ന്യൂഡൽഹി: ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് റഫാൽ കേസിൽ സുപ്രീം കോടതി നൽകിയ മുന്നറിയിപ്പ് രാഹുൽ ഗാന്ധി അവഗണിച്ചുവെന്നും അപകീർത്തിക്കേസിൽ കുറഞ്ഞ ശിക്ഷ നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സൂറത്തിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി. മോദി സമുദായത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ടുവർഷം തടവ് ശിക്ഷ വിധിച്ചുകൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണം.

വീണ്ടുവിചാരമില്ലാത്ത പ്രസ്താവനകൾ നടത്തരുതെന്ന് 2019-ൽ റഫാൽ കേസിൽ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. സുപ്രീം കോടതി മുന്നറിയിപ്പ് രാഹുൽ ഗാന്ധി മാനിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിയുടെ ഭാഗങ്ങളും ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് തന്റെ വിധിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകളാണ് ചുമത്തിയിരുന്നത്.

എംപി. സ്ഥാനത്തിന് കൂടുതൽ സത്യസന്ധത ആവശ്യമാണ്. അതിനാൽ രാഹുൽ ഗാന്ധിക്ക് നാമ മാത്രമായ ശിക്ഷ മതിയാകില്ലെന്നും സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധിയിൽ പരാമർശിച്ചിട്ടുണ്ട്. കുറഞ്ഞ ശിക്ഷ മാനനഷ്ടത്തിന് പരിഹാരമല്ലെന്നും 168 പേജ് ദൈർഘ്യമുള്ള വിധിയിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്.എച്ച്. വർമ്മ അഭിപ്രായപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കർണാടകത്തിലെ കോലാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് മോദി സമുദായത്തെക്കുറിച്ച് രാഹുൽ പരാമർശിച്ചത്. ''എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാർക്കെല്ലാം മോദി എന്നു പേരു വരുന്നത്?'' - 2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ച് നടത്തിയ പരാമർശമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വിനയായത്.

ഇത് മോദി സമുദായത്തിൽപ്പെട്ടവർക്ക് അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി. നേതാവും സൂറത്തിൽ നിന്നുള്ള എംഎ‍ൽഎയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. കേസിൽ വിശദമായി വാദം കേട്ടതിന് പിന്നാലെയാണ് കോടതി വിധി പ്രസ്താവിച്ചത്. കോടതി ആവശ്യപ്പെട്ട പ്രകാരമാണ് വിധി കേൾക്കാൻ രാഹുൽ കോടതിയിൽ ഹാജരായത്. മൂന്നു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചതോടെ, രാഹുലിന്റെ ലോക്‌സഭാ അംഗത്വം തുലാസിലായിരിക്കുകയാണ്.

കോടതി രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ചതിനാൽ രാഹുൽ ഗാന്ധി പാർലമെന്റിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. വിധിക്കെതിരെ അപ്പീൽ നൽകാൻ കോടതി 30 ദിവസത്തെ സാവകാശം നൽകുകയും ജാമ്യം ലഭിക്കുകയും ചെയ്തുവെങ്കിലും, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാർലമെന്റ് അംഗമെന്ന നിലയിൽ ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹം അയോഗ്യനാക്കപ്പെടാനുള്ള സാധ്യതയുണ്ട്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(3) പ്രകാരം, ഒരു പാർലമെന്റ് അംഗം ഏതെങ്കിലും കുറ്റത്തിന് കുറഞ്ഞത് രണ്ട് വർഷമെങ്കിലും ശിക്ഷിക്കപ്പെട്ടാൽ, അയാൾ അയോഗ്യരാക്കപ്പെടുമെന്ന് പറയുന്നു.

സൂറത്ത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയാൽ വയനാട് ലോക്‌സഭാ സീറ്റിൽ നിന്നുള്ള എംപി സ്ഥാനം അദ്ദേഹത്തിന് നഷ്ടപ്പെടും. തുടർന്ന് വയനാട് ലോക്‌സഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം. സൂറത്ത് കോടതിയുടെ വിധി ഏതെങ്കിലും മേൽക്കോടതി റദ്ദാക്കിയാൽ ഈ സാഹചര്യം ഉണ്ടാകില്ല.

