തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം തുടരുന്നതിനിടെ പേവിഷ വാക്സിന്റെ ഗുണനിലവാരത്തിൽ കേന്ദ്രസർക്കാർ റിപ്പോർട്ട് തേടി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയോട് റിപ്പോർട്ട് തേടിയത്. കേരളം നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പേവിഷ വാക്സിൻ ദേശീയ ഡ്രഗ്സ് ലബോറട്ടറിയിൽ പരിശോധിക്കും. വാക്സിൻ ഫലപ്രദമല്ലെന്ന് പറയാനാകില്ലെന്ന് ഡ്രഗ്സ് കൺട്രോളർ അധികൃതർ സൂചിപ്പിച്ചു. പേവിഷ ബാധയ്ക്കെതിരായ വാക്സിൻ സ്വീകരിച്ചിട്ടും മരണമുണ്ടായ സാഹചര്യത്തിൽ കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അയച്ചതായും അറിയിച്ചു. സംഘം സാമ്പിൾ പരിശോധിച്ചു. 15 ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നാണ് സൂചന. മരിച്ചവർക്ക് നൽകിയ വാക്സിൻ ഡോസ്, പട്ടി കടിയേറ്റ ശരീരഭാഗം എന്നിവ പരിശോധിക്കണമെന്നും ഡ്രഗ്സ് കൺട്രോൾ അധികൃതർ പറഞ്ഞു.

അതേ സമയം തെരുവുനായ പ്രശ്‌നം പരിഹരിക്കാൻ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുമെന്നു മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. എബിസി പദ്ധതിക്കായാണ് ഡോക്ടർമാരെ നിയമിക്കുന്നത്. ഒഴിവുള്ള പഞ്ചായത്തുകളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണു നിയമനം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്നും നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റു. പാലക്കാട് 26 പേരാണ് നായയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ഇത്രയും പേർ പട്ടികടിയേറ്റ് ചികിത്സ തേടിയത്.

കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആക്രമിക്കുകയാണ് തെരുവ് നായക്കൂട്ടം. പുറത്തിറങ്ങാൻ തന്നെ ഭയപ്പെടുന്ന അവസ്ഥയാണ് പല സ്ഥലങ്ങളിലും. സ്‌കൂളിലേക്കും മദ്രസകളിലേക്കും പോയ വിദ്യാർത്ഥികളും സ്‌കൂളിലേക്ക് പോയ അദ്ധ്യാപകനും കടിയേറ്റു. കുട്ടികളെ ഒറ്റക്ക് പുറത്ത് അയക്കാൻ തന്നെ പല രക്ഷിതാക്കളും മടിക്കുകയാണ്.

പാലക്കാട് മേപ്പറമ്പ് സ്വദേശി നെതറിനെ തെരുവ് നായ കടിച്ചു. മേപ്പറമ്പ് നെല്ലിക്കാട് മദ്രസയിൽ പോയ കുട്ടികൾക്ക് നേരെ തെരുവ് നായ കുതിച്ചെത്തിയപ്പോൾ കുട്ടികളെ രക്ഷിക്കാൻ ചെന്നതായിരുന്നു നെതർ. കുട്ടികളെ രക്ഷപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇയാളെ തെരുവ് നായ കടിച്ചത്. കാലിലും കൈയിലും കടിയേറ്റ നെതറിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെന്മാറയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കും കടിയേറ്റു. അനശ്വര എന്ന കുട്ടിക്കായിരുന്നു സ്‌കൂളിലേക്ക് വരുന്ന വഴി തെരുവ് നായയുടെ കടിയേറ്റത്. തോട്ടട സ്‌കൂളിലെ സ്റ്റാഫ് റൂമിന് മുമ്പിൽ വെച്ച് അദ്ധ്യാപകനായ ബാബുവിന് നേർക്കും തെരുവ് നായ ആക്രമണമുണ്ടായി. വരാന്തയിൽ കൂടി പോകുന്ന വഴിയായിരുന്നു ആക്രമണമെന്നും പേടിപ്പെടുത്തുന്ന അവസ്ഥയാണെന്നും അദ്ധ്യാപകൻ ബാബു പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസിയായ മൂന്ന് വയസുകാരനെ കടിച്ച പട്ടിക്ക് കഴിഞ്ഞ ദിവസം പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു.

