- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതം ഗൗരവതരം; ശക്തമായ ജനകീയ വിഷയമാക്കി മാറ്റണം'; ഒപ്പമുണ്ടാകുമെന്നും സിൽവർലൈൻ സമരസമിതി നേതാക്കളോട് രാഹുൽ ഗാന്ധി; നാടിന്റെ പ്രശ്‌നങ്ങളിൽ ഇടപെട്ട് ഭാരത് ജോഡോ യാത്ര മുന്നോട്ട്; മഴയത്തും അണിചേർന്ന് കുരുന്നുകളടക്കം ആയിരങ്ങൾ
തിരുവനന്തപുരം: സിൽവർ ലൈൻ സമരത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പിന്തുണ. സിൽവർലൈൻ വിരുദ്ധ സമരസമിതിയുടെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകാൻ രാഹുൽ ഗാന്ധി കോൺഗ്രസ് നേതൃത്വത്തോട് നിർദ്ദേശിച്ചതായും, ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകിയതായും സമര സമിതി ചെയർമാൻ എംപി.ബാബുരാജ് പ്രതികരിച്ചു. ആറ്റിങ്ങലിലായിരുന്നു രാഹുലും സമരസമിതി നേതാക്കളുമായുള്ള കൂടിക്കാഴ്ച. കെ റെയിൽ വേണ്ട എന്നാണ് രാഹുലിന്റെ നിലപാടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സമരസമിതി നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
സിൽവർലൈൻ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ രാഹുലിനെ അറിയിച്ചു. ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങളെ ഗൗരവത്തോടെ കാണുന്നതായും ഒപ്പം നിൽക്കുമെന്നും രാഹുൽ പറഞ്ഞു. ശക്തമായ ജനകീയ പ്രശ്‌നമായതിനാൽ പാർട്ടിയുടെ പിന്തുണ വേണമെന്നും അതുണ്ടാകുന്നുണ്ടോയെന്നും കോൺഗ്രസ് നേതാക്കളോട് രാഹുൽ ആരാഞ്ഞതായും നേതാക്കൾ വ്യക്തമാക്കി.
പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ കോൺഗ്രസ് നേതാക്കൾ രാഹുലിനോടു വിശദീകരിച്ചു. സിൽവർലൈൻ വിരുദ്ധ സമരത്തിനു എല്ലാ ഭാഗത്തുനിന്നും പിന്തുണ ഉണ്ടായിട്ടുണ്ടെന്നു വ്യക്തമാക്കിയ നേതാക്കൾ, സ്വീകരിച്ച നടപടികളും ചൂണ്ടിക്കാട്ടി. ശക്തമായ ജനകീയ വിഷയമാക്കി മാറ്റണമെന്നും ആവശ്യമായ പിന്തുണ നൽകണമെന്നും രാഹുൽ നിർദ്ദേശിച്ചു.
പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതം ഗൗരവതരമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. സമര സമിതി നേതാക്കളെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്. ശക്തമായ പ്രതിഷേധമുണ്ടാകണമെന്ന് സമരസമിതി നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ആറ്റിങ്ങലിൽ വച്ചാണ് കെ റെയിൽ വിരുദ്ധ സമര നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. നാടിന്റെ വിവിധങ്ങളായ പ്രശ്‌നങ്ങളിൽ ഇടപെട്ടും പരിഹാരങ്ങൾ നിർദ്ദേശിച്ചുമാണ് ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോഗമിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം കല്ലമ്പലത്താണ് ഇന്ന് സമാപിക്കുന്നത്. സമാപനയോഗത്തിൽ പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നുണ്ട്.
