- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറ്റവരെ നഷ്ടമായ വേദന അറിയാവുന്ന രാഹുൽ ആ കുഞ്ഞിന്റെ നിറുകയിൽ തടവി; ദുരിതങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്ന് വിശ്വനാഥന്റെ കുടുംബത്തിന് ഉറപ്പു നൽകി മടക്കം; വയനാട്ടുകാർക്ക് ഞാൻ രാഷ്ട്രീയനേതാവല്ല, കുടുംബാംഗത്തെ പോലെയെന്നും നേതാവ്; രാഹുൽ മടങ്ങിയത് കുടുംബങ്ങളുടെ കണ്ണീരൊപ്പിയ ശേഷം
കൽപറ്റ: പ്രിയപ്പെട്ടവരുടെ വേർപാടുകൾ ഇത്രയും അറിയുന്ന മറ്റൊരു നേതാവ് ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകുമോ എന്നത് സംശയമാണ്. വെറുപ്പു വിതറുന്ന കാലത്ത് സ്‌നേഹിക്കാൻവേണ്ടി യാത്ര നടത്തിയ രാഹുൽ ഗാന്ധി വയനാട്ടിൽ എത്തി മടങ്ങിയതു നിരവധി കുടുംബങ്ങളുടെ കണ്ണീരൊപ്പിയ ശേഷമാണ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആൾക്കൂട്ട മർദനത്തിനിരയായതിനെ തുടർന്നു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബത്തെയാണ് രാഹുൽ ഇന്നലെ ആദ്യം സന്ദർശിച്ചത്. ഈ സന്ദർശനം നേരത്തെ പ്ലാൻ ചെയ്തിരുന്നില്ലെങ്കിലും അവസാന നിമിഷം അവിടെയും സന്ദർശിക്കാൻ രാഹുൽ തയ്യാറാകുകയാിയരുന്നു. വിശ്വനാഥന്റെ ശിശുവിനെ കണ്ട് നിറുകയിൽ തലോടി കുടുംബത്തെയും ആശ്വസിപ്പിചചാണ ് രാഹുൽ മടങ്ങിയത്.
ഒരു മാസം മുൻപു കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശേരി പള്ളിപ്പുറത്ത് തോമസിന്റെ വീടും രാഹുൽ സന്ദർശിച്ചു. അവരുടെ കുടുംബാംഗങ്ങൾക്കു മുൻപിലാണ് ആശ്വാസസ്പർശവുമായി രാഹുൽ എത്തിയത്. ഇരുകുടുംബങ്ങളുടെയും ദുരിതങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നു രാഹുൽ ഉറപ്പു നൽകി.
ഭാരത് ജോഡോ യാത്രയ്ക്കു ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധി, രാവിലെ പത്തു മണിയോടെയാണു കൽപറ്റ അഡ്ലേഡ് പാറവയൽ കോളനിയിലെ വിശ്വനാഥന്റെ വീട്ടിലെത്തിയത്. വിശ്വനാഥന്റെ ഭാര്യ ബിന്ദുവിനെയും 5 ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെയും രാഹുൽ കണ്ടു. വിശ്വനാഥന്റെ മാതാവ് പാറ്റ, സഹോദരങ്ങളായ രാഘവൻ, വിനോദ് എന്നിവരുമായും സംസാരിച്ചു.
പ്രസവച്ചെലവിനായി സ്വരുക്കൂട്ടിയ പണം കണ്ടാണ് മോഷണമുതലെന്നു കരുതി ആളുകൾ വിശ്വനാഥനെ മർദിച്ചതെന്ന് പറഞ്ഞ് രാഹുലിന്റെ മുൻപിൽ ബിന്ദു പൊട്ടിക്കരഞ്ഞു. നീതി കിട്ടുംവരെ ഒപ്പമുണ്ടാകുമെന്നു രാഹുൽ വാഗ്ദാനം നൽകി. കെ.സി.വേണുഗോപാൽ എംപിയെയും ടി.സിദ്ദീഖ് എംഎൽഎയെയും തുടർ ഇടപെടലുകൾക്കായി ചുമതലപ്പെടുത്തുകയും ചെയ്തു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന്റെ വീട്ടിൽ ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു രാഹുലിന്റെ സന്ദർശനം. ജില്ലയിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതും തോമസിന്റെ മരണത്തിനു കാരണമായതായി ബന്ധുക്കൾ രാഹുലിനോടു പരാതിപ്പെട്ടു.
അതിന് ശേശം, മീനങ്ങാടിയൽ യുഡിഎഫ് വച്ചു നല്കിയ വീടുകളുടെ താക്കോൽദാന ചടങ്ങും രാഹുൽ നിർവഹിച്ചു. വയനാട്ടുകാർ തന്നെ ഒരു രാഷ്ട്രീയനേതാവായല്ല ഒരു കുടുംബാംഗമെന്നനിലയിലാണ് കാണുന്നതെന്ന് രാഹുൽഗാന്ധി ഇവിടെ പ്രസംഗിക്കവേ പറഞ്ഞു. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനെക്കാൾ വില നൽകുന്നത് ആ പരിഗണനയ്ക്കാണ്. ഭാരത് ജോഡോ യാത്രകഴിഞ്ഞ് വയനാട്ടിലേക്കു വരുമ്പോൾ വീട്ടിലേക്ക് പോരുന്നതുപോലെയാണ് അനുഭവപ്പെട്ടത്.
