ങൾ വെളിച്ചത്ത് വരുന്നുവെന്നേയുള്ളു. ഇത്തരം ആഭിചാര ക്രിയകൾ നടക്കുന്ന മറ്റു പല സംസ്ഥാനങ്ങളിലും അതൊന്നും ആരും പുറത്തറിയുന്നു പോലുമില്ല', മന്ത്രി പറഞ്ഞു.

'അന്ധവിശ്വാസങ്ങളും ആചാരങ്ങളും വേരുറപ്പിച്ച രാജ്യമാണ് ഇന്ത്യ. ചില ആളുകൾ ഇത്തരം പുരാതന ആചാര സമ്പ്രദായങ്ങൾ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതുകൊണ്ട് അവയുടെ ശക്തി കൂടുന്നു', മന്ത്രി പറഞ്ഞു. ഇതിന് കാരണങ്ങളിലൊന്ന് ആഗോളവത്കരണം സൃഷ്ടിച്ച നൈരാശ്യമാണ്. 'വളരെ എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള ശ്രമത്തിനിടെ ആളുകൾ ചതിക്കുഴിയിൽ വീഴുന്ന സാഹചര്യമാണ് ആഗോളവത്കരണം സൃഷ്ടിക്കുന്നത്. നരബലിയും മറ്റും തങ്ങൾക്ക് സമൃദ്ധി കൊണ്ടുവരുമെന്ന് ചിലർ വ്യഥാ മനക്കോട്ട കെട്ടുന്നു. ഇത്തരം ഭ്രമാത്മക വാഗ്ദാനങ്ങൾ ആളുകൾക്ക് നൽകുന്നതോടെ, അവർ ക്രൂരകൃത്യങ്ങളിലേക്ക് നീങ്ങുന്നു',മന്ത്രി ആർ.ബിന്ദു പറഞ്ഞു.

മറ്റൊരു കാരണം പൊള്ളയും കാലഹരണപ്പെട്ടതുമായ മൂല്യസമ്പ്രദായങ്ങൾ തിരികെ കൊണ്ടുവരാൻ ചില പിന്തിരിപ്പൻ ശക്തികൾ നടത്തുന്ന ശ്രമമാണ്. ആരാണ് ഇത്തരം മൂല്യ സമ്പ്രദായങ്ങൾ തിരികെ കൊണ്ടുവരുന്നതെന്ന് ചോദിച്ചപ്പോൾ, മന്ത്രിയുടെ മറുപടി ഇങ്ങനെ: ' നമുക്കിടയിൽ ആരാണ് പിന്തിരിപ്പൻ ശക്തികളെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നത്? ആരാണത്? വളരെ യാഥാസ്ഥിതികവും, പിന്തിരിപ്പനും പൊള്ളയുമായ മൂല്യങ്ങൾ വീണ്ടും ഉയർത്തി കൊണ്ടുവരാൻ ശ്രമിക്കുന്നത് ആരാണ്? '

സംഘപരിവാറിനെയോ ആർഎസ്എസിനെയോ ആണോ ലക്ഷ്യം വയ്ക്കുന്നതെന്ന് ചോദിച്ചപ്പോൾ മന്ത്രി പറയുന്നത് ഇങ്ങനെ: ' അതെ, അവർ ചെയ്തുകൂട്ടുന്നതിന്റെ തരംഗങ്ങൾ കേരളത്തിൽ അടക്കം എല്ലായിടത്തും ദൃശ്യമാകുന്നു. അത് വളരെ ഭയത്തോടെയും ആശങ്കയോടെയും ആണ് ഞങ്ങൾ നിരീക്ഷിക്കുന്നത്', മന്ത്രി ആർ.ബിന്ദു അഭിമുഖത്തിൽ പറഞ്ഞു.