കൊല്ലം കരുനാഗപ്പള്ളിയിൽ കുട്ടികളെ തെരുവ് നായകൾ കടിക്കാനോടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അവിട്ടം ദിനത്തിൽ പാലുമായി മടങ്ങുമ്പോഴായിരുന്നു പന്ത്രണ്ടുകാരായ നന്ദ കിശോർ, അനന്തു എന്നിവരെ നായകൾ ഓടിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടു കൂടിയായിരുന്നു സംഭവം. കടയിൽ നിന്ന് പാൽ വേങ്ങാൻ വേണ്ടി പോയതായിരുന്നു കുട്ടികൾ. കൂട്ടം കൂടി നിന്ന തെരുവുനായകളിൽ ഒരെണ്ണം ഇവരെ ഓടിക്കുകയായിരുന്നുവെന്നാണ് വിവരം. ഓടി വീട്ടിൽ കയറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

കണ്ണൂരിലേയും സ്ഥിതി വ്യത്യസ്തമല്ല. കണ്ണൂരിലെ ചാലയിൽ ഇന്ന് പേ വിഷബാധയേറ്റ് ഒരു പശു ചത്തു. കഴിഞ്ഞ ദിവസം മുതൽ അസ്വസ്ഥതകൾ കാട്ടിത്തുടങ്ങിയ പശു ഇന്ന് രാവിലെയോടെ ചാകുകയായിരുന്നു. പശുവിന് എങ്ങനെ പേ വിഷബാധയുണ്ടായി എന്ന കാര്യം ഇപ്പോൾ സ്ഥിരീകരിച്ചിട്ടില്ല. പുല്ലിൽ നിന്നായിരിക്കാം പേ വിഷബാധയേറ്റത് എന്നാണ് പ്രാഥമിക നിഗമനം. വീട്ടിലുള്ളവർക്കും പശുവുമായി അടുത്തിടപഴകിയവർക്കും പ്രതിരോധ വാക്‌സിൻ എടുക്കും.

കണ്ണൂരിൽ തന്നെ തെരുവ് നായക്കൂട്ടം കുറുകെ ചാടി നിയന്ത്രണം വിട്ട് ഓട്ടോ റിക്ഷ മറിഞ്ഞിരുന്നു. ഡ്രൈവർ അടക്കം നാലുപേർക്ക് പരിക്കു പറ്റി. കണ്ണൂർ ഇരിട്ടിയിലായിരുന്നു സംഭവം. ഇവരെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം മുളക്കുളത്ത് നായകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുഴിച്ചിട്ട നായകളുടെ ജഡം പുറത്തെടുക്കും. ജഡം പോസ്റ്റ് മോർട്ടം ചെയ്യും. വെള്ളൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇത്. നായകൾ കൂട്ടത്തോടെ ചത്തതിൽ അസ്വാഭാവികതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജഡം പുറത്തെടുക്കുന്നത്.

അതേസമയം പേപിടിച്ചതും അക്രമകാരികളുമായ തെരുവുനായകളെ കൊല്ലാൻ അനുമതിക്ക് കേരളം സുപ്രീം കോടതിയോട് അഭ്യർത്ഥിക്കും. തെരുവുനായശല്യം തടയാൻ സംസ്ഥാനത്ത് പുതിയ കർമപദ്ധതി നടപ്പാക്കും. മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. മന്ത്രി ഇക്കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായും ആശയവിനിമയം നടത്തി.

28-ന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ നായകളുടെ വന്ധ്യംകരണത്തിന് കുടുംബശ്രീയെ അനുവദിക്കുന്നതിനും അനുമതി തേടുമെന്ന് എം.ബി. രാജേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. വന്ധ്യംകരണ പ്രക്രിയയിൽനിന്ന് കുടുംബശ്രീയെ തടഞ്ഞുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് നായകളുടെ ജനനനിയന്ത്രണ പ്രക്രിയക്ക് തിരിച്ചടിയായതെന്നും മന്ത്രി പറഞ്ഞു

അതേസമയം, തെരുവുനായ പ്രശ്‌നം തീർക്കാൻ ആറിന പദ്ധതിയുമായി വെറ്റിനറി സർവകലാശാല രംഗത്തെത്തി.  നായ്ക്കളെ പിടികൂടാൻ തൊഴിലാളികൾക്ക് പരിശീലനം. അതിഥി തൊഴിലാളികളെയും ഉൾപ്പെടുത്തും. പേവിഷ പ്രതിരോധ വാക്‌സീൻ നൽകാൻ വെറ്റിനറി ഡിപ്ലോമയുള്ളവർക്കും പാരാമെഡിക്കൽ സ്റ്റാഫിനും പരിശീലനം. മണ്ണുത്തി, പൂക്കോട് ക്യാംപസുകളിൽ നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്‌സിനേഷൻ സൗജന്യമായി നൽകും. തെരുവുനായ്ക്കളെ പാർപ്പിക്കാനുള്ള ഷെൽറ്റർ നിർമ്മാണത്തിന് സാങ്കേതികസഹായം. വന്ധ്യംകരണത്തിനും അനുബന്ധ ചികിത്സയ്ക്കും ഡോക്ടർമാർക്ക് പരിശീലനം. പൊതുജനങ്ങൾക്കായി ബോധവൽക്കരണ പരിപാടികൾ. വെറ്ററിനറി സർവകലാശാലയുടെ പ്രിവന്റീവ് മെഡിസിൻ, പൊതുജനാരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടി നടപ്പാക്കുക.