एक नन्हा यात्री भी भारत जोड़ने निकला है और @RahulGandhi जी के सुरक्षाकर्मी भी छाता उसी पर तानकर चल रहे हैं...ताकि उसे धूप या बारिश से बचाया जा सके।
- Congress (@INCIndia) September 13, 2022
भारत को ऐसा ही संवेदनशील नेता चाहिए...#BharatJodoYatra ???????? pic.twitter.com/QjlU6NEAwi
രാവിലെ ഏഴുമണിക്ക് തുടങ്ങിയതാണ് രാഹുൽ ഗാന്ധിയുടേയും സംഘത്തിന്റേയും ഭാരത് ജോഡോ പദയാത്ര. കണിയാപുരം ആലുംമൂട് മാർക്കറ്റിൽ നിന്ന് പദയാത്ര തുടങ്ങി കുറച്ച് സമയത്തിനുള്ളിൽ മഴ തുടങ്ങി. പക്ഷെ രാഹുലും പദയാത്രികരും മഴയെ അവഗണിച്ച് യാത്ര തുടർന്നു. ആവേശം നിറച്ച് രാഹുലെത്തിയതോടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നത്തെയും പോലെ ഊർജസ്വലനായി. ഓടിനടന്ന് കാര്യങ്ങൾ ഏകോപിപ്പിക്കുന്നു. പ്രവർത്തകർക്ക് നിർദ്ദേശം നൽകുന്നു. ഒപ്പം രാഹുൽ ഗാന്ധിക്ക് കാര്യങ്ങൾ വിശദീകരിച്ച് നൽകണം. ഇവർക്കൊപ്പം കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി, കെ. മുരളീധരൻ എംപി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എംപി, അടൂർ പ്രകാശ് എംപി തുടങ്ങിയവരാണ് രാവിലെ പങ്കെടുത്തത്.
തിങ്കളാഴ്ച വൈകിട്ട് കഴക്കൂട്ടത്ത് സമാപിച്ച യാത്രയ്ക്ക് ശേഷം ചൊവ്വാഴ്ച കണിയാപുരത്ത് നിന്നാണ് യാത്ര തുടങ്ങിയത്. യാത്ര തുടങ്ങി കുറച്ച് മുന്നോട്ട് പോകുന്നതിനിടെ രാഹുലിന് പൊന്നാടയണിയിക്കാൻ മക്കളുമായെത്തുന്നവർ, കാണാനെത്തുന്ന കുട്ടികൾ, പിന്നാലെ കുറച്ച് സമയം നടക്കുന്നതിനിടെ രണ്ട് കുട്ടികളെത്തി. ചാച്ചാജിയേപ്പോലെ വേഷം ധരിച്ചെത്തിയ കുട്ടികൾ രാഹുലിന് പൂച്ചെണ്ടുകൾ നൽകി. യാത്രയുടെ തിരക്കിനിടയിലും അവരോട് കുശലം പറയാൻ രാഹുൽ സമയം കണ്ടെത്തി. ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ ക്യാമറകൾ തിരക്ക് കൂട്ടി.
എല്ലാവരെയും മറികടന്ന് യാത്ര മുന്നോട്ട്. കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ പദയാത്ര ദിവസങ്ങൾ പിന്നിട്ടു. ഇത്രയും ദൂരം നടന്നതിന്റെ ക്ഷീണം രാഹുൽ ഗാന്ധിയുടെ മുഖത്തില്ല. വഴിനിറഞ്ഞ് അവരങ്ങനെ ഒഴുകുന്നു. ഇടയ്ക്കിടെ വഴിനീളെ മഴയുണ്ട്. പക്ഷെ മഴനനഞ്ഞ് പദയാത്ര മുന്നോട്ട് തന്നെ. അതിനിടയിൽ തന്നെ കാണാനും സംസാരിക്കാനെത്തുന്നവരെയും രാഹുൽ ഗാന്ധി നിരാശരാക്കിയില്ല. ഇതിനിടയിൽ നടത്തത്തിന് അൽപസമയം വിശ്രമം. 10 മിനിറ്റ് വിശ്രമത്തിന് ശേഷം യാത്ര പുനരാരംഭിച്ചു.
