കൊച്ചി: നടൻ ദിലീപിനെ വെള്ള പുശിയതിന് പിന്നാലെ, മുൻ ഡിജിപി ആർ ശ്രീലേഖയുടെ ഏറ്റവും പുതിയ യു ട്യൂബ് വ്‌ലോഗ് വിവാദത്തിൽ. സസ്‌നേഹം ശ്രീലേഖയെന്ന യുട്യൂബ് വ്‌ലോഗിന്റെ 91 ാമത് എപ്പിസോഡിലാണ് ശ്രീലേഖയുടെ വിവാദ പരാമർശങ്ങൾ. 2005 ൽ എറണാകുളത്ത് ഡിഐജി ആയിരിക്കെ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ നിന്ന് യാക്കോബായ വിഭാഗത്തെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ശ്രീലേഖയുടെ പരാമർശങ്ങൾ. എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടാക്കാമോ അതുണ്ടാക്കി അവകാശങ്ങൾ നേടിയെടുക്കുന്നവരാണ് യാക്കോബായ വിഭാഗമെന്നാണ് വ്‌ളോഗിലുള്ളത്. ഇതിനെതിരെ വിമർശനവുമായി യാക്കോബായ സഭയും രംഗത്തെത്തി.

'ഈ വീഡിയോ നിങ്ങളിൽ ചിലർക്കെങ്കിലും, ചില വിഷമങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്ന ആമുഖത്തോടെയാണ് ശ്രീലേഖ വീഡിയോ തുടങ്ങുന്നത്. എന്റെ 49 ാം എപ്പിസോഡിൽ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു, പൊതുവെ ക്രിസ്ത്യാനികളെല്ലാം സമാധാനപ്രിയരാണ്, പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാക്കില്ല എന്ന്. പക്ഷേ ചില അവസരങ്ങളിൽ, സമാധാനം ലംഘിച്ചുകൊണ്ട് അക്രമ പ്രവർത്തികൾ, നടത്തും, നടത്താറുണ്ട്. അതിനെ കുറിച്ചാണ് ഈ എപ്പിസോഡിൽ പറയുന്നത്.

2005 ജൂലൈ ആദ്യം ഞാൻ, എറണാകുളം റേഞ്ച്് ഡിഐജിയായിരുന്ന സമയത്ത്, തൃക്കുന്നത്ത് സെമിനാരി എന്നുപറയുന്ന ആലുവയ്ക്ക് അടുത്തുള്ള, സെമിനാരിയുമായി ബന്ധപ്പെട്ട സെന്റ് മേരീസ് ചർച്ചിൽ, ഒരുവലിയ അക്രമ പ്രവർത്തനം നടന്നു. അതിന്റെ പശ്ചാത്തലം, എന്നുപറയുന്നത് ചരിത്രം പഠിക്കണം. കേരളത്തിലെ ക്രിസ്ത്യാനികളാണ് ലോകത്ത് ആദ്യമായി ഉണ്ടായ ക്രിസ്ത്യാനികൾ എന്ന് അഭിമാനിക്കുന്നവരാണ് ഇവിടെയുള്ളവർ. സെന്റ് തോമസ് നേരിട്ട് കേരളത്തിൽ വന്ന്, തീരദേശത്തുള്ള ബ്രാഹ്മണ കുടുംബങ്ങളെ അടക്കം മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കി ..അവരുടെ പിൻതലമുറക്കാരാണ് ഞങ്ങൾ എന്നുപറയാറുണ്ട്', എന്നിങ്ങനെ ക്രൈസ്തവ സഭയുടെയും തൃക്കുന്നത്ത് സഭയുടെയും ചരിത്രം പറയുന്നു. പിന്നീട് തൃക്കുന്നത്ത് സെമിനാരിയിൽ യാക്കോബായ വിഭാഗം ബലമായി പ്രവേശിച്ച കഥയാണ് പറയുന്നത്.