റദ്ദാക്കിയില്ലെങ്കിൽ അടുത്ത എട്ട് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും രാഹുൽ ഗാന്ധിക്ക് കഴിയില്ല. അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോൽക്കോടതിയുടെ തീരുമാനം നിർണായകമാണ്. സൂറത്ത് കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ശിക്ഷ റദ്ദാക്കാനും ഉത്തരവ് മരവിപ്പിക്കുന്നതിനുമുള്ള അപ്പീൽ അംഗീകരിച്ചില്ലെങ്കിൽ, സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ താഴെയിറക്കി അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസ് നടത്തിയ രാജ്യവ്യാപക പ്രചാരണത്തിനിടെയാണ് രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശമുണ്ടായത്. 2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ പ്രസംഗിച്ചു. സാമ്പത്തിക തട്ടിപ്പുകേസിൽ രാജ്യം വിട്ട നീരവ് മോദി, നികുതി വെട്ടിപ്പ് കേസിൽ പ്രതിയായ ലളിത് മോദി എന്നിവർക്കൊപ്പം നരേന്ദ്ര മോദിയുടെ പേരും പരാമർശിച്ചു. 'മോദി' എന്ന കുലനാമം പേരിനൊപ്പമുള്ളവരെല്ലാം കള്ളന്മാരാണെന്ന് രാഹുൽ പരിഹസിച്ചു.

പിന്നാലെ, രാഹുലിന്റെ പരാമർശം മോദി സമൂഹത്തെ മുഴുവൻ അപമാനിക്കുന്നതാണെന്നു കാണിച്ചു സൂറത്ത് വെസ്റ്റിൽ നിന്നുള്ള ബിജെപി എംഎൽഎ പൂർണേഷ് മോദി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണെന്നും തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണ് പ്രസ്താവനയെന്നും പൂർണേഷ് മോദി അവകാശപ്പെട്ടു.

രാഹുലിനെ ഉൾപ്പെടെ വിളിച്ചുവരുത്തിയാണ് കോടതി കേസിൽ വാദം കേട്ടത്. രാഹുൽ മൂന്നു തവണ കോടതിയിൽ നേരിട്ട് ഹാജരായി. തന്റെ ഭാഗത്ത് തെറ്റില്ലെന്ന് പറഞ്ഞ് പ്രസംഗത്തെ ന്യായീകരിച്ച രാഹുൽ, സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പൂർണേഷ് മോദിയെ ലക്ഷ്യവച്ചല്ല പ്രസംഗിച്ചതെന്നും പ്രധാനമന്ത്രിയെ ഉദ്ദേശിച്ചായിരുന്നു പരാമർശമെന്നും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് രാഹുലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേസിന്റെ വിചാരണ നടപടികൾ ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നീക്കിയതിനെ തുടർന്ന് 2023 ഫെബ്രുവരിയിലാണ് വിചാരണ പുനഃരാരംഭിച്ചത്. അന്തിമ വാദത്തിനു ശേഷം ഐപിസി സെക്ഷൻ 504 പ്രകാരം രാഹുൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

തുടർന്ന് സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് എച്ച്.എച്ച്.വർമ രണ്ടുവർഷം തടവുശിക്ഷ വിധിച്ചു. രാഹുലിന്റെ സാന്നിധ്യത്തിലായിരുന്നു വിധി പ്രസ്താവിച്ചത്. 10,000 രൂപ കെട്ടിവച്ച് ഉടൻ തന്നെ രാഹുൽ ജാമ്യം നേടിയിരുന്നു. കേസിൽ കോടതി വിധി പ്രസ്താവിക്കുന്ന പശ്ചാത്തലത്തിൽ രാഹുലിനെ അനുകൂലിച്ച് സൂറത്തിൽ കോൺഗ്രസ് പ്രവർത്തകർ പോസ്റ്ററുകൾ പതിച്ചിരുന്നു. 'ജനാധിപത്യത്തെ സംരക്ഷിക്കാൻ നമുക്ക് സൂറത്തിലേക്ക് പോകാം' എന്നെഴുതിയ പോസ്റ്ററുകൾ രാഹുൽ കോടതിയിലെത്തുന്നതിന് തൊട്ടുമുൻപ് കോടതിക്ക് പുറത്തും പ്രത്യക്ഷപ്പെട്ടിരുന്നു.