അമ്മ സോണിയാഗാന്ധിയെക്കൂടി ഇവിടേക്ക് കൊണ്ടുവരുമെന്നും രാഹുൽഗാന്ധി പറഞ്ഞു. 25 വീടുകൾ ജില്ലയിൽ കോൺഗ്രസ് നിർമ്മിച്ചുനൽകി. വീടുനിർമ്മാണത്തിൽ തനിക്കും പങ്കാളിയാവാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മീനങ്ങാടിയിലെ സ്റ്റേഡിയത്തിൽ ഒരുക്കിയ ചടങ്ങിന് ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്നായി നൂറുകണക്കിനുപേരാണ് എത്തിയത്. ഒരുദിവസത്തെ തിരക്കിട്ട സന്ദർശനപരിപാടിയാണെങ്കിലും ജില്ലയിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പുത്തനുണർവുണ്ടാക്കി.
വൈകീട്ട് നടന്ന പൊതു പരിപാടിയിൽ രാഹുൽ കേന്ദ്രസർക്കാറിനെയും മോദിയെയും രൂക്ഷമായി വിമർശിച്ചു. മോദി വിചാരിക്കുന്നത് താൻ ഏറ്റവും ശക്തനായ നേതാവാണെന്നും എല്ലാവരും അദ്ദേഹത്തെ ഭയപ്പെടും എന്നുമാണ്. എന്നാൽ, താൻ ഏറ്റവും അവസാനം ഭയപ്പെടുന്ന പേര് മോദിയാണെന്ന് രാഹുൽ ഗാന്ധി എംപി. ഭാരത് ജോഡോ യാത്രക്കുശേഷം വയനാട് മണ്ഡലത്തിൽ പൊതുപരിപാടിക്കെത്തിയ രാഹുൽ ഗാന്ധിക്ക് മീനങ്ങാടി ശ്രീകണ്ഠ ഗൗഡർ സ്റ്റേഡിയത്തിൽ പാർട്ടി നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദാനിയും പ്രധാനമന്ത്രിയും തമ്മിലെ ബന്ധത്തെക്കുറിച്ച് ഞാൻ പാർലമെന്റിൽ സംസാരിച്ചതിൽ പലതും രേഖകളിൽ നിന്ന് നീക്കം ചെയ്തു. ചില സത്യങ്ങൾ ചൂണ്ടിക്കാട്ടിയതല്ലാതെ താൻ ഒരു മോശം വാക്കും ഉപയോഗിച്ചിട്ടില്ല. പ്രധാനമന്ത്രിയെ സ്ഥിരമായി അനുഗമിക്കുന്ന അദാനിക്ക് മറ്റ് രാഷ്രടങ്ങളിലെ വ്യാപാര കരാറുകൾ സ്ഥിരമായി ലഭിക്കുന്നു. രാജ്യത്തെ വ്യോമഗതാഗത മേഖല 30 ശതമാനം അദാനിയുടെ കൈവശമാകുന്നതിന് പല നിയമങ്ങളും ഭേദഗതി ചെയ്തു. ഗൗതം അദാനി-അംബാനിമാരെ വിമർശിക്കുന്നത് മോദിയെ കുറ്റം പറയുന്നത് പോലെയാണ് ചിത്രീകരിക്കപ്പെടുന്നത്.
വർഷങ്ങൾക്ക് മുമ്പ് ലോകത്തെ സമ്പന്നരിൽ 609ാം സ്ഥാനത്തുണ്ടായിരുന്നയാൾ മോദി ഭരണകാലത്ത് രണ്ടാമനായി മാറി. എല്ലാ വ്യവസായ മേഖലകളും അദാനി കൈയടക്കിയിരിക്കുകയാണ്. ഷെൽ കമ്പനികളിലേക്ക് വരുന്ന പണം ആരുടേതാണെന്ന ചോദ്യങ്ങൾക്കൊന്നും പ്രധാനമന്ത്രിക്ക് മറുപടിയില്ല. പകരം അദ്ദേഹം ആകെ ചോദിച്ചത് നിങ്ങൾ എന്താണ് രാഹുൽ നെഹ്‌റു എന്ന് പറയാത്തത് എന്നാണ്. ഇന്ത്യയിൽ പൊതുവേ പിതാവിന്റെ സർനെയിമാണ് ആളുകൾ പേരിന്റെ കൂടെ ഉപയോഗിക്കുന്നത് എന്ന് അദ്ദേഹത്തിന് അറിയുമോ എന്ന് തനിക്ക് അറിയില്ല എന്നും രാഹുൽ പരിഹസിച്ചു. അദ്ദേഹം തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചത് പാർലമെന്റ് രേഖകളിൽനിന്ന് നീക്കിയില്ല. അദ്ദേഹം സംസാരിക്കുമ്പോഴുള്ള ഭാഷ ശ്രദ്ധിച്ചാൽ ആരാണ് സത്യം പറയുന്നതെന്ന് മനസിലാവും.
സത്യം അദ്ദേഹത്തിന് ഒപ്പമില്ല. ഒരുദിവസം ആ സത്യത്തെ അദ്ദേഹം അഭിമുഖീകരിക്കേണ്ടി വരും. ഭാരത് ജോഡോ യാത്രയിലുടനീളം ഞാൻ കർഷകരുമായി സംസാരിച്ചിരുന്നു. ഒരു കർഷകനും സന്തോഷവാനായിരുന്നില്ല. വിള ഇൻഷൂറൻസ് സ്‌കീം, വിത്തുകളുടെ ലഭ്യത, കാർഷിക നിയമങ്ങൾ എന്നിവയെ കുറിച്ച് അവർ എന്നോട് പരാതിപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കർഷകരെയും കർഷകത്തൊഴിലാളികളേയും സഹായിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. അമ്മ സോണിയയേയും കൂട്ടി പിന്നീട് വയനാട്ടിൽ എത്തുമെന്ന് സദസ്സിന് വാഗ്ദാനം നൽകിയാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