'ഒരു ദിവസം രാവിലെ 10-30-11 മണിയോടുകൂടി, ഓർത്തഡോക്‌സിലുള്ള വിശ്വാസികളായിട്ടുള്ള ആൾക്കാരും, കോട്ടയത്തുള്ള തിരുമേനിയുടെ ഓഫീസിൽ ഉള്ളവരും ഒക്കെ എന്നെ വിളിച്ച്, പറയുകയാണ് തൃക്കുന്നത്ത് സെമിനാരി കോടതി ഉത്തരവിനെ ലംഘിച്ചുകൊണ്ട്, പൊളിച്ച് അകത്ത് കയറി, യാക്കോബായക്കാര് അത് കീഴടക്കിയിരിക്കുകയാണ്, അവര് പള്ളി അകത്ത് നിന്ന് കുറ്റിയിട്ട് പൂട്ടി എന്നുപറഞ്ഞു. ഉടനെ ഞാൻ, എല്ലാവരെയും വിളിച്ച് ചോദിച്ചു..എന്തുവേണം സീനിയർ ഓഫീസർമാരെയും, കളക്ടറെയും ഒക്കെ വിളിച്ചുചോദിച്ചു. എനിക്ക് കിട്ടിയ നിർദ്ദേശം അനുസരിച്ച്, യാക്കോബായക്കാര് അനധികൃതമായിട്ടാണ് അതിന് അകത്ത് കയറിയിരിക്കുകന്നത്. അവിടെ പ്രാർത്ഥന നടത്താൻ പാടില്ല. പള്ളിയുടെ കൺട്രോൾ ആർക്കും കൊടുത്തിട്ടില്ല, പൂട്ടി തന്നെ കിടക്കണം, സ്റ്റാറ്റസ്‌കോ മെയിന്റെയിൻ ചെയ്യണം, അല്ലെങ്കിൽ, കോടതിയിൽ ഉത്തരം പറയേണ്ടി വരും. പെട്ടെന്ന് പള്ളിയിൽ നിന്ന് പുറത്താക്കണമെന്നുള്ള ഉത്തരവാണ് കിട്ടിയത്. അതിനകത്ത് കുറെ പേര് കൂടി നിൽപ്പുണ്ട്. അവരുടെ ലക്ഷ്യം പ്രശ്‌നം ഉണ്ടാക്കുക എന്നുത്തന്നെയാണ്. എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടാക്കാമോ, അതൊക്കെ ഉണ്ടാക്കി, ഒരുബഹളമാക്കി അത്, വാർത്തയിൽ പ്രാധാന്യം കിട്ടുകയും, അതുവഴി അവരുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കാൻ ശ്രമം നടത്തുകയും ചെയ്യുന്ന ഒരു രീതി വർഷങ്ങളായി പിന്തുടർന്ന് പോകുന്നവരാണ് എന്ന ഇന്റലിജൻസ് റിപ്പോർട്ടും കിട്ടിയിരുന്നു.