ലണ്ടൻ സന്ദർശനത്തിനിടെ ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്ന് പ്രസംഗിച്ചതിനെ ചൊല്ലിയുള്ള വിവാദം കത്തിനിൽക്കുന്നതിനിടെയാണ് സൂറത്ത് കോടതിയുടെ വിധി വരുന്നത്. ലണ്ടൻ പ്രസംഗത്തിൽ രാഹുൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി അദ്ദേഹത്തെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. വിഷയത്തിൽ ചട്ടം 357 പ്രകാരം വ്യക്തിഗത വിശദീകരണത്തിന് അവകാശമുണ്ടെന്ന് കാണിച്ച് രാഹുൽ ഗാന്ധി സ്പീക്കർക്ക് കത്തുനൽകിയിരുന്നു.

ഇതിൽ സ്പീക്കർ തീരുമാനമെടുക്കാനിരിക്കെയാണ് സൂറത്ത് കോടതിയുടെ വിധി. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ 'കാവൽക്കാരൻ കള്ളൻ (ചൗക്കീദാർ ചോർ ഹേ)' എന്നു പരാമർശിച്ചതും നേരത്തേ വിവാദമായിരുന്നു. തുടർന്ന് രാഹുൽ മാപ്പ് പറഞ്ഞിരുന്നു.

കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയാണ് മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷ. രാഹുലിനെ അയോഗ്യനാക്കണമെന്ന ആവശ്യം പാർലമെന്റ് അവകാശ സമിതിക്ക് മുൻപാകെ ഭരണപക്ഷം ശക്തമായി ഉന്നയിക്കുന്നതിനിടെയാണ് അയോഗ്യതയിലേക്ക് നയിച്ചേക്കാവുന്ന വിധി സൂറത്ത് കോടതി പുറപ്പെടുവിച്ചത്. വിദേശത്ത് നടത്തിയ പ്രസംഗത്തിന് ശേഷം എങ്ങനെയും രാഹുലിനെ പ്രതിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്ക് ആക്കം പകരുന്നതാകും കോടതിയുടെ നടപടി.

അപ്രതീക്ഷിത വിധിയെന്നായിരുന്നു രാഹുലിനെതിരായ കോടതി നടപടിയോട് കോൺഗ്രസിന്റെ പ്രതികരണം. കുറ്റക്കാരനാണെന്ന വിധി മേൽക്കോടതി മരവിപ്പിക്കും വരെ രാഹുലിന്റെ എംപി സ്ഥാനം തുലാസിലാണ്. ശിക്ഷാവിധിക്ക് പിന്നാലെ നേതാക്കൾ യോഗം ചേർന്ന് തുടർ നടപടികളെ കുറിച്ച് ആലോചിച്ചു. ഭയപ്പെടില്ലെന്നും ജഡ്ജിമാരെ മാറ്റി രാഷ്ട്രീയമായ അനുകൂല വിധി ബിജെപി സമ്പാദിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ആരോപിച്ചു.

അതേ സമയം അദാനി വിവാദത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ചത് മുതൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന ആവശ്യം ഭരണപക്ഷം ശക്തമാക്കിയിരുന്നു. തെളിവില്ലാതെ സംസാരിച്ചുവെന്ന വാദമുയർത്തി രാഹുലിന്റെ വിശ്വാസ്തയെ ചോദ്യം ചെയ്തു. രാജ്യത്ത് ജനാധിപത്യം തകർന്നെന്ന ലണ്ടനിലെ വിമർശനം പ്രത്യേക സമിതി പരിശോധിച്ച് നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്. ഭാരത് ജോഡോ യാത്രയിലെ പ്രസംഗം ആയുധമാക്കി പീഡനക്കേസിൽ തെളിവ് തേടി ഡൽഹി പൊലീസ് രാഹുലിന് പിന്നാലെ കൂടിയിരിക്കുന്നതും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഒരു വിഭാഗത്തെ രാഹുൽ അപമാനിച്ചെന്നും പ്രസ്താവന മാനനഷ്മമുണ്ടാക്കുന്നത് തന്നെയാണെന്നും ബിജെപി വാദിക്കുകയാണ്