ഒമ്പത് മണിയോടെ പ്രഭാത ഭക്ഷണം. അതും മുമ്പത്തേതുപോലെ തന്നെ, വഴിയോരത്ത് കണ്ട ന്യൂമുബാറക് എന്ന ഹോട്ടലിൽ കയറിയാണ് രാഹുൽ ഗാന്ധിയും ഒപ്പമുള്ളവരും ഭക്ഷണം കഴിച്ചത്. യാത്ര 11 മണിയോടെ ആറ്റിങ്ങലെത്തി. ആദ്യ പകുതി ഇവിടെ പൂർത്തിയാക്കി. ആറ്റിങ്ങൽ മാമത്തുള്ള എസ്.എസ്. പൂജ കൺവെൻഷൻ സെന്ററിലാണ് ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഇവിടെ വെച്ച് കെ- റെയിൽ വിരുദ്ധ സമരക്കാരുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയാണ് ഇന്നത്തെ പ്രധാനപ്പെട്ട കൂടിക്കാഴ്ചകളിലൊന്ന്. കെ-റെയിൽ വിരുദ്ധ സമരത്തിന് പിന്തുണ അറിയിച്ച രാഹുൽ ഗാന്ധി വിഷയത്തിൽ സമരക്കാർക്ക് പിന്തുണ നൽകാൻ സംസ്ഥാന നേതൃത്വത്തിനോട് ആവശ്യപ്പെട്ടു.
അതിനിടെ, കാക്കി നിക്കർ കത്തുന്ന ചിത്രം കോൺഗ്രസ് പങ്കുവെച്ചതിൽ വിവാദം തുടരുകുയാണ്. രൂക്ഷമായ വിമർശനം നടത്തി ബിജെപി രംഗത്തെത്തിയതിന് പിന്നാലെ രാഹുൽ ഗാന്ധിയെ വിമർശിച്ച് ആർഎസ്എസും രംഗത്തെത്തി. വെറുപ്പെടെയാണ് നടത്തുന്നതെങ്കിൽ ഭാരത് ജോഡോ യാത്ര രാഷ്ട്രീയ നാടകമായി മാറുമെന്ന് സഹ സർകാര്യവാഹ് മന്മോഹൻ വൈദ്യ കുറ്റപ്പെടുത്തി.
കോൺഗ്രസിലെ പൂർവികർക്ക് പോലും ആർഎസ്എസിനെ തകർക്കാനായിട്ടില്ലെന്നും മന്മോഹൻ വൈദ്യ പറഞ്ഞു. രണ്ട് തവണ ആർഎസ്എസിനെ നിരോധിച്ചു. എന്നിട്ടും ആർഎസ്എസ് വളർന്നു. സത്യത്തിന്റെ വഴിയെ സഞ്ചരിക്കുന്നതിനാലാണ് അതെന്നും മന്മോഹൻ വൈദ്യ പറഞ്ഞു. ആർഎസ്എസ് യൂണിഫോം തന്നെ മാറിയത് കോൺഗ്രസ് അറിഞ്ഞില്ലെന്നും മന്മോഹൻ വൈദ്യ പരിഹസിച്ചു.റായ്പൂരിലെ ആർഎസ്എസ് യോഗത്തിന് ശേഷം നടന്ന വാർത്തസമ്മേളനത്തിലായിരുന്നു സഹ സർകാര്യവാഹിന്റെ പ്രതികരണം.
അതേസമയം, ഭാരത് ജോഡോ യാത്രയെ ചൊല്ലി സിപിഎം കോൺഗ്രസ് വാക്‌പോരിൽ ജയ്‌റാം രമേശിനെ ജോൺ ബ്രിട്ടാസ് എം പി കുറ്റപ്പെടുത്തി. ആർഎസ്എസിനെതിരെ പോരാടാൻ ജീവിതം ഉഴിഞ്ഞുവെച്ചയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് ബ്രിട്ടാസ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ജയ്‌റാം രമേശിന്റെ ആരോപണങ്ങൾ വില കുറഞ്ഞതാണെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