അതിനിടയിലൂടെ അഡീഷണൽ അഡ്വ ജനറൽ വി കെ ബീരാൻ, അദ്ദേഹത്തിന്റെ ഒരു ഔദ്യോഗിക വാഹനം അതുവഴി കടന്നുപോയിരുന്നു. അപ്പോൾ, യാക്കോബായ സഭ വിശ്വാസികൾ ചേർന്നിട്ട് അദ്ദേഹത്തെ ഇറക്കിയിട്ട് വാഹനം കത്തിച്ചു. അതും കൂടിയായപ്പോൾ, അതുവലിയ ക്രമസമാധാന പ്രശ്‌നമായി. പിന്നെ പൊലീസിനെ അവിടേക്ക് അടുപ്പിക്കുന്നില്ല. അകത്ത് നിന്ന് കല്ലേറ് മാത്രമല്ല, ഒഴിഞ്ഞ മദ്യകുപ്പികളും ബിയർ കുപ്പികളും വലിച്ചെറിയുകയാണ് പൊലീസിന്റെ നേരേ. ഗേറ്റ് തുറന്ന് അകത്ത് കയറാൻ വമ്പിച്ച സന്നാഹം വേണ്ടി വരും. അതിനിടയിലൂടെ മുഖ്യമന്ത്രിയെ വിളിച്ച് വിവരം അറിയിക്കുന്നുണ്ട്. അദ്ദേഹം ഓർത്തഡോക്‌സ് സഭയിൽ പെട്ടയാളായതുകൊണ്ട് പരിധി വിട്ട് ഇടപെടാൻ ഒരുമടി പോലെ. എന്താ നിയമപ്രകാരം ചെയ്യേണ്ടത്, അത് ചെയ്‌തോ എന്നുപറഞ്ഞു മാറി നിന്നു. അന്നത്തെ ഡിജിപി ശ്രീവാസ്തവ സാറായിരുന്നു. അദ്ദേഹത്തിനോട് കാര്യം വിശദീകരിക്കാൻ ഒരുപാട് പാട് പെടേണ്ടി വന്നു. കാരണം അദ്ദേഹത്തിന് മനസ്സിലാവുന്നതേയില്ല. പള്ളീന്ന് പറയുന്നത്, ക്രിസ്ത്യാനികളുടെ പള്ളി, അതിൽ ക്രിസ്ത്യാനികൾ എന്തിനാണ് ബഹളം വയ്ക്കുന്നത്? പറഞ്ഞുഫലിപ്പിക്കാൻ ബുദ്ധിമുട്ടായിരുന്നു.

ഒടുവിൽ മണിക്കൂറുകളോളം നീണ്ട ബലപ്രയോഗത്തിന് ശേഷമാണ് പള്ളിയിൽ നിന്ന് യാക്കോബായക്കാരെ പുറത്താക്കിയത്. കൂടുതലും പള്ളിക്കകത്ത് ഉണ്ടായിരുന്നത് അച്ചന്മാരായിരുന്നു. അവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടുപോകാൻ പറ്റുമോ? വലിയ വിവാദമുള്ള ഒരു വാർത്തയാകാനും സാധ്യതയുണ്ട്. അങ്ങനെ കളമശേരി എആർ ക്യാമ്പിലേക്ക് കൊണ്ടുപോകാം എന്നുതീരുമാനിച്ചു. ഒടുവിൽ ബലം പ്രയോഗിച്ച് എ ആർ കാമ്പിലെത്തിച്ച വൈദികരടക്കമുള്ളവരോട് മര്യാദയോടെ തങ്ങൾ പെരുമാറിയത്. എഫ്‌ഐആർ ഇട്ട് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന്റെ വീട്ടിൽ കൊണ്ടുപോയാണ് ജാമ്യം കിട്ടിയത്. എന്നാൽ പൊലീസ് മൂന്നാം മുറ പ്രയോഗിച്ചെന്നാരോപിച്ച് സംഭവത്തെ വഴിതിരിച്ചുവിടാനും യാക്കോബായ വിഭാഗം ശ്രമിച്ചു. പൊലീസ് അവരോട് അതിക്രമം കാട്ടി എന്ന് സമർത്ഥിക്കാനും ശ്രമിച്ചെന്നും ശ്രീലേഖയെ മാറ്റണം, ശ്രീലേഖയാണ് പ്രശ്‌നം ഉണ്ടാക്കിയത് എന്ന തരത്തിൽ യാക്കോബായ വിഭാഗം ആരോപിച്ചെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു.

അതേസമയം, ശ്രീലേഖയുടെ പരാമർശങ്ങൾ ചരിത്രയും യാഥാർഥ്യങ്ങളും വളച്ചൊടിക്കുന്നതാണെന്ന് യാക്കോബായ സഭ കുറ്റപ്പെടുത്തി. ക്രൈസ്തവ വിശ്വാസം പോലും മനസിലാക്കാതെയാണ് ബൈബിളിനെക്കുറിച്ചടക്കം തെറ്റായ പരാമർശങ്ങൾ നടത്തിയത്. ശ്രീലേഖയ്‌ക്കെതിരെ നിയമ നിയമനടപടി സ്വീകരിക്കുന്ന കാര്യം അടുത്ത സൂനഹദോസ് പരിഗണിക്കും.